ADVERTISEMENT

കട്ടപ്പന ∙ ഹരിത കർമസേനയുടെ നേതൃത്വത്തിൽ ആക്രിവ്യാപാര സംരംഭത്തിനു തുടക്കമിട്ട് ഇരട്ടയാർ പഞ്ചായത്ത്. ആക്രി വ്യാപാര മേഖലയിലെ തൊഴിൽ സാധ്യതകൾ ഹരിതകർമ സേനാംഗങ്ങൾക്ക് ഉപകാരപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് പഞ്ചായത്ത് ഭരണസമിതി അനുമതി നൽകിയത്. 

മറ്റ് ഏജൻസികൾ നൽകുന്നതിനെക്കാൾ മെച്ചപ്പെട്ട വില നൽകിയാണു ഹരിതകർമസേനാ യൂണിറ്റ് പ്ലാസ്റ്റിക്കും മറ്റു പാഴ്‌വസ്തുക്കളും ശേഖരിക്കുന്നത്.

പഞ്ചായത്തിന്റെ മേൽവിലാസത്തിലാണു സംരംഭം. കുടുംബശ്രീ മൈക്രോ സംരംഭമായി റജിസ്റ്റർ ചെയ്ത തൊഴിൽ യൂണിറ്റാണിത്. വാത്തിക്കുടി പഞ്ചായത്തിലെ പാഴ്‌വസ്തുക്കൾ ഏറ്റെടുത്തുകൊണ്ടാണു സംരംഭത്തിനു തുടക്കമായത്. 

വാത്തിക്കുടിയിലെ ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച് തരംതിരിച്ചതും അല്ലാത്തതുമായ 600 കിലോ പാഴ്‌വസ്തുക്കളാണു വാങ്ങിയത്. അത് ഇരട്ടയാർ പഞ്ചായത്തിന്റെ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിൽ എത്തിച്ച് തരംതിരിച്ചു പുനരുൽപാദനത്തിനു കൈമാറും. റീസൈക്കിൾ ചെയ്ത വസ്തുക്കൾ മറ്റ് ഏജൻസികൾക്കു വിൽക്കുകയാണു ചെയ്യുന്നത്. ഗുളികയുടെ സ്ട്രിപ്പുകളും മൾട്ടിലെയർ പ്ലാസ്റ്റിക്കുമെല്ലാം ഇവർ വാങ്ങുന്നവയിൽ ഉൾപ്പെടുന്നു. 

ഇരട്ടയാറിന്റെ സമീപത്തുള്ള പഞ്ചായത്തുകളിൽ നിന്ന് ആക്രിസാധനങ്ങൾ വാങ്ങി റീസൈക്കിൾ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. യൂണിറ്റിനായി ഓഫിസ് ആരംഭിച്ച് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആക്രിസാധനങ്ങൾ വാങ്ങാനും ലക്ഷ്യമിടുന്നു. സാധനങ്ങൾ വാങ്ങാനും വിൽക്കാനുമായി പ്രത്യേക കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. എല്ലാ മാസവും അവലോകന യോഗങ്ങൾ ചേരും. 

പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ പ്രയത്‌നിക്കുന്ന ഹരിതകർമ സേനാംഗങ്ങൾക്കു കൂടുതൽ വരുമാനം ഉണ്ടാക്കാനാണ് തൊഴിൽ യൂണിറ്റ് കൂടി ആരംഭിച്ചതെന്നു പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി പറഞ്ഞു. ഭാരവാഹികളായ പി.ടി.നിഷമോൾ, ലിജിയമോൾ ജോസഫ്, ഹരിതകർമ സേനാംഗങ്ങളായ എ.എസ്.അനിത, നിഷ രാജേന്ദ്രൻ, സുനി സിബി, ട്രിൻസി ജിനേഷ് തുടങ്ങിയവരാണു തൊഴിൽ യൂണിറ്റിലെ അംഗങ്ങൾ. 

ഇവർ ഉൾപ്പെടെ പഞ്ചായത്തിലെ 28 ഹരിതകർമ സേനാംഗങ്ങൾക്കും പാഴ്‌വസ്തുക്കൾ തരംതിരിക്കാൻ ഹരിതകേരളം മിഷൻ പരിശീലനം നൽകിയിട്ടുണ്ട്.

പഞ്ചായത്തിലെ തൊഴിലുറപ്പു മേഖലകളിൽ സ്ഥാപിക്കാനുള്ള ബോർഡുകൾ നിർമിക്കാനുള്ള കരാറും ഹരിതകർമ സേനാ യൂണിറ്റിനാണു നൽകിയിരിക്കുന്നത്. ഭാവിയിൽ മറ്റു പഞ്ചായത്തുകളിലെ തൊഴിലുറപ്പു ബോർഡുകൾ സ്ഥാപിക്കാനുള്ള കരാറുകൾ കൂടി ഏറ്റെടുത്ത് വരുമാനം കൂട്ടാനും ലക്ഷ്യമിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com