തൊടുപുഴ ∙ അറ്റകുറ്റപ്പണികൾക്കായി തൊടുപുഴ ജില്ലാ ആശുപത്രിയുടെ പഴയ ബ്ലോക്ക് അടച്ചിട്ട് 6 മാസം കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാത്തതിനെ തുടർന്ന് കിടത്തിച്ചികിത്സ ആവശ്യമായി വരുന്ന രോഗികൾ കോട്ടയം മെഡിക്കൽ കോളജിലോ സ്വകാര്യ ആശുപത്രികളിലോ ചികിത്സ തേടേണ്ട അവസ്ഥയായി. ജില്ല ആശുപത്രിയിലെ പഴയ കെട്ടിട സമുച്ചയത്തിലെ ശുചിമുറികൾ ഉപയോഗശൂന്യമായതോടെ രോഗികൾ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് മനോരമ വാർത്ത നൽകിയിരുന്നു. ഇതെ തുടർന്നാണ് ശുചിമുറികളുടെ തകരാറുകൾ പരിഹരിക്കാനും മറ്റ് അറ്റകുറ്റ പണികൾക്കുമായി പഴയ ബ്ലോക്കിൽ നിന്ന് രോഗികളെ പുതിയ സമുച്ചയത്തിലേക്ക് ആറ് മാസം മുൻപ് താൽക്കാലികമായി മാറ്റിയത്.
എന്നാൽ പുതിയ കെട്ടിട സമുച്ചയത്തിന് ഫയർ ആൻഡ് സേഫ്റ്റിയുടെ എൻഒസി ലഭിക്കാത്തതിനാൽ ഇവിടെ കൂടുതൽ രോഗികളെ കിടത്തി ചികിത്സിക്കാൻ പറ്റാത്ത അവസ്ഥയാണ്. അതിനാൽ ഇപ്പോൾ കിടത്തി ചികിത്സ ആവശ്യമായി വരുന്ന രോഗികളെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ ഈ രോഗികൾ സ്വയം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടണം. ഇത് സാമ്പത്തിക ബാധ്യത വരുന്നതിനാൽ സാധാരണക്കാരായ രോഗികളെ വലിയ ദുരിതത്തിലാക്കുകയാണ്.
വാർഡുകൾ സജ്ജമായി
അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട വാർഡുകളുടെ പണികൾ പൂർത്തിയായി വരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. പി.എൻ.അജി പറഞ്ഞു. ഗൈനക്കോളജി വാർഡ് സജ്ജമാക്കിയിട്ടുണ്ട്. വൈകാതെ പുരുഷൻമാരുടെ വാർഡും ശരിയാകും. ഇപ്പോൾ കിടത്തിച്ചികിത്സിക്കാൻ സൗകര്യം ഇല്ലാത്തതിനാലാണ് രോഗികളെ ഇവിടെ നിന്ന് റഫർ ചെയ്യുന്നത്. സിടി സ്കാൻ ഉൾപ്പെടെയുള്ള മെഷിനറികൾ പ്രവർത്തന സജ്ജമാണെന്നും സൂപ്രണ്ട് പറഞ്ഞു.
സിടി സ്കാൻ പ്രവർത്തനവും ഭാഗികം
ജില്ല ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന രോഗികൾക്ക് സിടി സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ എന്നിവ ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കേണ്ട സ്ഥിതിയാണ്. സിടി സ്കാൻ എടുത്താൽ ഫിലിം കിട്ടുമെങ്കിലും ഇതിന്റെ റിപ്പോർട്ട് എടുക്കാൻ കഴിയാത്തതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. അതുപോലെ അൾട്രാ സൗണ്ട് സ്കാനും ശരിയായി പ്രവർത്തിക്കാത്തതിനാൽ ഇതിനെല്ലാം സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കണം. സിടി സ്കാൻ ചെയ്യാൻ ജില്ലാ ആശുപത്രിയിൽ 1200 രൂപ നൽകിയാൽ മതിയാകും. എന്നാൽ സ്വകാര്യ സഥാപനങ്ങളിൽ ഇത് 3800 രൂപയാകും. ഇത് പാവപ്പെട്ട രോഗികൾക്ക് വലിയ ബാധ്യതയാകുകയാണ്. മാമോഗ്രാം മെഷീൻ ഇവിടെ സ്ഥാപിക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തെങ്കിലും ഇതിന്റെ പ്രവർത്തനവും നടക്കുന്നില്ല. അതേ സമയം ഇതിനെല്ലാം ടെക്നിഷ്യൻമാരെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്.