ADVERTISEMENT

പീരുമേട് ∙ ആകാശത്തെ തൊടാനുള്ള ഇടുക്കിയുടെ സ്വപ്നങ്ങൾക്ക് ചിറകായി സത്രം എയർസ്ട്രിപ്. എയർസ്ട്രിപ്പിൽ ആദ്യമായി വിജയകരമായി വിമാനമിറങ്ങിയപ്പോൾ ഇടുക്കിക്ക് അഭിമാനിക്കാനുള്ള നേട്ടങ്ങൾ ഏറെയാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ അടിയന്തരഘട്ടങ്ങളിൽ വ്യോമസേനാ വിമാനങ്ങളും ഹെലികോപ്റ്ററുകളും എയർസ്ട്രിപ്പിൽ ഇറക്കാൻ കഴിയുമെന്നത് ഇടുക്കി ജില്ലയ്ക്ക് ഏറെ സഹായകരമാകും. 650 മീറ്ററാണ് സത്രം എയർസ്ട്രിപ് റൺവേയുടെ നീളം. ചെറുവിമാനങ്ങൾ, എയർഫോഴ്സ് വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയെല്ലാം ഇവിടെ ഇറക്കാം.

എയർസ്ട്രിപ്പിലേക്കുള്ള വഴി: കോട്ടയം- കുമളി റോഡിൽ വണ്ടിപ്പെരിയാറിൽ നിന്ന് 15 കിലോമീറ്റർ അകലെ. പത്തനംതിട്ടയിൽ നിന്ന് സീതത്തോട് - ആങ്ങമൂഴി - ഗവി വഴി വള്ളക്കടവിൽ എത്തി എയർസ്ട്രിപ്പിലേക്കു പോകാം.

ജില്ലയിൽ ചെറുവിമാനങ്ങൾ ഇറങ്ങാനുള്ള ആദ്യത്തെ എയർസ്ട്രിപ്പാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. വ്യാഴം രാവിലെ 9.30നു കൊച്ചിയിൽ നിന്ന് പറന്നുയർന്ന വൈറസ് എസ്ഡബ്യു 80 എന്ന ചെറുവിമാനമാണ് 10.30നു സത്രം എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്തത്.

മിഗ് 21 ഫൈറ്റർ വിമാനങ്ങൾ പറത്തിയിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ എ.കെ.ശ്രീനിവാസ അയ്യരും ഉദയരവിയും ആണ് വിമാനം നിയന്ത്രിച്ചത്. വാഴൂർ സോമൻ എംഎൽഎയുടെ നേതൃത്വത്തിൽ പൈലറ്റുമാരെ സ്വീകരിച്ചു. ഏപ്രിൽ, ജൂൺ മാസങ്ങളിൽ ഇവിടെ വിമാനം ഇറക്കാൻ ശ്രമം നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം സാധിച്ചിരുന്നില്ല. എൻസിസിക്കു വേണ്ടി സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് എയർസ്ട്രിപ് നിർമിച്ചത്.

എൻസിസി കെഡറ്റുകൾക്ക് പരിശീലനം നൽകുന്നതിന് 2017ൽ ആണ് സത്രം എയർസ്ട്രിപ്പിന്റെ നിർമാണം തുടങ്ങിയത്. 4 ചെറുവിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനു വേണ്ടിയുള്ള ഹാംഗറിന്റെ നിർമാണം, 50 എൻസിസി വിദ്യാർഥികൾക്ക് പരിശീലനത്തിനു വേണ്ട സൗകര്യം എന്നിവ ഇവിടെ പൂർത്തിയായിക്കഴിഞ്ഞു. പെരിയാർ കടുവാസങ്കേതത്തിൽ നിന്ന് 630 മീറ്റർ അകലത്തിലാണ് എയർസ്ട്രിപ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com