ADVERTISEMENT

തൊടുപുഴ∙ ജില്ലയിലെ എംജി സർവകലാശാല കോളജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്കു മുന്നേറ്റം. തിരഞ്ഞെടുപ്പു നടന്ന 26 കോളജുകളിൽ 22 കോളജുകളിലും എസ്എഫ്ഐ യൂണിയൻ സ്വന്തമാക്കി. നെടുങ്കണ്ടം എംഇഎസ് കോളജും അടിമാലി എംബി കോളജും രാജമുടി മാർ സ്ലീവാ കോളജും എസ്എഫ്ഐയിൽ നിന്നു കെഎസ്‌യു തിരിച്ചു പിടിച്ചു. അടിമാലി കാർമൽഗിരി കോളജിൽ വൈസ് ചെയർമാൻ ഒഴികെയുള്ള സീറ്റുകൾ എസ്എഫ്ഐ നിലനിർത്തി. വൈസ് ചെയർമാൻ സീറ്റ് കെഎസ്‌യുവിനു ലഭിച്ചു.

മൂന്നാർ ഗവ. കോളജ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചു. കാന്തല്ലൂർ ഐഎച്ച്ആർഡി കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കട്ടപ്പന ഗവൺമെന്റ് കോളജ് യൂണിയനിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യുവിന്റെ നേതൃത്വത്തിൽ നൽകിയ നോമിനേഷൻ തള്ളിപ്പോയതോടെയാണ് എസ്എഫ്‌ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

ലബ്ബക്കട ജെപിഎം കോളജിൽ നടന്ന തിരഞ്ഞെടുപ്പിലും എസ്എഫ്‌ഐ അനുകൂല പാനലാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കെഎസ് യു അനുകൂലികളായവർക്കു നിശ്ചിത സമയത്ത് നോമിനേഷൻ സമർപ്പിക്കാൻ കഴിയാതെ വരികയായിരുന്നു. ക്ലാസ് പ്രതിനിധികളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ ഇരട്ടിയലധികം വർധന ഉണ്ടാക്കിയതായും കെഎസ്‌യു ഇടുക്കി ജില്ലാ കമ്മിറ്റി അറിയിച്ചു.

ജെപിഎം കോളജ് പരിസരത്ത് സംഘർഷം

കട്ടപ്പന∙ കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലബ്ബക്കട ജെപിഎം കോളജ് പരിസരത്ത് സംഘർഷം. എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് രണ്ടുതവണ ലാത്തിച്ചാർജ് നടത്തി. ഇരുവിഭാഗത്തിലും 3 പേർക്കു വീതം പരുക്കേറ്റു. പരുക്കേറ്റ എസ്എഫ്ഐ ഏരിയ സെക്രട്ടറി ശ്രീഹരി രാജ്, ജോയിന്റ് സെക്രട്ടറി വൈശാഖ് പി.ഷാജി, ജില്ലാ കമ്മിറ്റി അംഗം എം.എസ്.ഗൗതം എന്നിവർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനായുള്ള നിശ്ചിത സമയ പരിധിക്കുള്ളിൽ നോമിനേഷൻ സമർപ്പിക്കാൻ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ ഉള്ളവർക്ക് സാധിക്കാതെ വന്നു. തുടർന്ന് ഇവർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു പുറത്തേയ്ക്കു പോകുന്നതിനിടെ ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളി ഉണ്ടായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.

അതിനുശേഷം കൂടുതൽ ആളുകളുമായെത്തി എസ്എഫ്‌ഐ പ്രവർത്തകർ വീണ്ടും കെഎസ്‌യു പ്രവർത്തകരെ ആക്രമിക്കുകയായിരു ന്നെന്നാണു നേതാക്കളുടെ ആരോപണം. തുടർന്ന് പൊലീസ് വീണ്ടും ലാത്തിച്ചാർജ് നടത്തിയാണു സംഘർഷം ഒഴിവാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com