ADVERTISEMENT

നെടുങ്കണ്ടം ∙ മേഘങ്ങൾ മുട്ടിയുരുമ്മി തേവാരംമെട്ട് മലനിരകൾ. കേരള തമിഴ്നാട് അതിർത്തിയോട് ചേർന്ന മലനിരകളിലാണ് മേഘങ്ങൾ മലനിരകളിലേക്ക് ഇറങ്ങി വന്നത്. മനോഹരമായ ദ്യശ്യങ്ങൾ പകർത്താൻ സഞ്ചാരികളുടെ പ്രവാഹം. ഇന്നലെ രാവിലെയാണ് മേഘങ്ങൾ മലനിരകളെ മറക്കുന്ന വിധത്തിൽ പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകളോളം പ്രതിഭാസം തുടർന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത തണുപ്പും മേഖലയിൽ അനുഭവപ്പെട്ടിരുന്നു.

പ്രദേശത്തെ കാഴ്ചകൾ കാണാനും തമിഴ്നാടിന്റെ വിദൂര ദൃശ്യം കാണാനും ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്. പ്രദേശത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. തേവാരം–തേവാരംമെട്ട് പാത തുറന്നാൽ കൂടുതൽ വികസനം പ്രദേശത്തുണ്ടാകും. വർഷങ്ങൾക്ക് മുൻപ് അടച്ച തമിഴ്നാടിനെയും തേവാരംമെട്ടിനെയും ബന്ധിപ്പിക്കുന്ന റോഡ് തുറക്കുന്നതിന് വനംവകുപ്പാണ് തടസ്സം സൃഷ്ടിക്കുന്നത്.

ഇതിന് പുറമെ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന തേവാരംമെട്ട് ചാക്കുളത്തിമേട് മാരിയമ്മൻ ക്ഷേത്രത്തിലേക്കുള്ള പാതയും തുറക്കണമെന്നും ആവശ്യമുണ്ട്. വനത്തിന് നടുവിൽ സ്ഥിതി ചെയ്യുന്നത് അരനൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രത്തിൽ മുൻപ് പൂജകളും മറ്റും നടന്നു വന്നിരുന്നതാണ്. സംസ്ഥാനാന്തര പാതയായ തേവാരം–തേവാരംമെട്ട് റോ‍ഡ് തമിഴ്നാട് അടച്ചതിനാൽ ഇപ്പോൾ വിശ്വാസികൾക്ക് എത്താനാവാതെ ക്ഷേത്രം കാടുപിടിച്ചു നശിക്കുകയാണ്.

ആദ്യ കാലങ്ങളിൽ ഈ പാതയിലൂടെ ചരക്ക് വാഹനങ്ങൾ അടക്കം കടന്ന് പോയിരുന്നതാണ്. തമിഴ്നാട് വനംവകുപ്പ് ഈ പ്രദേശം ചന്ദന റിസർവെന്ന പേരിലാക്കി വനത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു ചെക്പോസ്റ്റ് സ്ഥാപിച്ചു. വാഹന സഞ്ചാരം നിരോധിച്ചെങ്കിലും കാൽനടയായി പോകാൻ ആളുകൾ പാത ഉപയോഗിച്ചിരുന്നു. എന്നാൽ കാലാന്തരത്തിൽ കമ്പംമേട്ട് കമ്പം റോഡും,

ബോഡിമേട്ട് തേനി റോഡും തെളിഞ്ഞതോടെ ഈ പാത ആരും ഉപയോഗിക്കാതെ കാട് പിടിച്ച് ഓർമ്മ മാത്രമായി. ഇതോടെ തമിഴ്നാട്ടിൽ നിന്നും തോട്ടം മേഖലയിൽ നിന്നും ഒട്ടേറെ വിശ്വാസികൾ എത്തിയിരുന്ന ക്ഷേത്രവും നാശത്തിന്റെ വക്കിലായി. തേവാരം – തേവാരംമെട്ട് റോഡ് യാഥാർഥ്യമായാൽ ക്ഷേത്രത്തിലേക്കു വിശ്വാസികളെത്തും. പ്രദേശത്തെ വിനോദ സഞ്ചാര മേഖലക്കും ഉണർവാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com