ലഹരിമരുന്ന് കേസുകൾ റജിസ്റ്റർ ചെയ്യാത്ത ഒരു ദിവസവും ഇല്ല; 15 എൻഡിപിഎസ് കേസുകൾ

Mail This Article
തൊടുപുഴ ∙ മാരക ലഹരിമരുന്നുകളുടെ ഹബ്ബായി തൊടുപുഴ മാറുന്നു. ലഹരിമരുന്ന് വ്യാപനം തടയാൻ വിവിധ വകുപ്പുകൾ വഴി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമ്പോഴും സിന്തറ്റിക് ലഹരി ഉപയോഗം വർധിച്ചുവരുന്നതു ആശങ്കയ്ക്ക് ഇടയാക്കുന്നു. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ പിടികൂടുന്ന കേസുകളിൽ ഏറെ മുന്നിലാണ് തൊടുപുഴ നഗരവും സമീപ പഞ്ചായത്തുകളും.
കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ റജിസ്റ്റർ ചെയ്യാത്ത ഒരു ദിവസവും ഇല്ലെന്ന സ്ഥിതിയായി. പൊലീസും എക്സൈസും പരിശോധനകൾ ശക്തമാക്കുമ്പോഴും പലവിധ മാർഗങ്ങളിലൂടെ ഇവയുടെ വിൽപനയും കടത്തും തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് 17.44 ഗ്രാം എംഡിഎംഎയും, 34.9 ഗ്രാം കഞ്ചാവുമായി മൂന്നു പേരെ തൊടുപുഴ പൊലീസ് അരിക്കുഴയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
അരിക്കുഴ പാലക്കാട്ടുപടി അപ്പമലയിൽ അമൽ ബാബു (24), മണക്കാട് അങ്കംവെട്ടി മൂങ്ങശേരിൽ നവീൻ ബേബി (22), വെങ്ങല്ലൂർ മുത്താരംകുന്ന് കാരാമക്കാവിൽ അനു ഉണ്ണി (29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 22ന് തൊടുപുഴയിലെ ലോഡ്ജിൽ നിന്ന് 6.6 ഗ്രാം എംഡിഎംഎയുമായി പെരുമ്പിള്ളിച്ചിറ പഴേരി വീട്ടിൽ യൂനസ് (25) കോതമംഗലം നെല്ലിക്കുഴി നെല്ലിത്താനത്ത് അക്ഷയ ഷാജി (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓഗസ്റ്റ് 20നാണ് മുതലക്കോടത്ത് നിന്ന് എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ മുണ്ടയ്ക്കൽ ഷാനവാസ് (33), കുമാരമംഗലം കുന്നത്ത് ഷംനാസ് (33) എന്നിവർ 3.6 ഗ്രാം എംഡിഎംഎയും, 20 ഗ്രാം കഞ്ചാവും സഹിതം എക്സൈസിന്റെ പിടിയിലായത്. കഴിഞ്ഞമാസം 24ന് ഇടവെട്ടി ഭാഗത്തുനിന്ന് ഹഷീഷ് ഓയിലും കഞ്ചാവുമായി 3 യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു.
15 എൻഡിപിഎസ് കേസുകൾ
കഴിഞ്ഞ രണ്ട് മാസത്തിനിടെ 15 എൻഡിപിഎസ്(കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടവ) കേസുകളും 18 അബ്കാരി കേസുകളും തൊടുപുഴ റേഞ്ചിൽ മാത്രം റജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻഡിപിഎസ് കേസുകളിൽ 18 പേരെയും അബ്കാരി കേസുകളിൽ 19 പേരെയും അറസ്റ്റ് ചെയ്തു. എംഡിഎംഎ–3.6 ഗ്രാം, ഹഷിഷ് ഓയിൽ–5.7 ഗ്രാം, കഞ്ചാവ്–180 ഗ്രാം, വിദേശമദ്യം–76 ലീറ്റർ, വാഹനങ്ങൾ–2 എന്നിങ്ങ നെയാണ് പിടികൂടിയവ.
കഞ്ചാവും ഹഷീഷ് ഓയിലും കടന്ന് ഇപ്പോൾ എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗം യുവാക്കൾക്കിടയിൽ വർധിച്ചു വരുന്നതായി എക്സൈസ് പറയുന്നു. ലഹരിമരുന്നുകളുമായി പിടിക്കപ്പെടുന്നവരിൽ കൂടുതലും ചെറുപ്പക്കാരാണ്. ലഹരിക്കൊപ്പം കൂടുതൽ പണവും ലഭിക്കുമെന്നതാണ് യുവാക്കളെ പ്രധാനമായും ഇതിലേക്കു ആകർഷിക്കുന്നത്.
പരിശോധന ശക്തം: എക്സൈസ്
കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തൊടുപുഴ മേഖലയിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് എക്സൈസ്. ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നുണ്ട്. പൊതുജനങ്ങൾക്ക് മദ്യം, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ 9400069544 എന്ന എക്സൈസ് ഇൻസ്പെക്ടറുടെ നമ്പറിൽ അറിയിക്കാം.