ADVERTISEMENT

രാജകുമാരി ∙ തോണ്ടിമല പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട തകർത്ത് ഒറ്റയാൻ ഒരു ചാക്ക് കുത്തരി പുറത്തെടുത്തു തിന്നു. അരിക്കൊമ്പൻ എന്നു നാട്ടുകാർ വിളിക്കുന്ന ഒറ്റയാനാണ് ഇന്നലെ പുലർച്ചെ 2 നു റേഷൻ കടയുടെ ഭിത്തി പൊളിച്ച് അരിയെടുത്തത്. ശബ്ദം കേട്ട് നാട്ടുകാർ എത്തി ബഹളം വച്ചതോടെ ഒറ്റയാൻ പിന്തിരിഞ്ഞു. കഴിഞ്ഞ ദിവസം ആനയിറങ്കൽ ഹൈഡൽ ടൂറിസം സെന്ററിൽ എത്തിയ അരിക്കൊമ്പൻ കസേരയും ബോർഡും തകർത്തിരുന്നു.

കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ പത്തോളം പേരുടെ ജീവനെടുത്ത ആനയെ മയക്കു വെടി വച്ചു തളച്ച് ആനത്താവളത്തിലേക്കു മാറ്റണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഇൗ ആവശ്യമുന്നയിച്ച് ശാന്തൻപാറ പഞ്ചായത്ത് വനം വകുപ്പ് മന്ത്രിക്കും സിസിഎഫിനും നിവേദനം നൽകിയിട്ടുണ്ട്.

15 മാസം: കാട്ടാന റേഷൻ കട തകർത്തത് 6 തവണ

പൂപ്പാറ സ്വദേശിയായ ആന്റണി കഴിഞ്ഞ 26 വർഷമായി പന്നിയാറിൽ റേഷൻ കട നടത്തുന്നു. സമീപ കാലത്തുണ്ടായതു പോലെ പ്രശ്നങ്ങൾ നേരിട്ടിട്ടില്ലെന്ന് ആന്റണി പറയുന്നു. 15 മാസത്തിനിടെ 6 തവണയാണ് അരിക്കൊമ്പൻ റേഷൻ കട തകർത്തത്. 10 ചാക്കിൽ അധികം അരിയും ആട്ടയും നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന ആന്റണി റേഷൻ കട മുന്നോട്ടു കൊണ്ടുപോകണോ എന്ന ആലോചനയിലാണ്.

എച്ച്എംഎൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടിഷ് ഭരണ കാലത്തു നിർമിച്ച കെട്ടിടത്തിലാണു റേഷൻ കട. ഓരോ തവണയും കട തകർക്കുമ്പോൾ അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും തുറക്കും. അടച്ചുറപ്പുള്ള ഒരു കെട്ടിടമുണ്ടെങ്കിൽ കാട്ടാനയെ പേടിക്കേണ്ടെന്നാണ് ആന്റണി പറയുന്നത്. പന്നിയാറിൽ പുതിയ കെട്ടിടം നിർമിച്ചു നൽകാൻ കമ്പനി തയാറാവുകയോ തോണ്ടിമലയിലേക്ക് റേഷൻ കട മാറ്റുന്നതിനു സൗകര്യമൊരുക്കുകയോ വേണമെന്നാണ് ആവശ്യം. പന്നിയാറിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള തോണ്ടിമലയിൽ അടച്ചുറപ്പുള്ള കെട്ടിടങ്ങളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com