ADVERTISEMENT

കട്ടപ്പന ∙ തമിഴ്‌നാട്ടിൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി കാൽനൂറ്റാണ്ടിനുശേഷം വണ്ടൻമേട് മാലിയിൽ നിന്നു പിടിയിൽ. തമിഴ്‌നാട് ഉസലംപെട്ടി എരുമപ്പെട്ടി വെള്ളച്ചാമിയെ(73) ആണ് കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

1984ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മാതൃസഹോദര പുത്രിയെ സ്‌നേഹിച്ച് വിവാഹം ചെയ്തതിന്റെയും സ്വത്ത് തർക്കത്തിന്റെയും പേരിൽ, ബന്ധുക്കളായ 2 യുവാക്കളെ വരശനാട് കടമലക്കുണ്ടിൽ വച്ച് വെള്ളച്ചാമിയുടെ നേതൃത്വത്തിലുള്ളവർ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. 13 പേർ ഉൾപ്പെട്ട കേസിലെ മുഖ്യപ്രതിയായ വെള്ളച്ചാമിയെ 1992ൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മധുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 1997ൽ ഇയാൾ പരോളിൽ പുറത്തിറങ്ങി മുങ്ങി.

തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ ഒളിവിൽക്കഴിഞ്ഞ പ്രതിയെ കണ്ടെത്താൻ പൊലീസിനു സാധിച്ചില്ല. ഇയാളുടെ ഫോട്ടോ ഇല്ലാത്തതും ബന്ധുക്കളുമായി ബന്ധപ്പെടാതിരുന്നതും പൊലീസിനെ വലച്ചു. അതിർത്തി മേഖലയായതിനാൽ കട്ടപ്പന ഡിവൈഎസ്പിക്കും തമിഴ്‌നാട് പൊലീസ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയിരുന്നു.കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ ഇയാൾ വണ്ടൻമേട് മേഖലയിൽ ഉണ്ടെന്നു സൂചന ലഭിച്ചു. മാലി ഇഞ്ചപ്പടപ്പിലെ ഏലക്കാട്ടിൽ ഒന്നര വർഷമായി  തൊഴിലാളിയായി ഒളിവിൽ കഴിയുകയായിരുന്നു. 

മൊബൈൽ റേഞ്ച് പോലും ഇല്ലാത്ത മേഖലയിലായിരുന്നു താമസം. മേഖലയിൽ നടത്തിയ അന്വേഷണത്തിൽ വേലുച്ചാമി എന്ന പേരിൽ ഒരാൾ ഉണ്ടെന്നാണ് പൊലീസിനു വിവരം ലഭിച്ചത്. വെള്ളിയാഴ്ച ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് പേരുമാറ്റി ഒളിവിൽ കഴിയുകയായിരുന്നെന്ന് വ്യക്തമായത്. എസ്‌ഐ സജിമോൻ ജോസഫ്, എസ് സിപിഒ ടോണി ജോൺ, സിപിഒ വി.കെ.അനീഷ് എന്നിവർ ചേർന്ന് പിടികൂടിയ പ്രതിയെ തമിഴ്‌നാട് പൊലീസിനു കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com