ADVERTISEMENT

മൂന്നാർ ∙ ആന സഫാരി കേന്ദ്രത്തിൽ പാപ്പാന്മാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ ഒന്നാം പാപ്പാൻ കത്തിക്കുത്തേറ്റു മരിച്ചു; രണ്ടാം പാപ്പാൻ അറസ്റ്റിലായി. തൃശൂർ പെരുവല്ലൂർ വടിയിരി വീട്ടിൽ വിമൽ വിശ്വനാഥൻ (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തൃശൂർ പ്ലാക്കൽ കുടപ്പള്ളിൽ വീട്ടിൽ കെ.എസ്.മണികണ്ഠൻ (29) ആണ് അറസ്റ്റിലായത്. രണ്ടു പേരും മാട്ടുപ്പെട്ടി കൊരണ്ടക്കാടുള്ള കാർമലഗിരി ആന സഫാരി കേന്ദ്രത്തിലെ ആനപ്പാപ്പാന്മാരാണ്. ഇന്നലെ രാവിലെ ഏഴിനാണു സംഭവം.

ആനയെ കുളിപ്പിക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെയുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിനു കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കഴുത്തിൽ ഒന്നിലധികം കുത്തുകളേറ്റ വിമൽ ഓടി സഫാരി കേന്ദ്രത്തിലെ ഓഫിസ് മുറിക്കരികിലെത്തി വീഴുകയായിരുന്നു. മണികണ്ഠനെ സഫാരി കേന്ദ്രത്തിലെ മറ്റു ജീവനക്കാർ ചേർന്നാണ് പിടികൂടി പൊലീസിനു കൈമാറിയത്. മണികണ്ഠൻ കൊലപാതകം ഉൾപ്പെടെയുള്ള വിവിധ കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

പെരുവല്ലൂർ കൂത്താട്ടിൽ ക്ഷേത്രത്തിനു സമീപം വടിയിരി വിശ്വനാഥന്റെയും പരേതയായ മല്ലികയുടെയും മകനാണ് മരിച്ച വിമൽ. 15 വർഷമായി പാപ്പാനാണ്. 6 മാസം മുൻപാണ് ഇടുക്കിയിലെത്തിയത്. മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ മനേഷ് കെ.പൗലോസിനാണ് അന്വേഷണച്ചുമതല.

കൊന്നത് രണ്ടാം പാപ്പാൻ; കൊല്ലപ്പെട്ടത് ഒന്നാം പാപ്പാൻ

മൂന്നാർ ∙ സഹപ്രവർത്തകൻ കൺമുൻപിൽ കുത്തേറ്റ് പിടഞ്ഞു മരിച്ചതിന്റെ ഞെട്ടലിലാണ് സവാരി കേന്ദ്രത്തിലെ പാപ്പാന്മാരും കോട്ടയം സ്വദേശികളുമായ കണ്ണനും വിഷ്ണുവും. മാട്ടുപ്പെട്ടി കൊരണ്ടക്കാടുള്ള കാർമലഗിരി ആനസവാരി കേന്ദ്രത്തിൽ സഞ്ചാരികൾക്ക് സവാരി നടത്താൻ ഏഴ് ആനകളുണ്ട്. ഓരോന്നിനും രണ്ട് പാപ്പാൻമാർ. ഒരേ ആനയുടെ ഒന്നാം പാപ്പാനാണ് കൊല്ലപ്പെട്ട വിമൽ. മണികണ്ഠൻ രണ്ടാം പാപ്പാനും. ഇരുവരും തമ്മിൽ ആനയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും തർക്കങ്ങൾ പതിവായിരുന്നു.

രണ്ടു ദിവസം മുൻപും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇവർ നോക്കുന്ന ആന മണികണ്ഠനെ വിരട്ടിയോടിച്ചിരുന്നു. ഇന്നലെ രാവിലെ ആനയെ കുളിപ്പിക്കാനായി കൊണ്ടു പോകുന്നതിനിടയിൽ വിമൽ, ആനയെ മര്യാദയ്ക്ക് നോക്കണമെന്നും ഇനി ആനയിടഞ്ഞാൽ ഞാൻ നോക്കില്ലെന്നും പറഞ്ഞു കൊണ്ടാണ് പോയതെന്ന് സമീപത്തുണ്ടായിരുന്ന മറ്റൊരു പാപ്പാനായ കണ്ണൻ പറഞ്ഞു.

തൊട്ടടുത്ത മിനിറ്റിലാണ് കഴുത്തിന് കുത്തേറ്റ് ചോരയൊലിച്ച് വിമൽ ഓടിയെത്തിയതെന്നും പിന്നാലെ കത്തിയുമായി മണികണ്ഠനും പാഞ്ഞെത്തിയെന്നും കണ്ടു നിന്ന ഇവർ പറഞ്ഞു. ഓടിയെത്തിയ വിമൽ ആദ്യം ഒരു ആനയുടെ അരികിൽ അഭയം തേടി. ഇതിനു ശേഷമാണ് തൊട്ടടുത്തുള്ള ഓഫിസ് മുറിയുടെ മുൻപിലേക്ക് നടന്നു വന്നതും ഉടൻ കുഴഞ്ഞു വീണതും.

തങ്ങളുടെ പക്കലുണ്ടായിരുന്ന ആനയെ തളച്ച ശേഷമാണ് കുത്തേറ്റു കിടന്ന വിമലിനെ, കണ്ണനും വിഷ്ണുവും മറ്റു രണ്ട് പാപ്പാൻമാരും ചേർന്ന് സവാരി പാർക്കിന് താഴെയുള്ള പ്രധാന റോഡിൽ എത്തിച്ച് അതുവഴി വന്ന ഓട്ടോയിൽ മൂന്നാറിലെ ആശുപത്രിയിലെത്തിച്ചത്. ഓട്ടോയിൽ കയറ്റുമ്പോൾ അനക്കമില്ലായിരുന്നുവെന്ന് കണ്ണൻ പറഞ്ഞു. 

∙ കൊലപാതക കേസിലെ പ്രതി സവാരി കേന്ദ്രത്തിൽ

മരിച്ച വിമലും പ്രതിയായ മണികണ്ഠനും അവിവാഹിതരാണ്. തൃശൂരിൽ വച്ച് വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിൽ ഒരാളെ കുത്തി കൊന്ന കേസ്, തിരുവനന്തപുരം വഞ്ചിയൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് മണികണ്ഠൻ.

ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾക്ക് ജോലി കൊടുത്തത് എന്ത് മാനദണ്ഡത്തിലാണെന്നും ആന പാർക്ക് ഉടമകൾക്ക് പ്രതിയുമായുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. എട്ടു വർഷം മുൻപ് ഈ കേന്ദ്രത്തിൽ മറ്റൊരു ആന പാപ്പാനെ ചവിട്ടി കൊന്നിരുന്നു. ഇതെത്തുടർന്ന് വർഷങ്ങളോളം കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് രണ്ടുവർഷം മുൻപാണ് പ്രവർത്തനം ആരംഭിച്ചത്. എട്ടു മാസം മുൻപാണ് മരിച്ച വിമൽ കേന്ദ്രത്തിൽ ജോലിക്കെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com