ADVERTISEMENT

തൊടുപുഴ ∙ ന്യൂമാൻ കോളജ് ഇന്നലെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലേക്ക് ‘ടൈം ട്രാവൽ’ (പിന്നിട്ട കാലത്തിലേക്ക് പോകുക) ചെയ്തു പോയതുപോലെയായിരുന്നു. ന്യൂമാൻ കോളജിലെ എൻഎസ്എസ് അംഗങ്ങൾ സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ക്യാംപസിൽ ഒരുക്കിയ പ്രദർശന നഗരിയിലാണ് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ചകൾ. സംസ്ഥാന സർക്കാരിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ക്യാംപസിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയിൽ 1956ലെ കേരളത്തിലെ ലഹരിയില്ലാ കാലഘട്ടം പുനഃസൃഷ്ടിക്കുകയായിരുന്നു വിദ്യാർഥികൾ.

ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഫ്ലാഷ് മോബ്.
ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഫ്ലാഷ് മോബ്.

സ്റ്റൈലൻ വിന്റേജ് സാരിയുടുത്ത് തലയിൽ റോസാപ്പൂ ചൂടിയ സുന്ദരിമാരുടെ ഫ്ലാഷ് മോബിലൂടെയായിരുന്നു തുടക്കം. ആൺകുട്ടികളും ഒട്ടും പിന്നാക്കം പോയില്ല, ബെൽബോട്ടം പാന്റും ഷർട്ടും കൂളിങ് ഗ്ലാസുമണിഞ്ഞ് ഫുൾ ഗ്ലാമറിൽ തന്നെയായിരുന്നു അവരും. പ്രദർശന നഗരിയിലേക്ക് നടന്നാൽ പഴയകാലത്തെ ഓലമേഞ്ഞ സിനിമാ കൊട്ടക മുതൽ ചായക്കട വരെ കാണാം. തലയിൽ പ്ലാവില കൊണ്ടുള്ള കിരീടം വച്ച്, ചെവിയിൽ മച്ചിങ്ങ കുണുക്കിട്ട് ചീട്ട് കളിക്കുന്നവരും കോൺ ഐസ് സൈക്കിളിൽ കൊണ്ടുനടന്നു വിൽക്കുന്നയാളുമൊക്കെ പ്രദർശന നഗരിയിലെ കൗതുകക്കാഴ്ചയായി. പഴയകാല ഡിസ്കോ ഗാനങ്ങൾ കേട്ട് നൃത്തം ചെയ്യാനുള്ള ഡിസ്കോ തീരം എന്ന സ്റ്റാളും ഇവിടെ ഒരുക്കിയിരുന്നു.

ലഹരിയുടെ ഉപയോഗം നമ്മുടെ നാട്ടിൽ കൂടി വരുന്ന സാഹചര്യത്തിലാണ് ക്യാംപസിൽ 1956ലെ ലഹരിയില്ലാ കേരളം എന്ന ആശയത്തിൽ പ്രദർശന നഗരി ഒരുക്കിയത്.ന്യൂമാൻ കോളജിൽ നടന്ന പരിപാടി പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു ഏബ്രഹാം, ബർസാർ ഫാ. ബെൻസൺ ആന്റണി, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ. സിസ്റ്റർ നോയൽ റോസ്, ഡോ. ജെറോം കെ.ജോസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com