ADVERTISEMENT

തൊടുപുഴ ∙ ഹൈടെക് കള്ളന്മാരുടെ കാലത്തും അല്ലറ ചില്ലറ മോഷണങ്ങളുമായി വിലസുന്ന ‘ലോക്കൽ കള്ളൻമാർ’ക്ക് നാട്ടിൽ പഞ്ഞമില്ല ! പുരയിടത്തിലെ മോട്ടർ, ആക്രിസാധനങ്ങൾ, റബർഷീറ്റ്, കോഴി, വളർത്തു മത്സ്യങ്ങൾ എന്നുവേണ്ട പറമ്പിലെ കായ്ഫലങ്ങൾ വരെ ‘പൊക്കുന്ന’ കള്ളൻമാർ പല പ്രദേശങ്ങളിലും നാട്ടുകാർക്കു തലവേദനയാകുന്നു. എന്നാൽ, പല സംഭവങ്ങളിലും കേസിനു പോകാതെ, പോയതു പോട്ടെ എന്നു പറഞ്ഞു മിണ്ടാതിരിക്കുകയാണ് ആളുകളുടെ പതിവ്.

അതുകൊണ്ടുതന്നെ പല മോഷണങ്ങളും പുറംലോകമറിയുന്നുമില്ല. കോവിഡിനു ശേഷം ലോക്കൽ കള്ളന്മാരുടെ ശല്യം പലയിടത്തും വർധിച്ചു. ഇക്കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത ‘കുട്ടി’ മോഷ്ടാക്കളുമുണ്ട്. ഒരു കുപ്പി മദ്യം, ഒന്നോ രണ്ടോ പൊതി കഞ്ചാവ്, അല്ലെങ്കിൽ ചെറിയൊരു ഷോപ്പിങ്... ഇതിനൊക്കെ വേണ്ടിയാണ് പലരും ഇത്തരം ചെറിയ മോഷണങ്ങൾ നടത്തുന്നത്. ഒരു ദിവസത്തെ ചെലവിനുള്ള പണത്തിനായും ഈ മാർഗം തിരഞ്ഞെടുക്കുന്നവരുണ്ട്.

വെള്ളംകുടി മുട്ടിച്ച് മോട്ടർ മോഷ്ടാക്കൾ

വണ്ണപ്പുറം മുണ്ടൻമുടിയിൽ കിണറിനു സമീപമുള്ള മോട്ടറുകൾ രാത്രി മോഷ്ടിക്കുന്ന സംഭവങ്ങൾ തുടർക്കഥയാണ്. പലരും മോട്ടറിന്റെ സ്വിച്ച് ഇട്ട് കഴിയുമ്പോഴാണ് ഇതു മോഷണം പോയ വിവരം അറിയുന്നത്. കഴിഞ്ഞയാഴ്ച ഏറത്ത് സുനിലിന്റെ മോട്ടർ മോഷണം പോയി. ഏതാനും ദിവസം മുൻപു മുണ്ടൻമുടിയിൽ മറ്റൊരു മോട്ടർ മോഷണം പോയിരുന്നു. വണ്ണപ്പുറം മേഖലയിൽ കഴിഞ്ഞ കുറെ നാളുകളായി പലയിടങ്ങളിൽ നിന്നു മോട്ടർ മോഷണം പോയിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ മോഷ്ടിച്ചു കടത്തുന്ന മോട്ടർ അഴിച്ചെടുത്ത് ആക്രിക്കടകളിൽ വിൽപന നടത്തുന്നതായാണു സൂചന.

തൊടുപുഴയ്ക്കു സമീപം മണക്കാട് പഞ്ചായത്തിൽ കിണറുകൾക്കു സമീപവും കൃഷിയാവശ്യത്തിന് എംവിഐപി കനാലിനു സമീപവും സ്ഥാപിച്ചിരുന്ന 8 മോട്ടറുകളാണ് രണ്ടുവർഷത്തിനിടെ നഷ്ടമായത്. പ്രധാനമായും എട്ടാം വാർഡിലാണു മോഷണശല്യം. നഗരത്തിൽ പെട്ടിക്കടയിൽ ഉൾപ്പെടെ അടുത്തിടെ മോഷണം നടന്നിട്ടുണ്ട്. റബർഷീറ്റ്, ഒട്ടുപാൽ, വാഹനങ്ങളുടെയും മറ്റും ബാറ്ററികൾ എന്നിവ മോഷണം പോയ സംഭവങ്ങളുമുണ്ട്.

‘ലോ റേഞ്ച്’ മോഷണങ്ങൾ

‘ലോ റേഞ്ച്’ മോഷണങ്ങൾ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് കട്ടപ്പനയിലും സമീപ പഞ്ചായത്തുകളിലും താമസിക്കുന്നവർ. കാഞ്ചിയാർ പഞ്ചായത്തു പരിധിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചിടങ്ങളിലാണു മോഷണം നടന്നത്. വ്യാപാര സ്ഥാപനങ്ങൾ, പള്ളികളുടെ നേർച്ചപ്പെട്ടികൾ, ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി എന്നിങ്ങനെയായിരുന്നു മോഷണം. കട്ടപ്പന ഓസാനം സ്കൂൾ ബൈപാസ് റോഡരികിലെ കൃഷിയിടത്തിൽനിന്നു 4 ഏത്തവാഴക്കുലകൾ കഴിഞ്ഞ ദിവസം മോഷണം പോയി.

സിസിടിവി നിരീക്ഷണ പരിധിയിൽ വരാത്ത മേഖലകളിലുള്ള വാഴക്കുലകളാണു കടത്തിയത്. ഓഗസ്റ്റ് 24നു വാഴക്കുല മോഷണവുമായി ബന്ധപ്പെട്ടു പതിനേഴുകാരൻ ഉൾപ്പെടെ 4 പേരെ കട്ടപ്പന പൊലീസ് പിടികൂടിയിരുന്നു. ഓഗസ്റ്റ് 21ന് മുളകരമേട് സ്വദേശിയുടെ തോട്ടത്തിൽ നിന്ന് 7 വാഴക്കുലകൾ മോഷ്ടിച്ച കേസിലായിരുന്നു അറസ്റ്റ്. ഓഗസ്റ്റ് 27ന് അടിമാലിയിൽ നിന്നു മോഷ്ടിച്ചു കടത്തിക്കൊണ്ടു വന്ന ബൈക്ക് കട്ടപ്പന ടൗണിൽ പൊലീസിനെക്കണ്ട് ഉപേക്ഷിച്ചു പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് തള്ളിക്കൊണ്ടു വന്ന യുവാവിനെ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞതോടെയാണ് വാഹനം ഉപേക്ഷിച്ചു പ്രതി രക്ഷപ്പെട്ടത്. മൂന്നുമാസം മുൻപു കാമാക്ഷി പഞ്ചായത്തിൽ, കിണറ്റിൽ സ്ഥാപിച്ചിരുന്ന മോട്ടറും വീടു പണിക്കായി എത്തിച്ച വയറിങ് സാധനങ്ങൾ, കാപ്പിക്കുരു, പാത്രങ്ങൾ, വാഴക്കുല തുടങ്ങിയവ മോഷണം പോയിരുന്നു.

‘വണ്ടി’യുണ്ടേൽ സൂക്ഷിച്ചോ

ജില്ലാ ആസ്ഥാന മേഖലയിൽ ഇപ്പോൾ വാഹന മോഷ്ടാക്കളാണ് അരങ്ങു വാഴുന്നത്. ചെറുതോണി വെള്ളക്കയത്തു വീടിനു മുന്നിൽ വഴിയോരത്തു നിർത്തിയിട്ട ഓട്ടോറിക്ഷ കടത്തിയതു കഴിഞ്ഞയാഴ്ചയായിരുന്നു. പുലർച്ചെ ഓട്ടോറിക്ഷ കാണാതെ വന്നതോടെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ 6 കിലോമീറ്റർ അകലെ ഇടുക്കിയിൽ സംസ്ഥാന പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തി. വാഹനത്തിൽ നിന്നു വിലപിടിപ്പുള്ളതെല്ലാം അഴിച്ചു മാറ്റിയ നിലയിലായിരുന്നുവെന്നു ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞു.

കള്ളന്മാരെക്കുറിച്ച് ഇനിയും സൂചന ലഭിച്ചിട്ടില്ല. തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ 4 ബൈക്കുകളാണു കഴിഞ്ഞ ഏതാനും മാസത്തിനിടെ മോഷണം പോയത്. ഈ സംഭവങ്ങളിലും പ്രതികളെ കിട്ടിയിട്ടില്ല. തങ്കമണി ഭാഗത്തെ അടച്ചിട്ട വീട്ടിൽ നിന്നു ഒരു ക്വിന്റൽ കുരുമുളകു മോഷ്ടിച്ചു കടത്തിയത് സമീപ നാളിലാണ്. സംഭവത്തിലെ കുറ്റക്കാരെ പൊലീസ് വൈകാതെ തന്നെ പൊക്കി. തോപ്രാംകുടി, മുരിക്കാശേരി, കഞ്ഞിക്കുഴി മേഖലകളിൽ കുരുമുളകും, ഏലയ്ക്കയും മോഷണം പോകുന്നതും പതിവാണ്. 

തുരുമ്പായാലും മതി

ഇരുമ്പിനു മാത്രമല്ല, തുരുമ്പിനു പോലും നല്ല വില കിട്ടും. കെട്ടിടംപണി നടക്കുന്ന സ്ഥലങ്ങൾ, പാലവും റോഡും പണിയുന്ന സ്ഥലങ്ങൾ എന്നിവ നോക്കിവയ്ക്കുന്ന കള്ളന്മാരുണ്ട്. ഇരുമ്പിനു കിലോയ്ക്കു ശരാശരി 100 രൂപയാണെങ്കിൽ പഴയ ഗേറ്റിനും ജനലിനുമെല്ലാം കിലോയ്ക്ക് 25–35 രൂപ തുരുമ്പുവിലയായി കിട്ടും. കെട്ടിടം പണിക്കുള്ള കമ്പിക്കും തകരഷീറ്റിനുമെല്ലാം ലഭിക്കും കിലോയ്ക്ക് 25 രൂപയിലേറെ വില.

മൂന്നാറും മുന്നി‍ൽത്തന്നെ

മൂന്നാർ മേഖലയിൽ ഒരാഴ്ചയ്ക്കിടെ നടന്നതു 2 മോഷണങ്ങളാണ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ലാക്കാട് പുതുതായി നിർമിക്കുന്ന ടോൾ ഗേറ്റിനു സമീപത്തു കിടന്നിരുന്ന രണ്ടു ലക്ഷത്തിലധികം രൂപയുടെ നിർമാണ സാമഗ്രികൾ ഒരാഴ്ച മുൻപു മോഷണം പോയി. ഇവ ഓട്ടോയിൽ കടത്തുന്നതിനിടയിൽ ദേവികുളത്തു വച്ചു 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആനച്ചാൽ സ്വദേശികളായ സുരേഷ്, ബെന്നി ജോർജ് എന്നിവരാണ് അറസ്റ്റിലായത്. ശനി രാത്രിയിലാണു പെരിയവര വനത്തിൽ ചിന്നപ്പർ എന്ന പേരിൽ മൗണ്ട് കാർമൽ ദേവാലയത്തിനു കീഴിലുള്ള കുരിശടിയിൽ മോഷണം നടന്നത്. മൂന്നാറിലെ വിവിധ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പാർക്കു ചെയ്യുന്ന ലോറികളുടെ ബാറ്ററികൾ മോഷണം പോകുന്നതും പതിവായിരുന്നു.

മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കോളനി സ്വദേശിയായ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താക്കോലില്ലാതെ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ യുട്യൂബിൽ നിന്നു പഠിച്ച ശേഷം പള്ളി മുറ്റത്തിരുന്ന വില കൂടിയ ബൈക്ക് മോഷ്ടിച്ചു കടന്ന 2 കൗമാരക്കാരെയും പൊലീസ് പിടികൂടിയിരുന്നു.

കള്ളന്മാർ പറയുന്നതിലും കാര്യമുണ്ട് !

ജനത്തിനു സൂക്ഷ്മത ഇല്ലാത്തതു മൂലമാണു മോഷണം വർധിക്കുന്നതെന്നു ‘ഫീൽഡ് വിട്ട’ പല കള്ളന്മാരുടെയും അഭിപ്രായം. പല വാഹന മോഷണ സംഭവങ്ങളിലും, ഉടമകൾ വാഹനത്തിൽത്തന്നെ അലക്ഷ്യമായി വച്ചു പോയ താക്കോൽ ഉപയോഗിച്ചാണു വാഹനം കടത്തിയിട്ടു ള്ളത് എന്നത് ഒരുദാഹരണം.

സ്മാർട് ഫോണുകൾ വന്നതോടെ മിക്ക വീടുകളിലും ചെറുപ്പക്കാരുടെ ഉറക്കസമയം പുലർച്ചെ ഒന്നും രണ്ടുമായി. പക്ഷേ, പലരും ഇയർഫോൺ വച്ചു മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്നതിനാൽ പുറത്ത് എന്തു നടന്നാലും അറിയാറില്ലെന്നു മാത്രം.

ദയവായി ആ പണം തിരികെ കൊടുക്കൂ

ഭാര്യയെ ചികിത്സിക്കാനായി പശുവിനെ വിറ്റു വീട്ടിനുള്ളിൽ സൂക്ഷിച്ച പണം മോഷണം പോയിട്ട് ഒരു മാസം. കള്ളൻ ഇപ്പോഴും കാണാമറയ ത്ത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് ഉടുമ്പൻചോല മുക്കുടിൽ വെള്ളാടിയിൽ രാഘവന്റെ 53,000 രൂപയാണ് മോഷ്ടാക്കൾ കവർന്നത്. രാഘവന്റെ ഭാര്യ ഹൃദയ സംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരുന്നു.

തുടർചികിത്സ ആവശ്യമായി വന്നതോടെ രാഘവൻ പശുവിനെ വിറ്റാണ് അത്യാവശ്യം പണം സമാഹരിച്ചത്. വീട്ടിനുള്ളിലെ അലമാരയിലാണു പണം സൂക്ഷിച്ചത്. കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് ഉടുമ്പൻചോല എസ്ഐ അബ്ദുൽ കനി അറിയിച്ചു.

കക്കണം, ജയിലിൽ പോണം

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു പ്രധാനമായും മോഷണം നടത്തി വരുന്ന മോഷ്ടാവാണ് രാജകുമാരി ചുണ്ടമനാൽ ജോസഫ് (അപ്പച്ചൻ-72). ഭണ്ഡാരം കുത്തി തുറന്നുള്ള മോഷണമാണു പ്രിയം. ചിലയിടങ്ങളിൽ നിന്നു നിലവിളക്ക്, ഓട്ടുപാത്രങ്ങൾ എന്നിവയും മോഷ്ടിച്ചതിനു ജയിലിൽ കിടന്നിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നാൽപതോളം കേസുകൾ ഇയാളുടെ പേരിൽ ഉണ്ടെന്നും മോഷണം നടത്തി ജയിലിൽ കഴിയുക ഇയാളുടെ ഹോബിയാണെന്നും പൊലീസ് പറയുന്നു.

ചില അവസരങ്ങളിൽ മോഷണം നടത്തിയ ശേഷം സമീപത്തു തന്നെ നിലയുറപ്പിച്ചു പൊലീസിന് പിടികൊടുക്കാറുണ്ട്. ഒരു മാസം മുൻപ് അടിമാലി സ്റ്റേഷൻ പരിധിയിലെ പൊളിഞ്ഞ പാലത്തിനു സമീപം 2 ദിവസം ഇയാൾ കറങ്ങി നടന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com