കുടുങ്ങിയത് തിമിരം ബാധിച്ച പെൺകടുവ; കടുവയ്ക്കൊപ്പം 6 മണിക്കൂർ കൂട്ടിൽ കിടന്ന കന്നുകുട്ടിയെ പുറത്തെത്തിച്ചു

HIGHLIGHTS
  • കുടുങ്ങിയത് 10 പശുക്കളെ 2 ദിവസംകൊണ്ട് കൊന്ന കടുവ
മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ വനംവകുപ്പിന്റെ കൂട്ടിൽ അകപ്പെട്ട കടുവ.
മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ വനംവകുപ്പിന്റെ കൂട്ടിൽ അകപ്പെട്ട കടുവ.
SHARE

മൂന്നാർ ∙ നയമക്കാട് എസ്റ്റേറ്റിനെ വിറപ്പിച്ച കടുവ ഒടുവിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഈസ്റ്റ് ഡിവിഷനിലെ തൊഴുത്തിനു സമീപം സ്ഥാപിച്ച കൂട്ടിൽ ചൊവ്വാഴ്ച രാത്രി എട്ടരയ്ക്കാണ് 9 വയസ്സുള്ള പെൺകടുവ കുടുങ്ങിയത്. കടുവയുടെ ഇടതുകണ്ണിനു തിമിരം ബാധിച്ചതായി പരിശോധനയിൽ കണ്ടെത്തി. കാഴ്ച കുറഞ്ഞ തിനാൽ ഇരതേടാൻ ബുദ്ധിമുട്ടുള്ള കടുവയെ വയനാട് ബത്തേരി പുനരധിവാസ കേന്ദ്രത്തിലേക്കോ തൃശൂർ പുത്തൂരുള്ള സുവോളജിക്കൽ പാർക്കിലേക്കോ മാറ്റാനാണു തീരുമാനമെന്നു ഡിഎഫ്ഒ

1,കൂട്ടിലാകുന്നതിന് ഒരു ദിവസം മുൻപു മാധ്യമപ്രവർത്തകരുടെ വാഹനത്തിനു മുന്നിൽ ചാടിയ കടുവയുടെ ചിത്രം.   2,കടുവയുടെ തിമിരം ബാധിച്ച കണ്ണ്.
1,കൂട്ടിലാകുന്നതിന് ഒരു ദിവസം മുൻപു മാധ്യമപ്രവർത്തകരുടെ വാഹനത്തിനു മുന്നിൽ ചാടിയ കടുവയുടെ ചിത്രം. 2,കടുവയുടെ തിമിരം ബാധിച്ച കണ്ണ്.

രാജു കെ.ഫ്രാൻസിസ് പറഞ്ഞു. സീനിയർ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, അസി. സർജൻ ഡോ.നിഷാ റേച്ചൽ എന്നിവരുടെ ചികിത്സാ മേൽനോട്ടത്തിൽ, മൂന്നാർ – സൈലന്റ് വാലി റോഡിലുള്ള കെഎഫ്ഡിസി നഴ്സറിയിലാണ് ഇപ്പോൾ കടുവയെ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി മേഖലയിലെ 10 പശുക്കളെയാണു കടുവ ആക്രമിച്ചു കൊന്നത്.

ഭീതിയൊഴിഞ്ഞ് നയമക്കാട്

മൂന്നാർ ∙ ദിവസങ്ങളോളം ഭീതിയുടെ മുൾമുനയിൽ നിർത്തിയ കടുവയെ പിടികൂടിയതിന്റെ ആശ്വാസത്തിൽ നയമക്കാട് ഈസ്റ്റ് ഡിവിഷനിലെ തൊഴിലാളികൾ. തേയില തോട്ടത്തിലെ ജോലിയിൽ നിന്നു ലഭിക്കുന്നതു കൂടാതെ അധിക വരുമാനം ലഭിച്ചിരുന്ന 10 പശുക്കളെയാണു കടുവ രണ്ടു ദിവസം കൊണ്ട് കൊന്നത്. ഇതോടെയാണ് കടുവയെ പിടിക്കണമെന്നാവശ്യപ്പെട്ട് ഇവർ സമരം നടത്തിയതും ജോലി ബഹിഷ്കരിച്ചതും.

കടുവ കൂട്ടിൽ വീണതറിഞ്ഞ് ചൊവ്വാഴ്ച രാത്രി നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ തടിച്ചുകൂടിയ ജനം.
കടുവ കൂട്ടിൽ വീണതറിഞ്ഞ് ചൊവ്വാഴ്ച രാത്രി നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ തടിച്ചുകൂടിയ ജനം.

ജനരോഷം കടുത്തതോടെ വനം വകുപ്പും ജനപ്രതിനിധികളും നടപടികൾ വേഗത്തിലാക്കി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ചൊവ്വാ രാത്രി 8.30 നു കടുവ കുടുങ്ങിയ ശബ്ദം കേട്ടതോടെ നയമക്കാട് ഈസ്റ്റ് ഡിവിഷനിലെ മുഴുവൻ കുടുംബങ്ങളും കൂടിനടുത്തേക്ക് ഓടിയെത്തി. തങ്ങളുടെ ഉറക്കം കെടുത്തിയ കടുവയെ തൊട്ടടുത്തു കാണുക എന്ന ആഗ്രഹത്തോടെയാണ് എല്ലാവരും ഓടിയെത്തിയത്. കടുവയെ പിടിക്കാൻ മുന്നിട്ടിറങ്ങിയ ഡിഎഫ്ഒ രാജു കെ.ഫ്രാൻസിസ്, റേഞ്ച് ഓഫിസർ ബി.അരുൺ മഹാരാജ എന്നിവർക്കു തൊഴിലാളികൾ നന്ദി പറഞ്ഞു.

കടുവയെ ക്രെയിൻ ഉപയോഗിച്ചു ലോറിയിൽ കയറ്റിയാണു മൂന്നാറിലേക്കു കൊണ്ടുവന്നത്. വെളുപ്പിന് ഒരു മണി വരെ തൊട്ടടുത്തു എസ്റ്റേറ്റുകളിൽ നിന്നുള്ള തൊഴിലാളികളടക്കമുള്ളവർ സ്ഥലത്തുണ്ടായിരുന്നു. കൂട്ടിലകപ്പെട്ട കടുവയെ കാണാൻ ഒട്ടേറെപ്പേർ മൂന്നാർ ടൗണിൽ നിന്നു ചൊവ്വാഴ്ച രാത്രി നയമക്കാട് എത്തിയത്.

കടുവയ്ക്കൊപ്പം 6 മണിക്കൂർ 

കടുവയോടൊപ്പം 6 മണിക്കൂർ നേരം കൂട്ടിൽ കിടന്ന കന്നുകുട്ടിയെ അപകടം കൂടാതെ പുറത്തെത്തിച്ചു. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവയെ ആകർഷിക്കാൻ‌ സുരക്ഷിതമായ അറയിൽ കെട്ടിയിട്ടിരുന്ന ഒരു വയസ്സു പ്രായമുളള മൂരിക്കിടാവാണു പോറലേൽക്കാതെ  6 മണിക്കൂർ കൂട്ടിൽ കിടന്നത്. നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ പൂരാജാ എന്ന തൊഴിലാളിയാണു 2 കിടാങ്ങളെ ഉദ്യോഗസ്ഥർക്കു സൗജന്യമായി നൽകിയത്.

ഇരയായി കെട്ടിയിട്ട കന്നുകുട്ടി പ്രത്യേക അറയിലും കുടുങ്ങിയ കടുവ മറ്റൊരു അറയിലുമായിരുന്നു. ചൊവ്വാ രാത്രിയിൽ കടുവ കൂട്ടിൽ കുടുങ്ങിയ സമയത്തു കിടാവ് ഭയങ്കരമായി ബഹളം വച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ ഉച്ചയോടെ ജീവനോടെ കിടാവിനെ ഉടമയ്ക്കു വനംവകുപ്പ് കൈമാറി.

വീണ്ടും കടുവ ?

പ്രദേശത്തു മറ്റൊരു കടുവ കൂടിയുണ്ടെന്നു സംശയം. കെഡിഎച്ച്പി കമ്പനി കടലാർ ഈസ്റ്റ് ഡിവിഷനിൽ മേയാൻ വിട്ടിരുന്ന പശുവിനെ ചൊവ്വാ ഉച്ചയ്ക്കു നോട്ടക്കാരന്റെ മുൻപിൽ വച്ചു കടുവ ആക്രമിച്ചു പരുക്കേൽപ്പിച്ചിരുന്നു. കടലാർ ഈസ്റ്റ് ഡിവിഷനിൽ ലക്ഷ്മിയുടെ ഏഴു മാസം ഗർഭിണിയായ പശുവിനെയാണ് കടുവ ആക്രമിച്ചത്. നയമക്കാട് കടുവ കൂട്ടിൽ അകപ്പെടുന്നതിന് 6 മണിക്കൂർ മുൻപാണിത്.

എന്നാൽ ഇത് മറ്റൊരു കടുവയാണെന്നാണ് തൊഴിലാളികൾ പറയുന്നു. തൊഴിലാളി ലയങ്ങൾക്കു സമീപമുള്ള പുൽമൈതാനത്ത് മറ്റു പശുക്കൾക്കൊപ്പം മേയുന്നതിനിടയിലാണ് കടുവയുടെ ആക്രമണമുണ്ടായത്. കണ്ടു നിന്ന നോട്ടക്കാരൻ വേലായുധൻ ബഹളം വച്ചതോടെയാണ് കടുവ കാട്ടിലേക്കും രക്ഷപ്പെട്ടത്. ഇവിടെ വനംവകുപ്പ് പരിശോധന നടത്തി. വീണ്ടും കടുവയെ കണ്ടാൽ നടപടി സ്വീകരിക്കുമെന്നും വനപാലകർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}