ADVERTISEMENT

ഏലപ്പാറ ∙ സംസ്ഥാനപാത കയ്യേറി നടത്തുന്ന വാഹന പാർക്കിങ് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിനൊപ്പം വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനത്തിനു വെല്ലുവിളിയാകുകയും ചെയ്യുന്നു. കട്ടപ്പന- കുട്ടിക്കാനം റോഡിലെ ഏലപ്പാറ സെൻട്രൽ ജംക്‌ഷനിലെ അനധികൃത പാർക്കിങ്ങാണു തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

നടപ്പാതയുൾപ്പെടെ കയ്യടക്കിയാണ് ഓട്ടോറിക്ഷകൾ ഇവിടെ പാർക്കിങ്ങ് നടത്തുന്നത്. റോഡിൽ കടകമ്പോളങ്ങളുടെ മുൻവശത്തു വാഹനങ്ങൾ കിടക്കുന്നതു മൂലം ഇടപാടുകാർക്ക് വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. കൂടാതെ വ്യാപാരികളുടെയും ഇടപാടുകാരുടെയും വാഹനങ്ങൾ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും തടസ്സവും സൃഷ്ടിക്കുന്നു. 

തീർഥാടക വാഹനങ്ങളും കുരുക്കിൽ

∙ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ വാഹനങ്ങൾ ഏലപ്പാറയിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ടുന്നു. തമിഴ്നാട്ടിലെ കമ്പത്തു നിന്നു തീർഥാടക വാഹനങ്ങൾ ഇപ്പോൾ കമ്പംമെട്ട് വഴിയാണു തിരിച്ചുവിടുന്നത്. കമ്പംമെട്ട് - കട്ടപ്പന വഴി എത്തുന്ന വാഹനങ്ങൾ ഏലപ്പാറ - കുട്ടിക്കാനം വഴിയാണിപ്പോൾ എരുമേലിയിലേക്കു പോകുന്നത്.

വീതി കുറഞ്ഞ റോഡിന്റെ ഒരുവശത്ത് ഓട്ടോറിക്ഷകളും മറ്റൊരു ഭാഗത്തു വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തുന്ന വാഹനങ്ങളും പാർക്ക് ചെയ്യുന്നതാണു ഗതാഗതതടസ്സത്തിന് ഇടയാക്കിയിരിക്കുന്നത്. റോഡ് പരിചയമില്ലാത്ത ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകരുടെ വാഹനങ്ങളും ഈ കുരുക്കിൽപെട്ട് ഏറെ സമയം കിടക്കേണ്ടിവരുന്നതാണ്  ഇപ്പോഴത്തെ കാഴ്ച .

പാർക്കിങ്ങിന് ഹൈക്കോടതിവിലക്ക്

∙ സെൻട്രൽ ജംക്‌ഷനിലെ വ്യാപാര സ്ഥാപനങ്ങൾക്കു മുൻവശത്ത് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതു വിലക്കി ഹൈക്കോടതി ഉത്തരവ്.  അനധികൃത പാർക്കിങ്ങ് കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വ്യാപാരികൾ സമർപ്പിച്ച ഹർജിയിലെ ഉത്തരവിലാണു വിലക്ക്. ഉത്തരവു നടപ്പാക്കാൻ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി, പീരുമേട് സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ, വണ്ടിപ്പെരിയാർ ജോ. ആർടിഒ എന്നിവർക്കു കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഉത്തരവ് നടപ്പാക്കണം

∙ സെൻട്രൽ ജംക്‌ഷനിലെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലെ പാർക്കിങ്ങ് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നു വ്യാപാര വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ലൈജു ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. നിർദേശം നടപ്പാക്കാൻ നിയമപാലകർ സമയബന്ധിതമായി തയാറായില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്നും സമരം ആരംഭിക്കുമെന്നും ലൈജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com