തെരുവുനായ ആക്രമണത്തിൽ മയിലിന്റെ കാഴ്ച നഷ്ടപ്പെട്ടു

Mail This Article
തൂക്കുപാലം∙ തെരുവുനായ ആക്രമണത്തിൽ മയിലിന് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. പുഷ്പക്കണ്ടത്താണ് പെൺമയിലിന് നേരെ നായ്ക്കൂ ട്ടത്തിന്റെ ആക്രമണമുണ്ടായത്. പരുക്കേറ്റ മയിലിനെ നാട്ടുകാർ രക്ഷപ്പെടുത്തി വനം വകുപ്പിന് കൈമാറി. പുഷ്പകണ്ടം രത്തിനക്കുഴി ചിറക്കൽ സാജന്റെ പുരയിടത്തിലാണ് കഴിഞ്ഞദിവസം രാത്രിയോടെ മയിലിനെ കണ്ടെത്തിയത്.
സമീപത്തെ നായ്ക്കൾ കൂട്ടംകൂടി മയിലിനെ ഓടിക്കുന്നത് കണ്ടാണ് സാജൻ എത്തുന്നത്. തുടർന്ന് കണ്ണിന് പരുക്കേറ്റ നിലയിൽ മയിലിനെ കണ്ടെത്തുകയായിരുന്നു. പരുക്കേറ്റ മയിലിനെ നായ്ക്കളിൽനിന്നു രക്ഷിച്ച് വീട്ടിൽ നിരീക്ഷിക്കുകയും വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു. രാത്രിയിൽ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മയിലിനെ ഏറ്റെടുത്തു.
കല്ലാർ സെക്‌ഷൻ ഓഫിസിൽ എത്തിച്ച മയിലിന് വനം വകുപ്പ് പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ രാവിലെ തേക്കടിയിലേക്കു കൊണ്ടുപോയി. കല്ലാർ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ഉദയഭാനു, ഗ്രേഡ് ഓഫിസർ ബിജു, ബീറ്റ് ഓഫിസർ പി. എസ്. നിഷാദ്, ഡ്രൈവർ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് മയിലിനെ ഓഫിസിലേക്കു മാറ്റിയത്.