ADVERTISEMENT

ശാന്തൻപാറയിലെ പൊതുമരാമത്ത് വിശ്രമകേന്ദ്രം നവീകരിക്കാൻ ചെലവിട്ടത് ലക്ഷങ്ങൾ; ഇപ്പോഴും ഉപയോഗശൂന്യം

രാജകുമാരി∙ ശാന്തൻപാറയിൽ വർഷങ്ങളായി കാടു കയറിക്കിടന്ന പൊതുമരാമത്ത് വിശ്രമകേന്ദ്രം ലക്ഷങ്ങൾ ചെലവഴിച്ച് പലതവണ നവീകരിച്ചെങ്കിലും ആർക്കും പ്രയോജനമില്ലാതെ നശിക്കുന്നു. ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 8 വിശ്രമ കേന്ദ്രങ്ങളിൽ ഏറ്റവും പഴക്കമുള്ളതാണ് ശാന്തൻപാറയിലെ റെസ്റ്റ് ഹൗസ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന സ്ഥലം എംഎൽഎ എം.എം.മണി ഇവിടെ സന്ദർശനം നടത്തിയതിനു ശേഷം അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് ഉപയോഗശൂന്യമായി കിടന്ന വിശ്രമ കേന്ദ്രം നവീകരിക്കാൻ പൊതുമരാമത്ത് വിഭാഗം നടപടി സ്വീകരിച്ചത്. വിശ്രമ കേന്ദ്രത്തിലേക്കാവശ്യമായ ഫർണിച്ചറുകൾ എത്തിക്കുകയും നടത്തിപ്പിനായി രണ്ടു ജീവനക്കാരെ നിയമിക്കുകയും ചെയ്തു. മുറ്റത്ത് തറയോടുകൾ പതിപ്പിച്ചെങ്കിലും ഇതിൽ പുല്ല് വളർന്ന അവസ്ഥയിലാണ്.

വിശ്രമ കേന്ദ്രത്തിലെ ശുചിമുറി ഉപയോഗിക്കാൻ പറ്റാത്ത വിധം നശിച്ചു. മഴ പെയ്താൽ ചോർന്നൊലിക്കുന്ന മേൽക്കൂര മാറ്റി സ്ഥാപിക്കാതെ ഇനി അതിഥികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഉന്നത ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും മാത്രമായുള്ള ഇൗ വിശ്രമ കേന്ദ്രം നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്ന് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അധികൃതരുടെ കറവപ്പശു

തിരു-കൊച്ചി സർക്കാരിന്റെ കാലത്താണ് ശാന്തമ്പാറയിൽ സർക്കാർ വിശ്രമ കേന്ദ്രം നിർമിക്കുന്നത്. തമിഴ്നാട്ടിലേക്കുള്ള പ്രധാന റോഡ് നിർമിക്കുന്ന സമയത്ത് ഇവിടെയെത്തുന്ന ഉന്നത ഉദ്യോഗസ്ഥർക്കു താമസിക്കാനുള്ള ഏക കെട്ടിടമായിരുന്നു ഇത്. പിന്നീട് കെട്ടിടം പല തവണ നവീകരിച്ചെങ്കിലും പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച കരിങ്കൽ ഭിത്തിയുടെ ഉറപ്പാണ് ഇൗ വിശ്രമ കേന്ദ്രത്തിന്റെ പ്രത്യേകത.

അന്ന് ലഭ്യമായതിൽ വച്ചേറ്റവും മികച്ച തടിയും ഉപയോഗിച്ചാണ് മച്ചും വാതിലും ജനാലകളും നിർമിച്ചത്. ഇഎംഎസും എകെജിയും വയലാർ രവിയും അടക്കമുള്ള നേതാക്കന്മാരും ഉന്നത ഉദ്യോഗസ്ഥരും താമസിച്ചിട്ടുള്ള ഇൗ വിശ്രമ കേന്ദ്രം പിന്നീട് 3 പതിറ്റാണ്ടോളം അടഞ്ഞുകിടന്നു. മേൽക്കൂര ചോർന്നൊലിച്ചും ഭിത്തികൾ വിണ്ടു കീറിയും അടിത്തറ തകർന്നും കെട്ടിടം നിലം പതിക്കാറായി.

കട്ടിളകളും ജനാലകളും കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തീർന്നു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യത്തെ തുടർന്നാണ് രണ്ടര വർഷം മുൻപ് വിശ്രമ കേന്ദ്രം വീണ്ടും നവീകരിച്ചത്. പല തവണയായി നടത്തിയ നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ ലക്ഷങ്ങളാണ് അധികൃതർ കട്ടു മുടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com