ADVERTISEMENT

മറയൂർ∙ മറയൂർ മേഖലയിൽ കഴിഞ്ഞ 3 ആഴ്ചയായി മോഷണ പരമ്പര തുടരുന്നു. പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയെങ്കിലും ഇതുവരെ മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യുവാക്കളുടെ കൂട്ടായ്മയിലും രാത്രികാല പട്രോളിങ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച മുൻപ് കൂടവയലിൽ യുവതിയുടെ കഴുത്തിൽനിന്ന് മാല പൊട്ടിക്കാൻ ശ്രമം നടന്നിരുന്നു. രണ്ടാം ദിവസം കോവിൽ കടവ് സഹായഗിരിയിൽ മുത്തുലക്ഷ്മിയുടെ ഏഴര പവൻ മാല കഴുത്തിൽനിന്ന് ഊരിക്കൊണ്ടുപോയി. 

മൂന്നു ദിവസം മുൻപ് പത്തിടിപ്പാലത്ത് ടയർ കട നടത്തിവരുന്ന ആനന്ദരാജന്റെ ഭാര്യ ഷീബയുടെ കഴുത്തിൽനിന്നു സ്വർണമാല ഊരിയെടുത്തു കടന്നുകളഞ്ഞു. ടയർ കടയുടെ മതിൽ പൊളിച്ചാണ് മുറിക്കകത്ത് കയറി മാല മോഷ്ടിച്ചത്. ഒപ്പം 2മൊബൈൽ ഫോണുകളും കവർന്നെങ്കിലും ഇവ അര കിലോമീറ്റർ അകലെ കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടയിൽ പത്തിടിപ്പാലം കോളനിയിൽ ആളില്ലാത്ത സമയത്ത് വീടിന്റെ പിൻഭാഗത്ത് വാതിൽ കുത്തിപ്പൊളിച്ച് തുറന്ന് മോഷണശ്രമം നടത്തിയിട്ടുണ്ട്.

 മൂന്നാഴ്ചയ്ക്ക് മുൻപ് സേവാഭാരതി സ്കൂൾ പരിസരത്തുനിന്ന് ഒരു ചന്ദനമരവും മുറിച്ചു കടത്തിയിട്ടുണ്ട്.മോഷണ സംഭവങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയെങ്കിലും ഇതുവരെ മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷിച്ചു വരികയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മറയൂർ എസ്എച്ച്ഒ പി.ടി.ബിജോയ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com