ADVERTISEMENT

കട്ടപ്പന ∙ കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ താഴത്ത് കെ.പി.ജോർജിന്റെ ഭാര്യ ചിന്നമ്മ(63) കൊലക്കേസിൽ ഒന്നര വർഷമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ അന്വേഷണം ഇഴഞ്ഞു നീങ്ങവേ സംശയ നിഴലിൽ ഉണ്ടായിരുന്ന ഭർത്താവ് ജോർജും മരിച്ചതോടെ തുടരന്വേഷണം വഴിമുട്ടി. ചിന്നമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അതേ വീട്ടിലാണ് ഇന്നലെ രാവിലെ ജോർജിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ഏപ്രിൽ എട്ടിനായിരുന്നു ചിന്നമ്മയുടെ കൊലപാതകം.

സംഭവ ദിവസം ജോർജും ചിന്നമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോകാൻ ഇവർ തീരുമാനിച്ചി രുന്നു. വീടിന്റെ മുകൾ നിലയിലെ മുറിയിലാണ് ജോർജ് കിടന്നിരുന്നത്. പുലർച്ചെ എഴുന്നേറ്റ് താഴത്തെ നിലയിൽ എത്തിയ പ്പോഴാണ് കട്ടിലിനു താഴെ  കിടക്കുന്ന ചിന്നമ്മയെ കണ്ടതെന്നാണ് ജോർജ് പൊലീസിനു നൽകിയ മൊഴി. എടുത്ത് കട്ടിലിൽ കിടത്തിയശേഷം മറ്റുള്ള വരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പോസ്റ്റ്മോർട്ടത്തിലാണ് ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്. ആശുപത്രി അധികൃതർ ചിന്നമ്മ അണിഞ്ഞിരുന്ന ആഭരണങ്ങൾ ബന്ധുക്കൾക്ക് കൈമാറിയപ്പോഴാണ് ചിലത് കാണാതായതായി ശ്രദ്ധയിൽപെട്ടത്. മാല, വള, മോതിരം എന്നിവ ഉൾപ്പെടെ 4 പവന്റെ സ്വർണാഭരണങ്ങളാണ് കാണാതായത്. എന്നാൽ ജോർജ് കിടന്നിരുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വർണാഭരണങ്ങളും ഒരുലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.

മോഷ്ടാവാണ് കൊല നടത്തിയതെങ്കിൽ അവയും കവരാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. 7 മാസം കഴിഞ്ഞിട്ടും ലോക്കൽ പൊലീസ് അന്വേഷണത്തിൽ പുരോഗതി ഇല്ലാതെ വന്നതോടെ നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് സമരം ആരംഭിച്ചു. തുടർന്ന് ക്രൈംബ്രാഞ്ചിന് കേസന്വേഷണം കൈമാറി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധന കളിലും കാര്യമായ തെളിവുകൾ ലഭിക്കാതെ വന്നതോടെ ഭർത്താവ് സംശയ നിഴലിലായി.

എന്നാൽ പലതവണ ചോദ്യം ചെയ്തിട്ടും പ്രയോജനം ഉണ്ടായില്ല. ഒടുവിൽ ജോർജിന്റെ അനുമതിയോടെ നുണപരിശോധനയ്ക്ക് വിധേയ മാക്കിയിട്ടും കാര്യമായ തെളിവൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. സംശയനിഴലിലുള്ള എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തി വരുന്നതെങ്കിലും ജോർജിന്റെ മരണം തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com