ADVERTISEMENT

ചെറുതോണി ∙ തെളിവെടുപ്പിനു പ്രതിയുമായി നാരകക്കാനത്ത് പൊലീസ് എത്തിയപ്പോൾ ജനരോഷം ഇരമ്പി. പ്രദേശത്ത് കാത്തുനിന്ന വലിയ ആൾക്കൂട്ടം അസഭ്യവർഷത്തോടെയാണ് സജിയെ സ്വീകരിച്ചത്. പൊലീസ് വലയം ഭേദിച്ച് ജനങ്ങൾ ഇയാളെ കൈകാര്യം ചെയ്തപ്പോൾ തടയാൻ പൊലീസിനു നന്നേ പണിപ്പെടേണ്ടി വന്നു. പിന്നീട് ഏറെ പാടുപെട്ടാണ് പൊലീസ് ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇയാൾ സ്വർണം പണയം വച്ച തടിയമ്പാട് ടൗണിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ എത്തിച്ചപ്പോഴും വൻജനാവലി കാത്തു നിന്നിരുന്നു. ഇവിടെയും ജനക്കൂട്ടം പ്രതിയ്ക്കു തിരിഞ്ഞത് പൊലീസിനു ചില്ലറയല്ല തലവേദന സൃഷ്ടിച്ചത്.
നാരകക്കാനത്തു കൊലപാതകം നടന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതി സജി കൂസലില്ലാതെ കൃത്യം നടത്തിയ രീതി വിവരിച്ചത് പൊലീസ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു.

കൊലപാതകം നടന്ന വീട്
കൊലപാതകം നടന്ന വീട്

വെള്ളം ചോദിച്ചു വീട്ടിൽ എത്തിയപ്പോൾ മുതൽ തീ കൊളുത്തുന്നതു വരെയുള്ള സംഭവങ്ങൾ സങ്കോചമില്ലാതെയാണ് പറഞ്ഞത്. ചിരവയ്ക്കും വാക്കത്തിക്കും പല തവണ തലയ്ക്കടിച്ചു വീഴിച്ച ശേഷം പിൻതിരിഞ്ഞപ്പോൾ ചിന്നമ്മ പിറകിൽ നിന്നും കയറിപ്പിടിച്ചെന്നും ഇതോടെ വീണ്ടും തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു എന്നും ഇയാൾ വ്യക്തമാക്കി. തുടർന്ന് കമ്പിളി പുതപ്പു കൊണ്ട് മൂടിയ ശേഷം തുണി കൂട്ടിയിട്ട് തീ കൊളുത്തി. ചൂട് അടിച്ചപ്പോൾ ചിന്നമ്മ വട്ടം തിരിഞ്ഞെന്നും അപ്പോൾ മരണം ഉറപ്പാക്കാൻ വീണ്ടും തലയ്ക്കു തന്നെ അടിച്ചു. ഇതിനു ശേഷം ആ ചോര പുരണ്ട കൈകൾ കൊണ്ടാണ് മാലയും വളയും ഊരിയെടുത്തത്. തുടർന്ന് ശുചിമുറിയിൽ പോയി സ്വർണാഭരണങ്ങളും കൈകളും കഴുകി വീട്ടിലേക്ക് മടങ്ങി.

പ്രതി പണയം വച്ച ചിന്നമ്മയുടെ മാല പോലീസ് കണ്ടെടുക്കുന്നു
പ്രതി പണയം വച്ച ചിന്നമ്മയുടെ മാല പോലീസ് കണ്ടെടുക്കുന്നു

അവിടെ എത്തി രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ചു. വൈകുന്നേരം തടിയമ്പാട്ടുള്ള പണമിടപാട് സ്ഥാപനത്തിൽ സ്വർണം പണയം വച്ചു. അവിടെ ബിവ്റിജസിൽ നിന്നും മദ്യം വാങ്ങി തിരികെ വീട്ടിൽ എത്തി കൂട്ടുകാരുമൊത്ത് മദ്യപിച്ചു. പിന്നീട് കൊലപാതകത്തിനു ശേഷം പോയ സ്വന്തം വീട്ടിലും തടിയമ്പാടുള്ള സ്വകാര്യ പണമിടപാടു സ്ഥാപനത്തിലും എത്തിച്ചു തെളിവെടുപ്പ് നടത്തി. പണയം വച്ച ഒരു മാലയും, രണ്ടു വളയും അടക്കം നാലേകാൽ പവന്റെ സ്വർണ ഉരുപ്പടികൾ ഇവിടെ നിന്നും കണ്ടെടുത്തു. സംഭവം നടന്ന അന്ന് ഉച്ചകഴിഞ്ഞാണ് തോമസ് ആഭരണങ്ങൾ പണയം വച്ച് ഇവിടെ നിന്നും ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റിയത്.

നഷ്ടമായത് നല്ലൊരമ്മയെ...

ചെറുതോണി ∙ മക്കൾക്കു വേണ്ടി ജീവിത കാലം മുഴുവൻ അധ്വാനിച്ച കുമ്പിടിയാമ്മാക്കൽ ചിന്നമ്മയുടെ ദുർവിധിയിൽ പരിതപിച്ച് നാരകക്കാനം. വർഷങ്ങൾക്കു മുൻപ് ഭർത്താവ് ആന്റണി വാഹനാപകടത്തിൽ മരിച്ചപ്പോൾ മക്കൾ മൂന്നു പേരുമായി കഠിനാധ്വാനിയായ ചിന്നമ്മ ഏറെ കഷ്ടപ്പെട്ടാണ് കുടുംബം കരകയറ്റിയത്. പുരയിടത്തിൽ എല്ലു മുറിയെ പണിയെടുത്തു സമ്പാദിച്ച പണം കൊണ്ട് രണ്ടു പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചെങ്കിലും പിന്നീടും വിശ്രമിക്കാൻ തയാറായില്ല. മകനെ കൂടി കരകയറ്റണമെന്ന ആഗ്രഹമായിരുന്നു പിന്നീട് ഇവർക്ക്.

പത്തു വർഷം മുൻപ് വീടിനു സമീപം മകന്റെ നേതൃത്വത്തിൽ ഹോട്ടൽ തുടങ്ങിയപ്പോൾ അടുക്കള കാര്യം മുഴുവൻ നടത്തിയതു ചിന്നമ്മയായിരുന്നു. ഇടവേളകളിൽ പുരയിടത്തിലെ കൃഷി പണികൾ ചെയ്തും, തൊഴിലുറപ്പ് ജോലിക്കു പോയും ഇവർ മകനു താങ്ങും തണലുമായി. രണ്ടു മാസം മുൻപ് ഡബിൾ കട്ടിങ്ങിലേക്ക് ഹോട്ടൽ മാറ്റിയപ്പോൾ മകൻ ജോസ് ആന്റണിയുടെ ഭാര്യയ്ക്കൊപ്പം അടുക്കളയിൽ ചിന്നമ്മയും സജീവമായിരുന്നു. സംഭവ ദിവസം കമ്പിളി പുതപ്പ് അലക്കാനുണ്ട് എന്നു പറ‍ഞ്ഞാണ് ചിന്നമ്മ കടയിൽ പോകാതിരുന്നത്. ഇതോടെയാണ് കുട്ടിക്കാലം മുതൽക്കേ കൊച്ചു സഹോദരനെ പോലെ കണ്ടു നടന്നിരുന്ന വെട്ടിയാങ്കൽ സജിയുടെ ക്രൂരതയ്ക്കു മുന്നിൽ പെട്ട് ജീവിതം അവസാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com