വളകോട് ∙ ശുദ്ധജലം പമ്പ് ചെയ്യാൻ സ്ഥാപിച്ചിരുന്ന മോട്ടർ ഉപ്പു വിതറി നശിപ്പിച്ചതായി പരാതി. കുവലേറ്റം കണിശേരിയിൽ കെ.എസ്.സനീഷിന്റെ ഉടമസ്ഥതയിലുള്ള മോട്ടറാണ് നശിപ്പിച്ചത്. സനീഷിന്റെ വീട്ടിലേക്ക് വെള്ളം ലഭ്യമാക്കാൻ പുരയിടത്തിനു സമീപം അയൽവാസിയുടെ കൃഷിയിടത്തിലെ കുളത്തിലാണ് മോട്ടർ സ്ഥാപിച്ചിരുന്നത്.
കഴിഞ്ഞ ദിവസം മോട്ടർ പ്രവർത്തിപ്പിച്ചപ്പോൾ വൈദ്യുതി കണക്‌ഷനിൽ നിന്നു തീയും പുകയും ഉണ്ടാകുകയും വെള്ളം കയറാതെ വരികയുമായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് മോട്ടറിൽ ഉപ്പു വിതറിയ നിലയിൽ കണ്ടെത്തിയത്. മോട്ടർ നശിപ്പിച്ചവർ കുളത്തിലും വിഷം കലർത്തിയിട്ടുണ്ടോയെന്ന സംശയത്തെ തുടർന്ന് ശുദ്ധജലം വില കൊടുത്ത് വാങ്ങുകയാണ് ഈ കുടുംബം. സംഭവം സംബന്ധിച്ച് ഉപ്പുതറ പൊലീസിൽ പരാതി നൽകി.