വിനോദ സഞ്ചാരികളും നാട്ടുകാരും യാത്ര ചെയ്യുന്ന റോഡ്; തകർന്നിട്ട് നാലു വർഷം, നന്നാക്കാൻ നടപടിയില്ല

Mail This Article
മൂന്നാർ ∙ നാലു വർഷമായി ഗതാഗത സൗകര്യമില്ലാതെ ആയിരത്തോളം തൊഴിലാളി കുടുംബങ്ങളും നാട്ടുകാരും ദുരിതത്തിൽ. ഗൂഡാർവിള, സൈലന്റ് വാലി എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് തകർന്നു കിടക്കുന്ന മൂന്നാർ - സൈലന്റ് വാലി റോഡ് പുനർനിർമിക്കാത്തതുമൂലം ദുരിതമനുഭവിക്കുന്നത്. 2018 ഓഗസ്റ്റ് 16നുണ്ടായ പ്രളയത്തിലാണ് ഉരുൾപൊട്ടലുണ്ടായി ഗ്രഹാംസ് ലാൻഡ് ഭാഗത്ത് റോഡിന്റെ അര കിലോമീറ്ററിലധികം ദൂരം ഒലിച്ചുപോയത്.
കൂടാതെ 20 മുറി, കുറ്റ്യാർവാലി എന്നിവിടങ്ങളിലായി പല ഭാഗത്തും മണ്ണിടിഞ്ഞു വീണും സംരക്ഷണഭിത്തി ഇടിഞ്ഞും റോഡ് തകർന്നു. ഇതോടെയാണ് ഇതുവഴിയുണ്ടായിരുന്ന കെഎസ്ആർടിസി ബസ് സർവീസ് അടക്കമുള്ള ഗതാഗതം പൂർണമായി നിലച്ചത്.ഗതാഗതം നിലച്ചതോടെ മൂന്നാറിൽ നിന്നു മാട്ടുപ്പെട്ടി റോഡിലുള്ള വേൽമുടി ബംഗ്ലാവ് വഴി 10 കിലോമീറ്ററിലധികം ചുറ്റി സഞ്ചരിച്ച് ഇരട്ടി വണ്ടിക്കൂലി നൽകിയാണ് തൊഴിലാളികൾ യാത്ര ചെയ്യുന്നത്. മൂന്നാറിലെ വിവിധ സ്കൂൾ, കോളജ് എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികളും ദുരിതത്തിലാണ്.
തോട്ടം മേഖലയിൽ ഏറ്റവുമധികം തൊഴിലാളി കുടുംബങ്ങളും വിനോദ സഞ്ചാരികളും 20 മുറി ഭാഗത്ത് താമസിക്കുന്ന നാട്ടുകാരും യാത്ര ചെയ്യാനായി ഉപയോഗിച്ചിരുന്ന പാതയാണിത്. നാലു വർഷത്തിലധികമായി തകർന്നു കിടക്കുന്ന മൂന്നാർ - സൈലന്റ് വാലി റോഡ് പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും തൊഴിലാളികളും സമരം നടത്തുകയും മന്ത്രി, എംഎൽഎ അടക്കമുള്ളവർക്ക് പരാതികൾ നൽകുകയും ചെയ്തിട്ടും നടപടികളുണ്ടായിട്ടില്ല.