പീരുമേട്∙ വഴിവിളക്ക് സ്ഥാപിക്കുന്നതിനായി വൈദ്യുതി പോസ്റ്റിൽ കയറാൻ ശ്രമിക്കുന്നതിനിടെ മ്ലാമല ചാത്തനാട്ട് സാലി മോൻ ഷോക്കേറ്റു മരിക്കാനിടയായതു ഹൈടെൻഷൻ വൈദ്യുതി ലൈൻ ഓഫ് ചെയ്യാത്തതു മൂലമെന്നു കണ്ടെത്തൽ. പോസ്റ്റിൽ കയറാൻ ചാരിയ ഏണി എച്ച്ടി വൈദ്യുതി ലൈൻ തട്ടി ഈ സമയം ലൈനിൽ നിന്നു വൈദ്യുതി പ്രവഹിച്ചു എന്നാണ് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ മാസം രണ്ടിനാണ് സംഭവം. വൈദ്യുതി ലൈനിന്റെ ഉയരം 6.1 മീറ്റർ ആണ്.
ഇതേ ഉയരമുളള ഏണിയാണ് പോസ്റ്റിൽ ചാരിയത്. ഏണി ലൈനിൽ തട്ടിയതോടെ പോസ്റ്റിൽ കയറാൻ തുടങ്ങിയ സാലി മോൻ ഷോക്കേറ്റു വീഴുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് യുവാവിന്റെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. വൈദ്യുതി പോസ്റ്റിൽ കയറുന്ന സമയത്ത് ധരിക്കേണ്ട സേഫ്റ്റി ഉപകരണങ്ങളും നൽകിയിരുന്നില്ല.
ഗ്ലൗസ്, ഷൂ, തൊപ്പി എന്നിങ്ങനെ ഒരു സുരക്ഷാ സംവിധാനവും കൂടാതെയാണ് തൊഴിലാളി വൈദ്യുതി പോസ്റ്റിൽ കയറിയത്. എന്നാൽ എൽടി ലൈൻ ഓഫ് ചെയ്തിരുന്നതായി കെഎസ്ഇബി അധികൃതർ പറഞ്ഞു. ട്രാൻസ്ഫോമറിൽ നിന്നു ഫ്യൂസ് ഊരുകയും ചെയ്തിരുന്നു. കൂടാതെ വിളക്ക് സ്ഥാപിക്കുന്ന സമയത്ത് ലൈൻമാൻ മേൽനോട്ടത്തിന് ഉണ്ടായിരുന്നു എന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.