ADVERTISEMENT

തൊടുപുഴ ∙ സംഗീതത്തിന്റെ കൂടി ആഘോഷമാണു ക്രിസ്മസ്. തിരുപ്പിറവി വേളയിൽ കാലിത്തൊഴുത്തിനു മുകളിലെ ആകാശത്തിൽ മാലാഖവൃന്ദം നിരന്ന് അത്യുന്നതങ്ങളിൽ ദൈവ മഹത്വം പാടി പിറവി വിളംബരം ചെയ്തതിന്റെ പിൻതുടർച്ചയായാണു താളമേളങ്ങളോടെ കാരൾ സംഘങ്ങൾ ഗാനാലാപനവുമായി വീടുകൾ തോറും കയറിയിറങ്ങുന്നത്.ഡ്രമ്മാണു മിക്ക കാരൾ സംഘത്തിന്റെയും ഗാനങ്ങൾക്ക് കൊഴുപ്പേകുന്നത്.

മുൻപു പള്ളികൾ കേന്ദ്രീകരിച്ചു രണ്ടോ മൂന്നോ കാരൾ സംഘങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഓരോ ഭക്തസംഘടനകളുടെയും കുടുംബ കൂട്ടായ്മകളുടെയും ജാതിമത ഭേദമെന്യേ വിവിധ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ കാരൾ സംഘങ്ങൾ രൂപം കൊണ്ടതോടെ താളവാദ്യങ്ങളുടെ ആവശ്യവും വർധിച്ചു. ഇവ വാടകയ്ക്കു നൽകാൻ വിവിധ സ്ഥാപനങ്ങളും റെഡി. ഒരു ദിവസം 300 രൂപയോളമാണു വാടക. ദിവസവും എണ്ണവും പറഞ്ഞു നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ ലഭിക്കൂ. ഇപ്പോൾത്തന്നെ ബുക്കിങ് ധാരാളം ലഭിച്ചിട്ടുണ്ടെന്നു സ്ഥാപന ഉടമകൾ പറയുന്നു.

സ്റ്റാറുകൾ നിരന്നു

നക്ഷത്രവിളക്കുകൾ പിറവിയുടെ രാത്രി ആകാശത്തിന്റെ കിഴക്കേ ചെരിവിലുദിച്ച വെള്ളിനക്ഷത്രത്തിന്റെ പ്രതീകമാണ്. ഡിസംബ‍റിന്റെ തുടക്കത്തിൽതന്നെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും തെളിഞ്ഞു. ഇതിനുപുറമെ, ക്രിസ്മസ് ട്രീയും വീടുകളിൽ ഒരുക്കിത്തുടങ്ങി. ഇത്തവണ ക്രിസ്മസ് വിപണി പതിവിലും നേരത്തെ സജീവമായി. നക്ഷത്രങ്ങളും മാല ബൾബുകളും അലങ്കാരങ്ങളും വാങ്ങി, ക്രിസ്മസ് ആഘോഷമാക്കാൻ കടകളിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്. വരും ദിവസങ്ങളിൽ വിപണി കൂടുതൽ ഉഷാറാകുമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ.

തെളിയട്ടെ ശ്രദ്ധയുടെ ക്രിസ്മസ് വിളക്കുകൾ

തൊടുപുഴ ∙ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും സ്ഥാപിക്കുമ്പോൾ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്നു ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആർ. രാജേഷ് ബാബു അറിയിച്ചു.

ഇക്കാര്യങ്ങൾ‌ ശ്രദ്ധിക്കാം

∙എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇഎൽസിബി) സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
∙നക്ഷത്ര ദീപാലങ്കാരങ്ങൾ കൈകാര്യം ചെയ്യുന്നതിനു കുട്ടികളെ നിയോഗിക്കരുത്.
∙ഐഎസ്ഐ ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക.
∙കണക്ടറുകൾ ഉപയോഗിച്ചു വയറുകൾ കൂട്ടി യോജിപ്പിക്കുന്നതാണു കൂടുതൽ സുരക്ഷിതം.
∙കാലപ്പഴക്കം ചെന്നതും നിലവാരം കുറഞ്ഞതുമായ വയറുകൾ ഉപയോഗിക്കരുത്.
∙ഗ്രില്ലുകൾ, ഇരുമ്പ് കൊണ്ടുള്ള വസ്തുക്കൾ, ലോഹ നിർമിത ഷീറ്റുകൾ എന്നിവയിലൂടെ ദീപാലങ്കാരങ്ങൾ പാടില്ല.
∙ വീടുകളിലെ എർത്തിങ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com