ADVERTISEMENT

മൂന്നാർ ∙ 18 വർഷം മുൻപ് കാട്ടാന ചവിട്ടി കൊന്ന ഭർത്താവിന്റെ പേരിലുള്ള നഷ്ടപരിഹാരവും മകന് വാഗ്ദാനം നൽകിയ ജോലിയും തേടി ഓഫിസുകൾ കയറിയിറങ്ങുന്ന തോട്ടം തൊഴിലാളിയായ വീട്ടമ്മയുടെ ദുരിതമറിഞ്ഞ് വനം മന്ത്രിയുടെ ഓഫിസിൽ നിന്നും റിപ്പോർട്ട് തേടി. മൂന്നാർ ഡിഎഫ്ഒ രമേഷ് വിഷ്ണോയിയോടാണ് വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ ഓഫീസിൽ നിന്നും റിപ്പോർട്ട് തേടിയത്. 

ഡിഎഫ്ഓയുടെ നിർദേശപ്രകാരം റേയ്ഞ്ചോഫിസർ ബി.അരുൺ മഹാരാജാ, എസ്എഫ്ഓ മാരായ കെ.ജെ. ദീപക്, കെ.വി.വിനു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ നടയാർ സൗത്തിലെത്തി മുത്തുമാരിയിൽ നിന്നും വിവരങ്ങളും അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും ശേഖരിച്ചു. 

ഇതു സംബന്ധിച്ച റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ഡിഎഫ്ഒ പറഞ്ഞു.2004 ജൂൺ 15ന് വെളുപ്പിനാണ് നല്ലതണ്ണി നടയാർ സൗത്ത് സ്വദേശിയായിരുന്ന ആർ.വടിവേലു (45) ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. നല്ലതണ്ണി ഐ ടി ഡി ഫാക്ടറി മാനേജരുടെ ബംഗ്ലാവിലെ സെക്യൂരിറ്റിയായിരുന്നു വടിവേലു. അതിരാവിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം.  സംഭവത്തിൽ അന്ന് തൊഴിലാളികൾ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നഷ്ടപരിഹാര തുകയും അന്ന് 11 വയസ്സുണ്ടായിരുന്ന മകൻ പ്രായപൂർത്തിയാകുമ്പോൾ ജോലിയും നൽകാമെന്ന് മുത്തുമാരിക്കും ബന്ധുക്കൾക്കും ഉറപ്പു നൽകിയാണ് മടങ്ങിയത്. 

എന്നാൽ പിന്നീട് ദേവികുളത്തെ വനം വകുപ്പ് ഓഫിസിൽ വിളിച്ചു വരുത്തി 20000 രൂപ മാത്രം നൽകിയെന്നും ബാക്കി തുക പിന്നീട് നൽകാമെന്ന് പറഞ്ഞ് മടക്കി അയച്ചെന്നും മുത്തുമാരി പറഞ്ഞു. പിന്നീട് പലതവണ വനം വകുപ്പ് ഓഫിസുകൾ കയറിയിറങ്ങി. പ്രായപൂർത്തിയായ മകന് ജോലിയും ബാക്കി നഷ്ടപരിഹാര തുകയും ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ഒരു നടപടിയുമെടുത്തില്ല. ഇതു സംബന്ധിച്ച് മനോരമ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com