ADVERTISEMENT

മറയൂർ∙ ഹോർട്ടികോർപ് കാന്തല്ലൂരിൽ പച്ചക്കറി സംഭരിച്ചില്ല; പച്ചക്കറികൾ പാടത്ത് ചീഞ്ഞ് നശിച്ചു. ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂർ പ്രദേശത്ത് കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് ഉൾപ്പെടെ ഒട്ടേറെ വിളകളാണ് കൃഷി ചെയ്തുവരുന്നത്. ഏറ്റവും കൂടുതൽ കൃഷി ഇറക്കുന്നതും ഓണത്തിന് വിറ്റഴിക്കാവുന്ന തരത്തിലാണ്. ഇത്തവണയും പ്രദേശത്ത് അഞ്ഞൂറിറെ കർഷകർ കൃഷി ഇറക്കിയിരുന്നു.

കനത്ത മഴയും കാലാവസ്ഥാ വ്യതിയാനവുംമൂലം കൃഷിവിളകൾ ഭാഗികമായി നശിച്ചിരുന്നു. തുടർന്നും വിളകൾ വിളയിച്ചെടുത്ത് ഓണത്തിന് വിറ്റിഴിക്കാനുള്ള തയാറെടുപ്പിലുമായിരുന്നു കർഷകർ. എന്നാൽ മുൻപത്തെ വർഷം പോലെ ഹോർട്ടികോർപ് കാന്തല്ലൂരിലെ യോഗം ചേരുകയോ പച്ചക്കറി സംഭരിക്കുമെന്ന് അറിയിക്കുകയോ ചെയ്തില്ല. ഓണത്തിന് ഒരാഴ്ചയ്ക്ക് മുൻപ് വട്ടവടയിൽ യോഗം ചേർന്ന് അവിടെനിന്നു പച്ചക്കറി സംഭരിച്ചു. ഇതിനിടെ ഒരു ലോറി കാന്തല്ലൂരിൽ എത്തിച്ചു. 86 ചാക്ക് കാബേജ് മാത്രമാണ് ഇതിൽ സംഭരിച്ചത്.

ഇതിനിടയിൽ വിഎഫ്പിസികെ മുഖേന കുറച്ച് പച്ചക്കറി ജില്ലയിലെ വിവിധ ഓണച്ചന്ത വഴി വിറ്റഴിച്ചതാണ് കർഷകർക്ക് അൽപം ആശ്വാസമായത്. ഹോർട്ടികോർപ് ഒറ്റത്തവണ മാത്രം കർഷകരിൽനിന്ന് പച്ചക്കറി സംഭരിച്ച് പിന്നീട് തിരിഞ്ഞു നോക്കാത്തതിനാലാണ് കൃഷിവിളകൾ നശിച്ചതെന്നാണ് കർഷകർ പറയുന്നത്. വട്ടവടയിലും കാന്തല്ലൂരിലുമായുണ്ടായിരുന്ന കാബേജിൽ 70 ടൺ സംഭരിച്ചു.

പരമാവധി വിറ്റഴിച്ചെങ്കിലും 25 ടൺ കാബേജ് ബാക്കിയായി. പാലക്കാട്ടെ ഗോഡൗണിൽ ഒരാഴ്ച സൂക്ഷിച്ചെങ്കിലും പിന്നീടും ടൺ കണക്കിന് കാബേജ് നശിച്ചു. മുൻപ് സംഭരിച്ച പച്ചക്കറി ഇനത്തിൽ 20 ലക്ഷം രൂപയോളം കുടിശിക വരുത്തിയ ഹോർട്ടികോർപ് ഇതെങ്കിലും കർഷകർക്ക് നൽകണമെന്നാണ് ആവശ്യം. കാബേജ് നശിച്ചതുകൊണ്ടാണ് സംഭരിക്കാതിരുന്നതെന്നും മറ്റു വിളകൾ കുറവായിരുന്നെന്നും ഹോർട്ടികോർപ് ജില്ലാ മാനേജർ വി.ആർ.ഭമില പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com