ADVERTISEMENT

തൊടുപുഴ ∙ എന്നും യാത്ര ചെയ്തിരുന്ന അപ്പച്ചനെയും അമ്മച്ചിയെയും രണ്ടാഴ്ച കാണാതായപ്പോഴാണ് തൊടുപുഴ - തോപ്രാംകുടി റൂട്ടിൽ സർവീസ് നടത്തുന്ന ബ്ലൂഹിൽ ബസ് ജീവനക്കാർ അന്വേഷണം നടത്തിയത്. ഇരുവരും രോഗികളാണെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മനസ്സിലായതോടെ എങ്ങനെയും അവരെ സഹായിക്കണമെന്ന് ഡ്രൈവർ ജയൻ തോമസും കണ്ടക്ടർ ജോസ് ജോസഫും തീരുമാനിച്ചു. ബസിലെ സ്ഥിരം യാത്രക്കാരും ഒന്നിച്ചിറങ്ങിയതോടെ പിറന്നത് കാരുണ്യത്തിന്റെ പുതിയ ഗാഥ.

ഒന്നേകാൽ ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ഇവരുടെ നേതൃത്വത്തി‍ൽ സമാഹരിച്ചത്. ബസിലെ സ്ഥിരം യാത്രക്കാരും ജീവനക്കാരുമടങ്ങുന്ന വാട്സാപ് കൂട്ടായ്മ മുൻകയ്യെടുത്താണ് രണ്ടാഴ്ച കൊണ്ട് ഇത്രയും തുക സമാഹരിച്ചത്. അർബുദബാധിതയായ അംബിക മോഹനൻ, ഇരുവൃക്കകളും തകരാറിലായി ഡയാലിസിസിനു വിധേയനായി വരികയായിരുന്ന ഭർത്താവ് മോഹനൻ എന്നിവർക്കായാണ് ബസ് ജീവനക്കാരും യാത്രക്കാരും മറ്റു സുമനസ്സുകളും കൈകോർത്തത്.

പക്ഷേ, മോഹനൻ കഴിഞ്ഞ വെള്ളിയാഴ്ച മരണത്തിനു കീഴടങ്ങി. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അംബിക. ഭർത്താവ് മോഹനന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ബസിലെ സ്ഥിരം യാത്രക്കാരി അമ്പിളി ജീവനക്കാർക്കൊപ്പം ധനസമാഹരണത്തിനു നേതൃത്വം കൊടുത്തു. ബസിൽ ഒരു കുടുക്ക ജീവനക്കാർ സ്ഥാപിച്ചു.

ബസിൽ കയറുന്നവരോട് വിവരം പറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്ക് മുരിക്കാശേരി ശാഖാ ജീവനക്കാർ, തൊടുപുഴ–തോപ്രാംകുടി റൂട്ടിലെ വിവിധ വ്യാപാരികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ, തൊടുപുഴയിലെ ബസ് ജീവനക്കാർ എന്നിവരുൾപ്പെടെ ഒട്ടേറെപ്പേർ സഹായവുമായി മുന്നോട്ടുവന്നു. ഇന്നലെ തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ആർടിഒ പി.എ.നസീർ 1,26,610 രൂപ അംബികയ്ക്കു കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com