ADVERTISEMENT

കട്ടപ്പന ∙ അതിക്രൂരമായ രീതിയിൽ അടിച്ചും വെട്ടിയും വീഴ്ത്തിയശേഷം പാചക വാതക സിലിണ്ടർ തുറന്നുവിട്ട് കത്തിക്കുമ്പോൾ പ്രാണനു വേണ്ടി പിടയുന്ന ചിന്നമ്മയെ നോക്കി നിന്ന തോമസ് വർഗീസ് സൈക്കോ രീതിയിലാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വസ്ത്രങ്ങൾ കഴുകിക്കൊണ്ട് നിന്നപ്പോഴാണ് ഇയാൾ ചിന്നമ്മയുടെ വീട്ടിൽ എത്തിയത്.

കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ കയറിയിരിക്കാൻ പറഞ്ഞ ശേഷമാണ് ചിന്നമ്മ വീടിനുള്ളിലേക്ക് കയറിയത്. എന്നാൽ ചിന്നമ്മയുടെ പിന്നാലെ ഇയാളും വീടിനുള്ളിലേക്ക് എത്തി. സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ കരുതിക്കൂട്ടിയാണ് പ്രതി വീട്ടിലെത്തിയത്. അടുക്കള വാതിൽക്കൽ കിടന്ന കൊരണ്ടിപ്പലക എടുത്ത് ചിന്നമ്മയുടെ തലയിൽ ശക്തമായി അടിച്ചു.

തലപൊട്ടി രക്തം ചീറ്റിത്തെറിച്ചതോടെ മേശപ്പുറത്തു കിടന്ന കറിക്കത്തിയെടുത്ത് ചിന്നമ്മ പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ കരാട്ടേ ബ്ലാക്ക്‌ബെൽറ്റ് നേടിയിട്ടുള്ള പ്രതി നിലത്തു കിടന്ന കവാത്ത് കത്തിയെടുത്ത് ചിന്നമ്മയുടെ കഴുത്തിലും വയറിലും കൈകളിലും വെട്ടി. നിലവിളിക്കുന്ന ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ഇയാൾ ചിന്നമ്മയുടെ വായിലേക്ക് വിരലുകൾ കടത്തി നാക്ക് പ്രത്യേക രീതിയിൽ വളച്ചു.

കരാട്ടേയിലൂടെ സ്വായത്തമാക്കിയ വിദ്യയാണ് ഇതിനായി പ്രയോഗിച്ചത്. അടുത്ത മുറിയിൽ നിന്ന് പുതപ്പും വസ്ത്രങ്ങളും ബുക്കുകളും എടുത്തുകൊണ്ട് വന്ന് ചിന്നമ്മയുടെ ദേഹത്ത് ഇട്ടശേഷം പാചക വാതക സിലിണ്ടറിന്റെ ഹോസ് മുറിച്ചാണ് തീപിടിപ്പിച്ചത്. ഇത് വസ്ത്രങ്ങളിലേക്ക് ഇട്ട് തീപടർന്നതോടെ അർധപ്രാണയായ ചിന്നമ്മ പിടയുകയായിരുന്നെന്നാണ് ഇയാൾ പൊലീസിനു നൽകിയിരിക്കുന്ന മൊഴി.

സജിയിലേക്ക് നീണ്ട അന്വേഷണം ഇങ്ങനെ

മരണം നടന്ന സ്ഥലം ആദ്യം കണ്ടതേ പൊലീസിന് സംശയം ഉണ്ടായി. അപകടമരണം അല്ലെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ മനസ്സിലായി. അടുക്കളയിൽ പച്ചക്കറികൾ ചിതറിക്കിടന്നത് സ്ഥലത്ത് മൽപ്പിടുത്തം നടന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഗ്യാസ് ഹോസ് മുറിച്ചശേഷം സിലിണ്ടറിന്റെ നോബ് പകുതി മാത്രമാണ് പ്രതി തുറന്നുവച്ചിരുന്നത്. ഇതും ഹോസ് മുറിച്ച നിലയിൽ കണ്ടതുമെല്ലാം കൊലപാതകമാണെന്ന സംശയത്തിലേക്ക് നീങ്ങാൻ ഇടയാക്കി. അതിഥി തൊഴിലാളികൾ ഉൾപ്പെടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവരിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. ഭാര്യയും മക്കളുമായി അകന്നു കഴിയുള്ള പ്രതി ചിന്നമ്മയെ മുൻപ് ശല്യം ചെയ്തിരുന്നു. ഇക്കാര്യം ചിന്നമ്മ നാട്ടുകാരിൽ ചിലരോട് പറഞ്ഞത് ഇയാളിലേക്കും സംശയം നീളാൻ ഇടയാക്കി.

മദ്യപിക്കാൻ പണം കണ്ടെത്താനായി ഇയാൾ ചെറിയ ചില മോഷണങ്ങൾ നടത്തിയിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും പരാതികൾ ഉണ്ടായിരുന്നില്ല. മരണം നടന്ന ദിവസം പൊലീസ് സ്ഥലത്ത് എത്തുമ്പോൾ പ്രതിയും അവിടെ ഉണ്ടായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ അന്നുതന്നെ ഇയാൾ പണയപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതും വിരലടയാള വിദഗ്ധരുടെയും ഫൊറൻസിക് വിദഗ്ധരുടെയും സൈബർ സെല്ലിന്റെയും ഡോഗ് സ്‌ക്വാഡിന്റെയുമെല്ലാം അന്വേഷണവും ഇയാൾക്കെതിരായ തെളിവുകൾ കണ്ടെത്താൻ സഹായിച്ചു. ആദ്യഘട്ടത്തിൽ സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇല്ലാതിരുന്ന പ്രതി രണ്ടാം ഘട്ടത്തിലാണ് പൊലീസിന്റെ നിരീക്ഷണത്തിലായത്. കൃത്യമായ തെളിവുകൾ ലഭിച്ചതോടെയാണ് നാടുവിടാനായി കമ്പത്ത് എത്തിയ പ്രതിയെ പൊലീസ് പിൻതുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്.

തട്ടിപ്പ് കൈമതുലാക്കിയ സജി

ചെറുതോണി ∙ ‘ഡീസന്റായി മിനുങ്ങിയാണ് നടപ്പ്. എംപിയും, എംഎൽഎയുമെല്ലാം അടുപ്പക്കാരാണെന്നാണ് പറച്ചിൽ. പക്ഷെ, കയ്യിൽ ഒതുങ്ങി കിട്ടിയാൽ എന്തും അടിച്ചു മാറ്റികളയും’ നാരകക്കാനത്ത് വീട്ടമ്മയെ മൃഗീയമായി കൊലപ്പെടുത്തിയ സജിയെ (തോമസ് വെട്ടിയാങ്കൽ) കുറിച്ച് നാട്ടുകാരിൽ ഒരാൾ പറഞ്ഞതാണിത്. 20 വർഷം മുൻപ് ചെറുതോണിയിൽ ഒരു സ്ഥാപനത്തിൽ സെയിൽസ്മാനായിരുന്ന സജി അവിടെ വ്യാപകമായ ക്രമക്കേട് നടത്തി കട തന്നെ കാലിയാക്കിയിരുന്നു.

അന്ന് ഇയാൾ കടയുടമയെ ഭീക്ഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതിനു ശ്രമിച്ച സംഭവം നാട്ടുകാർ ഇന്നും ഓർക്കുന്നു. ഏതാനും പേരുടെ സഹായത്തോടെ കട ഉടമയെ തന്ത്രപരമായി ഓട്ടോ റിക്ഷയിൽ തട്ടിക്കൊട്ടു പോയി കത്തികാട്ടി ഭീഷണിപ്പെടുത്തി ബ്ലാങ്ക് ചെക്കിൽ ഒപ്പിട്ടു വാങ്ങുകയായിരുന്നു.

വിവരം ശ്രദ്ധയിൽ പെട്ടതോടെ അന്ന് ചെറുതോണിയിലെ വ്യാപാരി വ്യവസായി അസോസിയേഷൻ നേതാക്കൾ ഇടപെട്ട് ചെക്ക് തിരികെ വാങ്ങി. ഇതു സംബന്ധിച്ച് ഇടുക്കി പൊലീസിൽ കേസ് ഉണ്ടായിരുന്നെന്നും പറയുന്നു.പിന്നീട് നാരകക്കാനത്ത് ടീ ഷോപ്പും ചെറിയ തോതിൽ സ്റ്റേഷനറി കടയും തുടങ്ങിയെങ്കിലും വൈകാതെ പൂട്ടിക്കെട്ടി. നാലു വർഷം മുൻപ് കട നിർത്തിയതോടെ മുഴുവൻ സമയവും ‘കമ്പനിയും മദ്യപാനവും’ ആയിരുന്നെന്ന് നാട്ടുകാർ പറയുന്നു.

ഇതിനിടയിൽ മദ്യ സേവയ്ക്ക് പണം കിട്ടിയില്ലെങ്കിൽ കള്ള് വാറ്റി കുടിക്കുന്നതിനും ഇയാൾക്ക് മടിയില്ലായിരുന്നു. ഒരു പണിക്കും പോകാതെ മദ്യപിച്ചു നടക്കുന്ന സജിയുടെ ശല്യം സഹിക്കവയ്യാതെ ഭാര്യ മക്കളെയും കൂട്ടി ഒന്നര വർഷം മുൻപ് വാഴത്തോപ്പിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. സ്വന്തമായതെല്ലാം വിറ്റ് നശിപ്പിച്ച ഇയാൾ താമസിക്കുന്നത് സഹോദരന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ തനിച്ചാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com