ADVERTISEMENT

അന്നു പ്രിയപ്പെട്ടവൻ ഇന്നു തലവേദന

മൂന്നാറുകാരുടെ പ്രിയപ്പെട്ട കൊമ്പനാണ് പടയപ്പ.45 നും 50 നുമിടയിൽ പ്രായമുള്ള പടയപ്പ പൊതുവേ ശാന്തനായിരുന്നു നാളിതുവരെ.മൂന്നാർ ടൗൺ, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലെ പച്ചക്കറി, പഴക്കടകൾ തകർത്ത് പഴങ്ങളും പച്ചക്കറികളും തിന്നുന്നതായിരുന്നു ശീലം. എന്നാൽ  രണ്ടു മാസമായി പടയപ്പ അക്രമാസക്തനാണ്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ, കുറ്റ്യാർവാലി, പെരിയവര, കന്നിമല എന്നിവിടങ്ങളിലായി എട്ടോളം വാഹനങ്ങൾക്ക് നേരെ പടയപ്പ ആക്രമണം നടത്തി.

1.പടയപ്പ, 2.കഴിഞ്ഞ ദിവസം ആനയിറങ്കൽ ബോട്ട് ലാൻഡിങിന് സമീപമെത്തിയ ചക്ക കൊമ്പൻ.
1.പടയപ്പ, 2.കഴിഞ്ഞ ദിവസം ആനയിറങ്കൽ ബോട്ട് ലാൻഡിങിന് സമീപമെത്തിയ ചക്ക കൊമ്പൻ.

രാത്രിയിൽ പാതയോരങ്ങളിലും വീടുകൾക്ക് സമീപവും നിർത്തിയിട്ടിരുന്നതും യാത്രക്കാരുമായി പോയ വാഹനങ്ങളാണ് അക്രമിക്കപ്പെട്ടത്.ഇരുചക്ര വാഹനയാത്രക്കാർ ഉൾപ്പെടെയുള്ളവർ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു.മദപ്പാടിലായതാണ് പടയപ്പ അക്രമാസക്തനാകാൻ കാരണമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. മേഖലയിൽ വ്യാപകമായി ആക്രമണം നടത്തുന്ന പടയപ്പയെ പിടിച്ച് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണു നാട്ടുകാരുടെ ആവശ്യം 

 ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിലെത്തിയ കാട്ടാന (ഫയൽചിത്രം).
ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിലെത്തിയ കാട്ടാന (ഫയൽചിത്രം).

വീട് തകർക്കൽ ഹരമാക്കി അരികൊമ്പൻ

ആനയിറങ്കൽ വനമേഖലയിൽ നിന്നും സ്ഥിരമായി ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരിയായ ഒറ്റയാനാണ് അരി കൊമ്പൻ. വീടുകളും കടകളും തകർത്ത് അരിയും ഉപ്പും എടുക്കുന്നതാണ് ഈ ഒറ്റയാന്റെ പതിവ്. ഇതു വരെ 60 വീടുകൾ അരി കൊമ്പൻ തകർത്തിട്ടുണ്ട്. 10 മനുഷ്യ ജീവനും ഈ കാട്ടുകൊമ്പൻ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും ശങ്കരപാണ്ഡ്യമെട്ടിൽ 2 വീടുകൾ അരി കൊമ്പൻ തകർത്തിരുന്നു. 15 മാസത്തിനിടെ 8 തവണയാണ് അരി കൊമ്പൻ പന്നിയാറിലെ റേഷൻ കട തകർത്തത്.

മറയൂർ ചിന്നാർ റോഡിൽ സ്ഥിരമായി കാണുന്ന ഒന്നരക്കൊമ്പൻ.
മറയൂർ ചിന്നാർ റോഡിൽ സ്ഥിരമായി കാണുന്ന ഒന്നരക്കൊമ്പൻ.

10 ചാക്കിലധികം അരിയും ആട്ടയും കൊണ്ടു പോയി. ആനയിറങ്കലിലെ റേഷൻ കടക്ക് നേരെയും പല തവണ അരി കൊമ്പന്റെ ആക്രമണമുണ്ടായി. മനുഷ്യ ജീവന് ഭീഷണിയായ അരി കൊമ്പനെ മയക്കു വെടി വച്ച് തളച്ച് ആനത്താവളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ശാന്തൻപാറ പഞ്ചായത്ത് വനം മന്ത്രിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും കത്ത് നൽകിയിട്ടുണ്ടെങ്കിലും നടപടികളുണ്ടായിട്ടില്ല.

   ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപം യൂക്കാലി മരം കുത്തി മറിക്കാൻ ശ്രമിക്കുന്ന അരി കൊമ്പൻ (ഫയൽ ചിത്രം).
ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപം യൂക്കാലി മരം കുത്തി മറിക്കാൻ ശ്രമിക്കുന്ന അരി കൊമ്പൻ (ഫയൽ ചിത്രം).

ചക്കക്കൊമ്പനെ പേടിച്ച് ആനയിറങ്കൽ

ആനയിറങ്കൽ , മൂലത്തുറ, തലക്കുളം മേഖലകളിലെ സ്ഥിരം ശല്യക്കാരനാണ് നാട്ടുകാർ ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാൻ. പ്ലാവുകളിൽ നിന്ന് ചക്ക പറിച്ചെടുത്ത് തിന്നുന്നതു കൊണ്ടാണ് ഈ ഒറ്റയാന് ചക്ക കൊമ്പൻ എന്ന പേര് വീണത്. ചക്ക കൊമ്പനെ പേടിച്ച് പ്ലാവുകളിൽ ചക്ക  വിരിഞ്ഞാലുടൻ വെട്ടി കളയുകയാണ് കർഷകർ ചെയ്യുന്നത്.

   ചിന്നാർ റോഡിൽ പതിവായി കാണാറുള്ള  ആനക്കൂട്ടം
ചിന്നാർ റോഡിൽ പതിവായി കാണാറുള്ള ആനക്കൂട്ടം

ഒരു ഡസൻ പേരെങ്കിലും ചക്ക കൊമ്പന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ പൂപ്പാറ മുതൽ - പെരിയകനാൽ വരെയുള്ള ഭാഗത്ത് എപ്പോൾ വേണമെങ്കിലും ചക്ക കൊമ്പൻ ഇറങ്ങാൻ സാധ്യതയുണ്ട്. ഈ ഒറ്റയാനെ ഇവിടെ നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാഞ്ഞിരവേലിയിൽ കിടന്നുറങ്ങാനാവുന്നില്ല

നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു പരിധിയിൽ വരുന്ന അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിൽ കാട്ടാനശല്യം രൂക്ഷമാണ്. 2 വർഷം മുൻപു വരെ വല്ലപ്പോളും എത്തിയിരുന്ന കാട്ടാന ഇപ്പോൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് എത്തി നാശനഷ്ടം വരുത്തുകയാണ്.രാത്രികാലങ്ങളിൽ സ്വര്യമായി വീടുകളിൽ കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

സംസ്ഥാന സർ‌ക്കാർ സോളർ വൈദ്യുത വേലി നിർമിച്ച് കൃഷിയിടത്തിലേക്ക് ആനകൾ എത്തുന്നത് തടയാൻ നടപടി സ്വീകരിച്ചെങ്കിലും വനം വകുപ്പ് തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതോടൊപ്പം വനം വകുപ്പിന് കീഴിലുള്ള ജാഗ്രത സമിതികൾ നോക്കുകുത്തിയാണ്. 

വണ്ടിപ്പെരിയാറിൽ നിത്യശല്യം

വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വള്ളക്കടവ്, എട്ടാം നമ്പർ പുതുവൽ , മൂലക്കയം, കൊക്ക കാട് എന്നിവിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം പതിവ് സംഭവം. വള്ളക്കടവ് മേഖലയിൽ ഏലം, കുരുമുളക് ഉൾപ്പെടെ കൃഷി വിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നു സംഘമമായി ആണ് ആനകൾ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നത്. ഇതിലാകട്ട രാപകൽ വിത്യാസവുമില്ല. മുളക് പുകച്ചും പടക്കം പൊട്ടിച്ചുമാണ് പ്രദേശവാസികൾ ഇവയെ തുരത്താൻ ശ്രമിക്കുന്നത്. രാത്രിയിൽ എത്തുന്ന ആനക്കൂട്ടം മിക്കപ്പോഴും നേരം നന്നായി പുലരുന്നതു വരെ ഭീതി പരത്തി ജനവാസ കേന്ദ്രങ്ങളിൽ നിലയുറപ്പിക്കുന്നു.

വഴി മുടക്കി ഒന്നരക്കൊമ്പൻ

മറയൂർ – ചിന്നാർ റോഡിൽ അപകടകാരിയായി ഒന്നരക്കൊമ്പനും ആനക്കൂട്ടവും വിലസുന്നു. മറയൂർ ചിന്നാർ റോഡിൽ രണ്ട് മാസത്തിനു മുൻപ് തമിഴ്നാട് സ്വദേശി അക്ബർ അലിയെ കുത്തിക്കൊന്ന  ഒന്നര കൊമ്പൻ സ്ഥിരമായി റോഡിൽ ഗതാഗതം മുടക്കുന്നുണ്ട്. തമിഴ്നാട് കേരള അതിർത്തി മേഖലയായ ചിന്നാർ വന്യജീവി സങ്കേതത്തിലെയും തമിഴ്നാട്ടിൽ ആനമല കടുവ സംരക്ഷണ കേന്ദ്രത്തിലെയും കാട്ടാനക്കൂട്ടം സംസ്ഥാന്തര പാതയായ മറയൂർ ഉദുമൽപേട്ട റോഡിൽ മണിക്കൂറോളം ഗതാഗതം മുടങ്ങതു നിത്യകാഴ്ചയാണ്.

ആനക്കൂട്ടം അക്രമകാരികൾ അല്ലെങ്കിലും ഒന്നര കൊമ്പൻ അപകടകാരിയാണ്. ചിന്നാർ വന്യജീവി സങ്കേതത്തിലെ  വീതി കുറഞ്ഞ  റോഡിൽ ഒന്നരക്കൊമ്പൻ രാത്രികാലങ്ങളിൽ സ്ഥിരമായി നിൽക്കുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. 

ഏലക്കാടുകൾ നശിപ്പിച്ച് കാട്ടാനക്കൂട്ടം

കുട്ടിയാന ‘ഒളിച്ചേ, കണ്ടെ’ കളിച്ച് നശിപ്പിച്ചത് ഉടുമ്പൻചോല മേഖലയിൽ 25 ഏക്കറിലധികം ഏലത്തോട്ടമാണ്. കേരള തമിഴ്നാട് അതിർത്തി മേഖലകളിൽ നിരന്തര ശല്യം വിതക്കുന്ന ഒരു ആനക്കുടുംബമുണ്ട്. കൊമ്പനും, പിടിയാനയും, കുട്ടിയാനയുമാണ് ഉടുമ്പൻചോല മുതൽ പുഷ്പകണ്ടം അണക്കരമെട്ടിൽ വരെ എത്തി കൃഷി നാശം വിതക്കുന്നത്. ഇവർക്കൊപ്പം തമിഴ്നാട് വനമേഖലയോട് ചേർന്ന കൃഷിയിടങ്ങളിൽ നിരന്തര ശല്യം വിതക്കുന്ന മറ്റൊരു കൊമ്പനുണ്ടായിരുന്നത് സമീപകാലത്ത് ചത്തു.

തമിഴ്നാട്ടിൽ‌ നിരവധി കർഷകരെ ആക്രമിച്ച് കൊന്ന പാത്തിക്കാലി എന്ന കാട്ടാനായാണ് ചത്തത്. കോവിഡ് കാലത്ത് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച 2 പേർ അതിർത്തിയിലെ വനാന്തർഭാഗത്ത് കുടുങ്ങി. ഇവർക്ക് നേരെ പാത്തിക്കാലിയുടെ ആക്രമണം ഉണ്ടായിരുന്നു. പാത്തിക്കാലി ചത്തതോടെ മറ്റൊരു ഒറ്റയാന്റെ സാന്നിധ്യം കേരള തമിഴ്നാട് അതിർത്തി മേഖലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഈ കൊമ്പനും ആന കുടുംബത്തോടൊപ്പം ചേർന്നതോടെ ശല്യം രൂക്ഷമായി. തമിഴ്നാട് വനമേഖലയിൽ നിന്നുമാണ് കാട്ടാനക്കൂട്ടം അതിർത്തി മേഖലകളിലേക്ക് കടന്ന് കയറുന്നത്.  4 വർഷത്തിനിടെ 25 ഏക്കറിലധികം സ്ഥലത്തെ ഏലച്ചെടികൾ കാട്ടാനകുടുംബം നശിപ്പിച്ചിട്ടുണ്ട്. ഏലത്തോട്ടത്തിനുള്ളിൽ കയറുന്ന കുട്ടിയാന കൊമ്പനെയും, പിടിയാനെയും കാണാതെ ഒളിച്ചിരിക്കും.

കൊമ്പനും പിടിയും കുട്ടിയാനയെ തേടി നടക്കും. കുട്ടിയാന ഏലത്തോട്ടത്തിനുള്ളിൽ ഒളിച്ചേ കണ്ടേ തുടരും ഇതോടെ ഏലത്തോട്ടം തകർന്ന് തരിപ്പണമാകും. ശല്യം രൂക്ഷമാകുന്നതോടെ ആർആർടി ടീമിനെ വിന്യസിച്ച് കാട്ടാനക്കൂട്ടത്തെ തമിഴ്നാട് വനത്തിലേക്ക് കടത്തി വിടുകയാണ് ചെയ്യുന്നത്. ഉടുമ്പൻചോലയിൽ കൃഷി ചെയ്യാതെ കിടക്കുന്ന അരമനക്കാട്ടിൽ കാട്ടാനക്കൂട്ടമെത്തി ക്യാംപ് ചെയ്യാറുണ്ട്. സമീപകാലത്തും ആനക്കുടുംബം അരമന കാട്ടിലെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com