ADVERTISEMENT

തൊടുപുഴ ∙ ദീപാവലി ആഘോഷിച്ചു ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. മൂന്നാറിലെ മിക്ക ഹോട്ടലുകളിലെയും മുറികൾ നേരത്തേ മുൻകൂട്ടി ആളുകൾ ബുക്ക് ചെയ്തിരുന്നു. മാട്ടുപ്പെട്ടി, രാജമല റൂട്ടുകളിൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ഇരവികുളത്തു വരയാടുകളെ കാണാനും ഒട്ടേറെപ്പേർ എത്തി. തേക്കടി, രാമക്കൽമേട്, വാഗമൺ തുടങ്ങിയ കേന്ദ്രങ്ങളിലേക്കും ജന പ്രവാഹമായിരുന്നു.

ദീപാവലി ശോഭയിൽ കുറിഞ്ഞി വസന്തം

ദീപാവലിക്കു കള്ളിപ്പാറയിലെ നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികളുടെ പ്രവാഹം. പ്രവേശന ഫീസ് നിരക്കായി 3 ദിവസങ്ങൾ കൊണ്ടു പഞ്ചായത്തിനു ലഭിച്ചത് 8 ലക്ഷത്തിലധികം രൂപ. നീലക്കുറിഞ്ഞി വസന്തം ആരംഭിച്ച കഴിഞ്ഞ 7 മുതൽ ഇതു വരെ 2 ലക്ഷത്തിലധികം ആളുകൾ കള്ളിപ്പാറയിലെത്തിയെന്നാണു കണക്ക്. പൂക്കൾ കൊഴിഞ്ഞു തുടങ്ങിയെങ്കിലും ഇനിയും സന്ദർശകരെത്തുമെന്ന് അധികൃതർ പറയുന്നു.

കള്ളിപ്പാറ എൻജിനീയർമെട്ടിലെ നീലക്കുറിഞ്ഞി കാണാൻ എത്തുന്ന സന്ദർശകരുടെ എണ്ണം അവധി ദിവസങ്ങളിൽ അര ലക്ഷം പിന്നിടുമെന്ന കണക്കുകൂട്ടലിൽ ശാന്തൻപാറ പഞ്ചായത്ത്, പൊലീസ്, വനം വകുപ്പ് അധികൃതർ നടത്തിയ മുന്നൊരുക്കങ്ങൾ ലക്ഷ്യം കണ്ടു. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലും, മൂന്നാർ കുമളി സംസ്ഥാന പാതയിലും ഉൾപ്പെടെ കാര്യമായ ഗതാഗത തടസ്സങ്ങളുണ്ടായില്ല. കുറിഞ്ഞി കാണാൻ ഒന്നര കിലോമീറ്ററോളം മല കയറി പോകണമായിരുന്നിട്ടും സന്ദർശകർക്ക് ക്യൂ നിൽക്കേണ്ടി വന്നില്ല. ‌

മല മുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെ സമയ ബന്ധിതമായി നീക്കിയ ഹരിത കർമ സേനയും സന്നദ്ധ സംഘടനകളും പരിസ്ഥിതി സൗഹൃദ കാഴ്ചകൾക്ക് അവസരമൊരുക്കി. മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ്, ശാന്തൻപാറ സിഐ മനോജ്കുമാർ, ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്, സെക്രട്ടറി എ.റംഷാദ്, ശാന്തൻപാറ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ സി.കെ.സുജിത് എന്നിവരുടെ നേതൃത്വം നൽകി.

ഡാമുകളും നിറഞ്ഞു

ഇടുക്കി, മലങ്കര ഡാമുകളിലും തിരക്കിനു കുറവുണ്ടായില്ല. ജൂലൈയിൽ തുറന്നു നൽകിയ ഇടുക്കി– ചെറുതോണി ഡാമുകളിൽ 31 വരെ സന്ദർശനാനുമതിയുണ്ട്. ഔദ്യോഗിക കണക്കുകൾക്കു പുറമേ 11 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന മലങ്കര തടാകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാനും ആളുകളെത്തി.

കെഎസ്ആർടിസി കൊയ്ത്ത്

കള്ളിപ്പാറയിലേക്ക് മൂന്നാറിൽ നിന്നുള്ള സർവീസുകളിൽ നിന്നു മാത്രം കെഎസ്ആർടിസിക്ക് 3 ദിവസങ്ങൾ കൊണ്ട് 1,05,000 രൂപ വരുമാനം ലഭിച്ചു. മൂവായിരത്തിലധികം സഞ്ചാരികൾ മൂന്നാറിൽ നിന്നുള്ള കെഎസ്ആർടിസി പ്രത്യേക സർവീസിനെ ആശ്രയിച്ചു. പൂപ്പാറ, ഉടുമ്പൻ ചോല എന്നിവിടങ്ങളിൽ നിന്നും കെഎസ്ആർടിസി കള്ളിപ്പാറയിലേക്കു സർവീസുകൾ നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com