രണ്ട് മാസത്തിനിടെ മറയൂരിൽ മോഷണം വ്യാപകം

മോഷണം നടന്ന മറയൂർ പൊതീച്ചിവയലിൽ  ഭാരതീദാസന്റെ വീട്ടിൽ പൊലീസ് സംഘം  പരിശോധന നടത്തുന്നു.
മോഷണം നടന്ന മറയൂർ പൊതീച്ചിവയലിൽ ഭാരതീദാസന്റെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തുന്നു.
SHARE

മറയൂർ ∙ കഴിഞ്ഞ 2 മാസത്തിനിടെ മറയൂരിൽ മോഷണം വ്യാപകം. കഴിഞ്ഞ ദിവസം മറയൂർ പുതുച്ചിവയലിൽ ഭാരതീദാസന്റെ വീടിന്റെ പിറകുവശത്തെ കതകു കുത്തിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ ഹാളിലും ഒന്നാം നിലയിലുമുള്ള അലമാരകൾ കുത്തിപ്പൊളിച്ച് 9 പവൻ സ്വർണവും ഹാളിൽ വച്ചിരുന്ന വെള്ളിയിൽ തീർത്ത 2 കിലോഗ്രാം തൂക്കമുള്ള വെള്ളിയും 20,000 രൂപ വിലപിടിപ്പുള്ള വസ്ത്രങ്ങളും കവർന്നു.

കാറിന്റെ താക്കോലെടുത്ത മോഷ്ടാക്കൾ പുറത്തുനിർത്തിയിരുന്ന കാർ തുറന്നും മോഷണശ്രമം നടത്തിയിട്ടുണ്ട്. വൈദ്യുതി ഉൽപാദന കേന്ദ്രമായ നെയ്‌വേലിയിൽ റിട്ട. സിവിൽ എൻജിനീയർ ഭാരതീദാസനും ഭാര്യ വിജയലക്ഷ്മിയും ആലപ്പുഴയിലെ മീറ്റിങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുന്ന സമയത്താണ് മോഷണം നടന്നത്. ഇവർ എത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

സമീപത്തെ വീട്ടിലുള്ള പിതാവ് ഷൺമുഖവേലു ശനിയാഴ്ച രാവിലെ ലൈറ്റ് അണയ്ക്കാൻ പോയപ്പോഴാണു ഹാളിലെ അലമാരയിലെ പെട്ടികൾ എല്ലാം തുറന്ന നിലയിലും സാധനങ്ങൾ വലിച്ചെറിഞ്ഞ നിലയിലും കണ്ടത്. എസ്ഐ പി.ജി.അശോക് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്നലെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മറയൂർ സ്റ്റേഷനിൽ പുതുതായി ചുമതലയേറ്റ എസ്എച്ച്ഒ ടി.സി.മുരുകന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 

സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

∙ മറയൂർ മേഖലയിൽ കഴിഞ്ഞ 2 മാസമായി മോഷണം നടത്തുന്നതു 3 യുവാക്കളെന്നു സംശയം. ചില വീടുകളിൽ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. 2 ആഴ്ച മുൻപ് മറയൂർ കോളനിയിൽ സെൽവകുമാറിന്റെ വീട്ടിൽ നിന്ന് 25 പവൻ സ്വർണം മോഷണം പോയതിന്റെ അടിസ്ഥാനത്തിൽ സമീപ വീടുകളിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ 3 യുവാക്കളെ ഈ ഭാഗത്തു കണ്ടെത്തിയിരുന്നു.

മോഷണം നടന്ന വീട്ടിൽ മോഷ്ടാക്കൾ ഉപയോഗിച്ച വസ്തുക്കളിൽ നിന്നു മണം പിടിക്കുന്ന പൊലീസ് നായ ജെനി.
മോഷണം നടന്ന വീട്ടിൽ മോഷ്ടാക്കൾ ഉപയോഗിച്ച വസ്തുക്കളിൽ നിന്നു മണം പിടിക്കുന്ന പൊലീസ് നായ ജെനി.

കഴിഞ്ഞ ദിവസം ഭാരതീദാസന്റെ വീട്ടിൽ നിന്നു മോഷണം നടത്തിയതും ഈ 3 യുവാക്കളായിരിക്കാം എന്നാണു സംശയം. പൊലീസ് നായ ജെനി എത്തിയതു സ്വകാര്യ റിസോർട്ടിന്റെ വളപ്പിലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ റിസോർട്ടിൽ സിസിടിവി പരിശോധിച്ചപ്പോൾ 3 യുവാക്കൾ നടന്നുപോകുന്നതു കണ്ടെത്തിയിട്ടുണ്ട്. 

ജാഗ്രത വേണം

∙ മറയൂരിൽ വ്യാപകമായി മോഷണം നടക്കുന്ന സാഹചര്യത്തിൽ വീടുകളിൽ ജാഗ്രത പാലിക്കണമെന്നു മറയൂർ എസ്എച്ച്ഒ ടി.സി.മുരുകൻ. ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ചാണു മോഷ്ടാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്. നിരീക്ഷണം നടത്തുന്ന മോഷ്ടാക്കൾ ആളില്ലെന്ന് അറിയുന്നതോടെ വീടിന്റെ പിറകുവശത്തു കൂടി കതകു കുത്തിപ്പൊളിച്ചാണ് അകത്തുകയറുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS