ADVERTISEMENT

അല്ലയോ മഹാത്മാവേ നിൻ ഹൃദയരക്തം കൊണ്ടെന്നെ ഭാരതമെന്ന് എഴുതാൻ പഠിപ്പിച്ചുപരദേശിതൻ ചക്രവ്യൂഹത്തിൽജഡമായ് കിടന്നൊരു ഭാരതത്തിന് നിൻആത്മാവുമേകി, മനസ്സും ശരീരവും നൽകിഭൂതകാലത്തിന്റെ ചോര വീണ് നനഞ്ഞൊരീഭാരതത്തിന്റെ മെയ് തുടച്ച്അങ്ങെഴുതി പഠിപ്പിച്ചു അഹിംസയെന്തെന്ന്....

രാജാക്കാട് ∙ ബൈസൺവാലി കാക്കാക്കട ഉദിക്കുന്നേൽ ബാബു എന്ന ചുമട്ടുതൊഴിലാളി 3 വർഷം മുൻപ് ഡയറിയിൽ കുറിച്ച കവിതയാണിത്. അന്നു തന്നെ ബാബു ഒരു തീരുമാനമെടുത്തു. ജന്മനാട്ടിൽ ഗാന്ധിജിയുടെ പൂർണകായ പ്രതിമ സ്ഥാപിക്കണം.  ബാബുവും മൂന്നു മക്കളും പഠിച്ച, ഇളയ മകൻ പഠിച്ചു കൊണ്ടിരിക്കുന്ന ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ മുറ്റത്ത് തന്നെ പ്രതിമ സ്ഥാപിക്കാനും തീരുമാനിച്ചു. 

ചിത്രങ്ങൾ വരയ്ക്കും, കവിത എഴുതും, പക്ഷേ ബാബു ഒരു ശിൽപ പ്രദർശനം പോലും ഇതിനു മുൻപു കണ്ടിട്ടില്ല. ചിലരെങ്കിലും നിരുത്സാഹപ്പെടുത്താൻ നോക്കിയെങ്കിലും പിന്മാറിയില്ല. ചുമടെടുത്ത് സമ്പാദിച്ച പണം കൊണ്ട് സിമന്റും ഇഷ്ടികയും വാങ്ങി ശിൽപ നിർമാണം തുടങ്ങി. ജോലിക്കുപോകാതെയായിരുന്നു പ്രതിമാ നിർമാണം. അമ്മ ലളിതയും ഭാര്യ സതിയും കൂലിവേലയ്ക്കു പോയതുകൊണ്ട് ഇക്കാലത്തു പട്ടിണി കിടന്നില്ലെന്ന് ബാബു പറയുന്നു. മക്കളായ അക്ഷയ, അക്ഷര, അനശ്വര, ജഗൻ എന്നിവരും അച്ഛനെ സഹായിച്ചു. 

കോൺക്രീറ്റ് കൊണ്ടുള്ള രൂപഘടന പൂർത്തിയാക്കി, ചുട്ടെടുത്ത ഇഷ്ടിക കൊണ്ട് പുറം ഭാഗം പൊതിഞ്ഞു. ചെറിയ മെറ്റലും സിമന്റ് ദ്രാവകവും കൊണ്ട് ആവരണമൊരുക്കി. അതിനു മുകളിൽ മാർബിൾ പൊടി ഉപയോഗിച്ച് ശിൽപം പൂർത്തിയാക്കി. ആറര അടി ഉയരവും 500 കിലോഗ്രാം തൂക്കവുമുണ്ട്. ബാബുവിന്റെ വീട്ടിൽ നിന്ന് റോഡിലേക്ക് നടപ്പുവഴിയേയുള്ളൂ. സുഹൃത്തുക്കൾ ഒത്തൊരുമിച്ചാണ്  പ്രതിമ റോഡിലെത്തിച്ചത്.  ഇന്ന് ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 9 ന് ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് എ.രാജ എംഎൽഎ ഗാന്ധിപ്രതിമ അനാഛാദനം ചെയ്യും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com