ADVERTISEMENT

പൊങ്ങിപ്പറന്നും കുതിച്ചു ചാടിയും കണ്ണഞ്ചിപ്പിക്കും വേഗത്തിലോടിയും സിനിമകളിലെയും കോമിക്കുകളിലെയും സൂപ്പർ ഹീറോ കഥാപാത്രങ്ങൾ മണ്ണിലിറങ്ങിയ പ്രതീതിയായിരുന്നു കായിമേളയിൽ ഇന്നലെ. പ്രളയത്തെയും കോവിഡിനെയും തോൽപിച്ചെത്തി കായികക്കുതിപ്പിന് ഒരിഞ്ചുപോലും കുറവു വന്നിട്ടില്ലെന്നു മലയോരത്തിന്റെ കൺമണികൾ തെളിയിച്ച ദിനം. ജയിച്ചവർ മാത്രമല്ല, ഈ മേളയിൽ ട്രാക്കിലും ഫീൽഡിലും ഇറങ്ങിയ എല്ലാ കായികതാരങ്ങളും ഇടുക്കിക്കു സൂപ്പർ ഹീറോസാണ്... നാടിന്റെ സ്വന്തം സൂപ്പർ ഹീറോസ്!!!

കട്ടപ്പന ∙ നൂറു മീറ്റർ ട്രാക്കിൽ മിന്നൽ മുരളിമാരുടെ വേഗപ്പോരാട്ടങ്ങൾക്കു സാക്ഷ്യം വഹിച്ച റവന്യു ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാം ദിനം കട്ടപ്പന (171 പോയിന്റ്) ഉപജില്ലയുടെ മുന്നേറ്റം. അടിമാലി (146) ഉപജില്ല രണ്ടും പീരുമേട് (60) മൂന്നും സ്ഥാനത്തുണ്ട്.സ്കൂളുകളിൽ എൻആർസിറ്റി എസ്എൻവിഎച്ച്എസ്എസ് (65) ആണ് കുതിപ്പു തുടരുന്നത്. ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്എസ് (55) രണ്ടും കാൽവരിമൗണ്ട് കാൽവരി ഹൈസ്‌കൂൾ (39) മൂന്നാം സ്ഥാനത്തുമുണ്ട്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ എം.എം.മണി എംഎൽഎ നിർവഹിച്ചു.

 മിനിജ മക്കളായ കെ.എസ്.അനാർക്കലിക്കും കെ.എസ്.അവന്തികക്കും ഒപ്പം
മിനിജ മക്കളായ കെ.എസ്.അനാർക്കലിക്കും കെ.എസ്.അവന്തികക്കും ഒപ്പം

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി.ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഡിഡിഇ കെ.ബിന്ദു, ഫാ.വിൽഫിച്ചൻ തെക്കേവയലിൽ, മായ ബിജു, ജോസഫ് മാത്യു, ടോമി ഫിലിപ്പ്, കെ.ആർ.ഷാജിമോൻ, കെ.സുരേഷ്‌കുമാർ, ബിജു ജോസഫ്, ഡോൺ ബോസ്‌കോ, കെ.വി.ജോർജുകുട്ടി, ജോസഫ് മാത്യു, ജിമ്മി ജേക്കബ് എന്നിവർ പ്രസംഗിച്ചു.അണക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്നു വിരമിക്കുന്ന കായികാധ്യാപകൻ പി.ഡി.ബൈജു, ദേശീയ യോഗ ചാംപ്യൻഷിപ്പിൽ റിതമിക് യോഗയിൽ വെങ്കലം നേടിയ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിലെ 7ാം ക്ലാസ് വിദ്യാർഥിനി ദുർഗ മനോജ് എന്നിവരെ ആദരിച്ചു.

 സീനിയർ വിഭാഗം  ലോങ് ജംപിൽ  സ്വർണം നേടുന്ന  മേരികുളം എസ്.എം.എച്ച്.എസ്.എസിലെ അനീറ്റ ജോൺ
സീനിയർ വിഭാഗം ലോങ് ജംപിൽ സ്വർണം നേടുന്ന മേരികുളം എസ്.എം.എച്ച്.എസ്.എസിലെ അനീറ്റ ജോൺ

വണ്ടർവുമൺ മിനിജ

അമ്മയുടെ ശിക്ഷണത്തിൽ കളത്തിലിറങ്ങിയ രണ്ടു മക്കളും സ്വർണവുമായി ജയിച്ചു കയറി. എൻആർ സിറ്റി എസ്എൻ വിഎച്ച്എസ്എസിലെ കായികാധ്യാപിക ടി.ബി. മിനിജയുടെ 2 പെൺകുട്ടികളാണു സ്വർണം നേടിയത്. സീനിയർ പെൺകുട്ടികളുടെ ഹൈജംപിൽ ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയും മൂത്തമകളുമായ കെ.എസ്.അനാർക്കലി സ്വർണം നേടിയപ്പോൾ ജൂനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഇളയ മകൾ എട്ടാം ക്ലാസുകാരി കെ.എസ്.അവന്തികയും സ്വർണം നേടി. ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ മെഡൽ നേടിയ താരമായിരുന്നു മിനിജ. കഴിഞ്ഞ 21 വർഷമായി പരിശീലന രംഗത്തുണ്ട്. എക്സൈസ് പ്രിവന്റീവ് ഓഫിസറായ ഭർത്താവ് സുനിൽ കുമാറും എക്സൈസ് മീറ്റിൽ ത്രോ ഇനങ്ങളിൽ മത്സരിച്ചിട്ടുണ്ട്.

സൂപ്പർഗേൾഅബിയ ആൻ ജിജി

സീനിയർ പെൺകുട്ടികളേക്കാൾ ദൂരം താണ്ടി സബ് ജൂനിയർ പെൺ ലോങ് ജംപിൽ അബിയ ആൻ ജിജിയുടെ മിന്നും പ്രകടനം. പനിയും തുമ്മലുമെല്ലാം അലട്ടുമ്പോഴാണു 4.48 മീറ്റർ ദൂരം താണ്ടി ഏഴാംക്ലാസുകാരി ഒന്നാം സ്ഥാനത്തേക്ക് ചാടിയെത്തിയത്. ഹൈജംപിൽ രണ്ടാം സ്ഥാനത്തെത്തിയ അബിയ ഇന്ന് ഹർഡിൽസിലും മത്സരിക്കുന്നുണ്ട്.മുണ്ടക്കയം ഈസ്റ്റ് സെന്റ് ആന്റണീസ് യുപി സ്‌കൂൾ വിദ്യാർഥിനിയായ അബിയ പെരുവന്താനം സ്പോർട്‌സ് അക്കാദമിയിൽ സന്തോഷ് ജോർജ്, ബിനോഫ സനീഷ് എന്നിവരുടെ കീഴിലാണ് പരിശീലനം.

പുലിക്കുന്ന് വെട്ടിക്കിഴക്കേതിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ടി.വി.ജിജിമോന്റെയും നഴ്സായ സുനുവിന്റെയും മകളായ അബിയയുടെ ദിനചര്യ രാവിലെ 4ന് ആരംഭിക്കും. 5.45നു വീട്ടിൽ നിന്നിറങ്ങി ബസ് മാർഗം 6.15ന് അക്കാദമിയിലെത്തി ആരംഭിക്കുന്ന പരിശീലനം 8 വരെ നീളും. പിന്നീടു പഠനശേഷം വൈകിട്ട് 4ന് വീണ്ടും 6 വരെ പരിശീലനം തുടരും. വൈകിട്ട് ജോലി കഴിഞ്ഞ് എത്തുന്ന അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ വീട്ടിൽ എത്തുമ്പോൾ ഏഴുമണിയാകും. സഹോദരൻ ആൽബിൻ ഫുട്ബോൾ താരമാണ്.

സ്വീറ്റ് റിവഞ്ച് ബ്ലാക് പാന്തർ ആഷ്ബിൻ

കഴിഞ്ഞ റവന്യു ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം നേടിയെങ്കിലും സംസ്ഥാന മീറ്റിലേക്കു റജിസ്റ്റർ ചെയ്യാൻ വൈകി അവസരം നഷ്ടപ്പെട്ടതിന്റെ ക്ഷീണം തീർക്കാനാണു സീനിയർ ആൺ ലോങ്ജംപ് മത്സരത്തിന് ആഷ്ബിൻ ദിലീപ് ഇറങ്ങിയത്. അവസാന ചാട്ടത്തിൽ തന്റെ കരിയർ ബെസ്റ്റായ 6.19 ദൂരം കണ്ടെത്തി രാജാക്കാട് ജിഎച്ച്എസ്എസിന്റെ മിന്നും താരം സ്വർണം നേടി. എ.എസ്.സുനീഷാണ് പരിശീലകൻ. ചുമട്ടുതൊഴിലാളിയായ ടി.സി.ദിലീപിന്റെയും ലതികയുടെയും മകനായ ആഷ്ബിൻ 2018ലെ സംസ്ഥാന കായിക മേളയിൽ സബ് ജൂനിയർ 100 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനം നേടിയ ടീം അംഗമാണ്.

മിസ് മാർവൽ അനീറ്റ ജോൺ

സീനിയർ പെൺകുട്ടികളുടെ ലോങ്ജംപിൽ ആരും പ്രതീക്ഷിക്കാത്തൊരു സ്വർണം നേടിയതിന്റെ ആഹ്ലാദത്തിലാണു മേരികുളം എസ്എം എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനി അനീറ്റ ജോൺ. ആദ്യത്തെ അവസരങ്ങളിലെല്ലാം 4 മീറ്ററിനു താഴെ മാത്രമാണ് അനീറ്റയ്ക്ക് ദൂരം കണ്ടെത്താൻ കഴിഞ്ഞിരുന്നത്. മികച്ച ദൂരമുള്ള 8 പേരുടെ പട്ടികയിൽ നാലാം സ്ഥാനവും. അവസാന റൗണ്ടിൽ തന്റെ അവസാന അവസരമായ ആറാം ചട്ടത്തിലാണ് അനീറ്റ സുവർണ ദൂരം കണ്ടെത്തിയത്. 4.18 മീറ്റർ ചാടി അവസാന നിമിഷത്തിൽ സുന്ദരമായൊരു അട്ടിമറി. 400 മീറ്ററിൽ സ്ഥിരമായി മത്സരിച്ചിരുന്ന അനീറ്റ ആദ്യമായാണു ജംപിങ് പിറ്റിലെത്തുന്നത്. ജോൺ വർഗീസ് - സിനി ജോൺ ദമ്പതികളുടെ മകളാണ്. ബിനു തോമസ്, ജോയിസ് എന്നിവരാണു പരിശീലകർ.

സബ് ജൂനിയർ ആൺ: എബിൻ ജിനു

സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടി എബിൻ ജിനു. പാറത്തോട് സെന്റ് ജോർജ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് എബിൻ. ലോങ് ജംപിൽ രണ്ടാം സ്ഥാനം നേടിയ എബിൻ 12.65 സെക്കൻഡിലാണ് 100 മീറ്റർ ഫിനിഷ് ചെയ്തത് സ്വർണം സ്വന്തമാക്കിയത്. ജിജോ ജോസഫാണു പരിശീലകൻ. ഹണി - ജിനു ദമ്പതികളുടെ മകനാണ്.

ജൂനിയർ ആൺ: സുബിൻ ജോഷി

യുട്യൂബിൽ നോക്കി പഠിച്ച സ്പ്രിന്റ് ടെക്നിക് ട്രാക്കിൽ ഫലവത്താക്കി വാഴത്തോപ്പ് ജിവിഎഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി സുബിൻ ജോഷി ജൂനിയർ ആൺ 100 മീറ്ററിൽ മിന്നൽ‌പ്പിണറായി സ്വർണം നേടി. 11.50 സെക്കന്റിലാണു സുബിൻ ഫിനിഷ് ചെയ്തത്. ചേലച്ചുവട് സ്വദേശിയായ സുബിൻ സ്കൂളിൽ കായിക അധ്യാപകനില്ലാത്തതിനാൽ സ്വന്തമായാണു പരിശീലനം. 8,9 ക്ലാസിൽ പഠിക്കുമ്പോഴും 100 മീറ്ററിൽ സുബിൻ ഒന്നാം സ്ഥാനം നേടിയിരുന്നു. ജോഷി - സുനി ദമ്പതികളുടെ മകനാണ്.

സീനിയർ ആൺ: ജഗൻ എൻ.സജീവൻ

കട്ടപ്പനയിലെ ഉച്ചവെയിലിൽ ഇടിമിന്നൽ പോലെ ജഗൻ പറന്നിറങ്ങി. 11.44 സെക്കൻഡിൽ സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഫിനിഷ് ചെയ്ത് എൻആർ സിറ്റി എസ്എൻവിഎച്ച്എസ്എസിലെ ജഗൻ എൻ.സജീവൻ വേഗതാരമായി. പ്ലസ് ടു വിദ്യാർഥിയാണ് ജഗൻ. ഏഴാം ക്ലാസിൽ വച്ചു കൊല്ലം സായിയിലേക്കു മാറിയ ജഗൻ പ്ലസ് വണ്ണിൽ ഇടുക്കിയിലേക്കു തിരിച്ചെത്തിയത്. സായിയിൽ പഠിക്കുമ്പോൾ 100 മീറ്ററിൽ 2 വർഷം ജില്ലാ ചാംപ്യനായിരുന്നു. കെഎസ്ആർടിസി കണ്ടക്ടർ എൻ.കെ.സജീവനും അമ്മ സി.കെ.ഷൈലമണിയും ജഗനു പിന്തുണ നൽകുന്നു. എ.സുനിൽ കുമാറാണു പരിശീലകൻ.

സീനിയർ പെൺ:ബെൽസി മാത്യു

ജില്ലാതലത്തിൽ ആദ്യമായി 100 മീറ്റർ മത്സരത്തിനിറങ്ങിയ ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനി ബെൽസി മാത്യു മീറ്റിലെ വേഗതാരം. 13.96 സെക്കൻഡിലാണ് ബെൽസി ഒന്നാമതായി ഫിനിഷ് ചെയ്തത്. നാലാം ക്ലാസ് മുതൽ ഹൈജംപ്, ഹർഡിൽസ് ഇനങ്ങളിൽ മത്സരിച്ചിരുന്നു. ഇത്തവണ 200 മീറ്ററിലും ഹർഡിൽസിലും മത്സരിക്കുന്നുണ്ട്. ഹൈജംപ് ഒഴിവാക്കിയാണ് 100 മീറ്ററിൽ മത്സരിക്കാനിറങ്ങിയത്. തീരുമാനം തെറ്റിയില്ല. ട്രാക്ക് സ്വർണം നൽകി. ജിറ്റോ മാത്യുവിന്റെ ശിക്ഷണത്തിലാണു പരിശീലനം. ശാന്തിഗ്രാം പഴയപറമ്പിൽ മാത്തുക്കുട്ടിയുടെയും ബിന്ദുവിന്റെയും മകളാണ്. സഹോദരൻ ബെസ്‌ലിൻ ജാവലിൽ ത്രോയിൽ സംസ്ഥാനതലത്തിൽ മത്സരിച്ചിട്ടുണ്ട്.

ജൂനിയർ പെൺ: സിയോന മരിയ ഷിജു

സീനിയർ പെൺകുട്ടികളേക്കാൾ മിന്നും വേഗത്തിൽ 100 മീറ്റർ ദൂരം താണ്ടി ജൂനിയർ വിഭാഗം സ്പ്രിന്റ് സ്വർണം സ്വന്തമാക്കി മുണ്ടക്കയം ഈസ്റ്റ് സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി സിയോന മരിയ ഷിജു. 13.40 സെക്കഡിലാണു സിയോന ഫിനിഷ് ലൈൻ തൊട്ടത്. സീനിയർ വിഭാഗത്തിൽ 13.96 സെക്കൻഡിലാണ് ഒന്നാം സ്ഥാനം പിറന്നത്. പെരുവന്താനം ഹൈറേഞ്ച് സ്പോർട്‌സ് അക്കാദമിയിൽ സന്തോഷ് ജോർജിന്റെയും ബിനോഫ സനീഷിന്റെയും ശിക്ഷണത്തിലാണു സിയോനയുടെ പരിശീലനം.

ഇന്നു നടക്കുന്ന 200 മീറ്റർ ഓട്ടത്തിലും സിയോന മത്സരിക്കുന്നുണ്ട്. ബോയ്‌സ് എസ്‌റ്റേറ്റ് പുളിനിൽക്കുന്നതിൽ ടാപ്പിങ് തൊഴിലാളിയായ ഷിജു മാത്യുവിന്റെയും സൗമ്യയുടെയും മകളാണ്.

സബ് ജൂനിയർ പെൺ: അപർണ രാജേഷ്

14.12 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സബ് ജൂനിയർ പെൺ 100 മീറ്ററിൽ ഒന്നാം സ്ഥാനം നേടി അപർണ രാജേഷ്. ആതിഥേയരായ കട്ടപ്പന സെന്റ് ജോർജ് എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് അപർണ. ലോങ്ജംപിൽ രണ്ടാം സ്ഥാനവും അപർണ നേടി. ട്രിപ്പിൾ മെഡൽ പ്രതീക്ഷിച്ച് 200 മീറ്ററിലും അപർണ ഇന്നു മത്സരിക്കും.

100 മീറ്ററിൽ ആദ്യമായാണു ജില്ലാതലത്തിൽ മത്സരത്തിന് ഇറങ്ങിയത്. 4ാം ക്ലാസ് മുതൽ കായിക പരിശീലനം നടത്തിയിരുന്ന അപർണ കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2 വർഷമായി ട്രാക്കിൽ ഇറങ്ങിയിരുന്നില്ല. കായികാധ്യാപകനായ മജു മാനുവലിന്റെ ശിക്ഷണത്തിൽ ഒരുമാസത്തെ പരിശീലനത്തിനുശേഷം ട്രാക്കിലിറങ്ങിയാണു സ്വർണം നേടിയത്. വലിയപാറ തണ്ടയിൽ രാജേഷ്-സന്ധ്യ ദമ്പതികളുടെ മകളാണ്.

ഇവർ കുതിക്കുന്നുസ്കൂൾ(സകൂൾ, സ്വർണം, വെള്ളി, വെങ്കലം പോയിന്റ് ക്രമത്തിൽ)

1. എൻആർ സിറ്റി എസ്എൻവിഎച്ച്എസ്എസ് 10 4 3 65
2. എസ്ടിഎച്ച്എസ്എസ് ഇരട്ടയാർ 6 5 10 55
3. സിഎച്ച്എസ് കാൽവരിമൗണ്ട് 5 4 2 39
4. സെന്റ് ആന്റണീസ് എച്ച്എസ് മുണ്ടക്കയം ഈസ്റ്റ് 5 1 1 29
5. സെന്റ് ജോർജ്സ് എച്ച്എസ് പാറത്തോട് 3 3 2 26
6. എസ്ജിഎച്ച്എസ്എസ് കട്ടപ്പന 1 5 1 21
7. എസ്എംഎച്ച്എസ്എസ് മുരിക്കാശേരി 2 2 4 20
8. എസ്എൻഎച്ച്എസ്എസ് നങ്കിസിറ്റി 2 3 1 20
9. സിയുപിഎസ് കാൽവരി മൗണ്ട് 2 1 0 13
10. സെന്റ് ആന്റണീസ് യുപിഎസ് മുണ്ടക്കയം 1 2 0 11

ഉപജില്ല(ഉപജില്ല, സ്വർണം, വെള്ളി, വെങ്കലം, പോയിന്റ് ക്രമത്തിൽ)

∙കട്ടപ്പന 17 21 23 171
∙അടിമാലി 18 15 11 146
∙പീരുമേട് 8 5 5 60
∙നെടുങ്കണ്ടം 2 4 2 24
∙അറക്കുളം 3 2 3 24
∙തൊടുപുഴ 2 2 5 21
∙മൂന്നാർ 0 1 1 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com