ADVERTISEMENT

രാജകുമാരി‍∙ പൊളിക്കാൻ കൊണ്ടു പോകുന്ന സ്കൂൾ ബസിന് വിദ്യാർഥികൾ നൽകിയ വികാരനിർഭര യാത്രയയപ്പ്, കാഴ്ചക്കാരെയും സങ്കടപ്പെടുത്തി. ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം നമ്പർ ബസാണ് കാലപ്പഴക്കം മൂലം‍ യാത്ര അവസാനിപ്പിച്ചത്. ബസ് പൊളിച്ചു വിൽക്കാൻ കോട്ടയം സ്വദേശികൾ കരാറെടുത്ത വിവരം വിദ്യാർഥികൾ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കരാറെടുത്തവർ ബസ് കൊണ്ടു പോകാൻ എത്തിയപ്പോൾ സ്കൂളിൽ ഇടവേള സമയമായിരുന്നു. ഒന്നോ രണ്ടോ കുട്ടികൾ മാത്രമാണ് ബസ് കൊണ്ടു പോകുന്ന വിവരം ആദ്യം അറിഞ്ഞത്.

പിന്നെയാ വാർത്ത കാട്ടു തീ പോലെ സ്കൂളിലാകെ പരന്നു. പൊളിക്കാനായി കൊണ്ടു പോകുന്ന ബസിന് യാത്രാ മൊഴിയേകാൻ വിദ്യാർഥികൾ കൂട്ടമായി ഗ്രൗണ്ടിലെത്തി. തൊട്ടും തലോടിയും മാല ചാർത്തിയും കുട്ടികൾ തങ്ങളുടെ ഇഷ്ട വാഹനത്തോടുള്ള സ്നേഹം ഒരിക്കൽ കൂടി പ്രകടിപ്പിച്ചു. ഹെഡ്മിസ്ട്രസ് കരോളിൻ ജോസും പ്രിൻസിപ്പൽ ഡോ.ലാലു തോമസും ഇൗ സ്നേഹ യാത്രയയപ്പിന് സാക്ഷികളായി. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ ‍ഇൗ ബസിൽ സ്കൂളിലെത്തിയ വിദ്യാർഥികളിൽ പലരും നിറകണ്ണുകളോടെ കൈ വീശിയാണ് ഇഷ്ട വാഹനത്തോട് വിട ചൊല്ലിയത്. മുൻപ് പണിക്കൻകുടി-കോതമംഗലം റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് ആണിത്.

2004 ൽ സ്കൂൾ മാനേജ്മെന്റ് ഇൗ ബസ് വാങ്ങി സ്കൂൾ ബസ് ആക്കി മാറ്റി. അതിന് ശേഷം ഇതുവരെ എത്ര കുട്ടികളാണ് ഇതിൽ സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും പോയതെന്ന് കണക്കില്ല. 7 ബസുകളുള്ള സ്കൂളിൽ ഏറ്റവുമധികം ദൂരം സർവീസ് നടത്തിയതും ഇൗ ഒന്നാം നമ്പരുകാരനായിരുന്നു. മാവടി, നെടുങ്കണ്ടം എന്നിവിടങ്ങളിൽ നിന്നും വിദ്യാർഥികളെ സ്കൂളിലത്തിച്ചിരുന്ന ഇൗ ബസ് ദിവസവും 70 കിലോമീറ്ററിലധികം സഞ്ചരിച്ചിരുന്നു. ഒരിക്കൽ പോലും കേട് പറ്റി വഴിയിൽ കിടക്കേണ്ടി വന്നിട്ടില്ലെന്ന് 10 വർഷം ഇതിൽ സഞ്ചരിച്ച വിദ്യാർഥികൾ പറയുന്നു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com