ADVERTISEMENT

മികച്ച പ്രവർത്തനങ്ങൾക്കുള്ള വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പുരസ്കാരം ശക്തിവേൽ ഉൾപ്പെടുന്ന സംഘത്തിനു ലഭിച്ചിരുന്നു

രാജകുമാരി (ഇടുക്കി) ∙ ‘‘പോടാ, ഇങ്കെ നിക്കാതെ കാട്ടിൽ കേറിപ്പോടാ...’’ നവംബർ 29നു കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ആനയിറങ്കലിനു സമീപം റോഡിലിറങ്ങിയ ‘മുറിവാലൻ കൊമ്പൻ’ എന്ന ഒറ്റയാനെ ശകാരിച്ചു കാട്ടിലേക്കു കയറ്റിവിടുന്ന വനം വകുപ്പ് വാച്ചറുടെ വിഡിയോ ആളുകൾ കൗതുകത്തോടെയാണു കണ്ടത്. ഇന്നലെ കാട്ടാനക്കൂട്ടത്തിന്റെ ചവിട്ടേറ്റു മരിച്ചതു ശക്തിവേൽ എന്ന ആ താൽക്കാലിക വാച്ചറാണ്. കാട്ടാനയെ മുന്നിൽക്കണ്ട വെപ്രാളത്തിൽ ബൈക്ക് മറിഞ്ഞു റോഡിൽ വീണ 2 പേരെയാണ് അന്നു ശക്തിവേൽ രക്ഷിച്ചത്.

ശക്തിവേലിനെക്കുറിച്ച് മനോരമ പ്രസിദ്ധീകരിച്ച വാർത്ത.
ശക്തിവേലിനെക്കുറിച്ച് മനോരമ പ്രസിദ്ധീകരിച്ച വാർത്ത.

വന്യജീവികളുടെ നീക്കങ്ങൾ നന്നായി അറിയാവുന്ന, കാടിനെ അടുത്തറിയാവുന്ന വാച്ചറായിരുന്നു ശക്തിവേൽ. ആനയിറങ്കൽ മേഖലയിൽ ശക്തിവേലിനെ റോ‍ഡിൽ കണ്ടാൽ സമാധാനത്തോടെ യാത്ര ചെയ്യാമെന്നാണു ഡ്രൈവർമാർ പറയാറുള്ളത്. ‘ചക്കക്കൊമ്പൻ’ എന്ന കാട്ടാനയുടെ മുന്നിൽപെട്ട ബൈക്ക് യാത്രക്കാരെ ഒരാഴ്ച മുൻപു ശക്തിവേൽ രക്ഷപ്പെടുത്തിയിരുന്നു. ജനവാസമേഖലകളിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ ആത്മവിശ്വാസവും‍ ഒരു മുളവടിയും മാത്രമായിരുന്നു ശക്തിവേലിന്റെ കൈമുതൽ. ‍കഴിഞ്ഞ ദിവസം ആനയിറങ്കൽ ബോട്ട് ലാൻഡിങ്ങിലെത്തിയ അരിക്കൊമ്പനെയും ഒച്ചവച്ചു തുരത്തി. ഇന്നലെ രാവിലെ 6നു വീട്ടിൽ നിന്നിറങ്ങി.

വനം വകുപ്പ് വാച്ചർ ശക്തിവേലിനെ കാട്ടാനകൾ കൊലപ്പെടുത്തിയതിനെ തുടർന്ന് നാട്ടുകാർ കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലെ‍ തോണ്ടിമലയിൽ നടത്തിയ റോഡുപരോധം.
വനം വകുപ്പ് വാച്ചർ ശക്തിവേലിനെ കാട്ടാനകൾ കൊലപ്പെടുത്തിയതിനെ തുടർന്ന് നാട്ടുകാർ കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലെ‍ തോണ്ടിമലയിൽ നടത്തിയ റോഡുപരോധം.

അര മണിക്കൂറിനുള്ളിൽ പന്നിയാർ എസ്റ്റേറ്റിനു സമീപമെത്തി. ആൾത്താമസമില്ലാത്ത ഈ തോട്ടം മേഖലയിലാണ് 6 പിടിയാനകളും 2 കുട്ടിയാനകളും നിലയുറപ്പിച്ചിരുന്നത്. മൂടൽമഞ്ഞിൽ ആനകൾ മുന്നിലെത്തിയതു കാണാനായില്ല. ദേവികുളം റേഞ്ചിനു കീഴിൽ കാട്ടാനശല്യം രൂക്ഷമായതോടെ തദ്ദേശീയരായ വാച്ചർമാരെ നിയമിക്കാൻ വനം വകുപ്പ് തീരുമാനിച്ചത് 2014ലാണ്. ആദ്യം ശക്തിവേലും പിന്നീട് 23 പേരും വാച്ചർമാരായി ചേർന്നു. വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ അവാർഡ് ശക്തിവേൽ ഉൾപ്പെടുന്ന എട്ടംഗ ദ്രുതപ്രതികരണ സേനയ്ക്കു ലഭിച്ചിരുന്നു. 

വാഗ്ദാനങ്ങളൊന്നും നടപ്പായില്ല; ആക്രമണം തുടർക്കഥ

രാജകുമാരി ∙ വന്യ ജീവിയാക്രമണം തടയുന്നതിനു പ്രത്യേക കർമ പദ്ധതിക്കു രൂപം നൽകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഏതാനും മാസം മുൻപ് നിയമ സഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ തുടർ നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞ മന്ത്രി സഭയിൽ വനം വകുപ്പ് മന്ത്രിയായിരുന്ന കെ.രാജു വന്യ ജീവിയാക്രമണം തടയാൻ നടപ്പാക്കുമെന്ന് 2016 ജൂലൈ 15 ന് നിയമ സഭയിൽ പ്രഖ്യാപിച്ച നടപടികളിൽ‍ ഒന്നു പോലും യാഥാർഥ്യമായില്ല.

പ്രശ്നക്കാരായ വന്യജീവികളിൽ റേഡിയോ കോളർ ഘടിപ്പിച്ച് കർഷകർക്ക് മുന്നറിയിപ്പ് നൽകും, വനത്തിനകത്ത് വന്യ ജീവികൾക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫല വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കും എന്നിവയൊക്കെ ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ പ്രഖ്യാപിച്ച നടപടികളാണ്. എന്നാൽ ഇവയിൽ ഒന്നു പോലും ഇതുവരെ നടപ്പായിട്ടില്ല.

സർക്കാർ അനങ്ങാപ്പാറ നയം ഉപേക്ഷിക്കണം: ഡീൻ

ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ ശക്തിവേൽ കൊല്ലപ്പെട്ടത് അങ്ങേയറ്റം ഖേദകരമാണ്. സർക്കാർ അടിയന്തര മായി ഇടുക്കി ജില്ലയിൽ പ്രത്യേക പദ്ധതി തയാറാക്കണം. ബജറ്റിൽ പണം വകയിരുത്തണം. വർഷങ്ങളായി ആളുകൾ കൊല്ലപ്പെട്ടിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

20 വർഷം; ആനക്കലിയിൽ പൊലിഞ്ഞത് 44 ജീവൻ

20 വർഷത്തിനിടെ ദേവികുളം റേഞ്ചിനു കീഴിൽ 44 പേരെ കാട്ടാനകൾ കൊലപ്പെടുത്തി

കഴിഞ്ഞ 2 വർഷങ്ങളിലെ വിശദാംശങ്ങൾ: 

2021 ജൂലൈ- കോരമ്പാറ സ്വദേശിനി വിമലയെ (46) തലക്കുളത്തെ കൃഷിയിടത്തിൽ കാട്ടാന കുത്തിക്കൊന്നു. 

2021 സെപ്റ്റംബർ- ചട്ടമൂന്നാർ സ്വദേശിനി വിജിയെ (36) ഭർത്താവിനൊപ്പം ബൈക്കിൽ വരുമ്പോൾ ഒറ്റയാൻ ആക്രമിച്ചു കൊലപ്പെടുത്തി. 

2022 മാർച്ച് 29- സിങ്കുകണ്ടം തിരുവള്ളൂർ കോളനി കൃപാഭവനിൽ ബാബുവിനെ (60) വീടിനു സമീപം ചക്കക്കൊമ്പൻ എന്ന ഒറ്റയാൻ ചവിട്ടിക്കൊലപ്പെടുത്തി.

2022 നവംബർ 21- തലക്കുളം സ്വദേശിയായ സ്വാമിവേലിനെ (68) കൃഷിയിടത്തിലേക്കു പോകുമ്പോൾ കാട്ടാന കുത്തിക്കൊന്നു. 

70- പത്തു വർഷത്തിനിടെ വന്യജീവിയാക്രമണത്തിൽ ഇടുക്കി ജില്ലയിൽ കൊല്ലപ്പെട്ടത് 70 പേർ. 

540- പത്തു വർഷത്തിനിടെ വന്യജീവിയാക്രമണത്തിൽ ഇടുക്കി ജില്ലയിൽ പരുക്കേറ്റത് 540 പേർക്ക്

5- പത്തു വർഷത്തിനിടെ വന്യജീവിയാക്രമണത്തിൽ ഇടുക്കി ജില്ലയിലെ കൃഷിനാശം 5 കോടി രൂപ

കാട്ടാനക്കൂട്ടം ആക്രമിച്ചു; വനം വാച്ചർക്ക് ദാരുണാന്ത്യം

രാജകുമാരി (ഇടുക്കി) ∙ കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് ഒട്ടേറെപ്പേരെ രക്ഷിച്ച വനം വകുപ്പ് താൽക്കാലിക വാച്ചറെ കാട്ടാനക്കൂട്ടം കൊലപ്പെടുത്തി. കോഴിപ്പനക്കുടി സ്വദേശിയും ആദിവാസി വിഭാഗത്തിൽപെട്ടയാളുമായ ശക്തിവേൽ (51) ആണ് മരിച്ചത്. ആറു പിടിയാനകളും രണ്ടു കുട്ടിയാനകളും ഇന്നലെ പുലർച്ചെ പന്നിയാർ എസ്റ്റേറ്റിനു സമീപം എത്തിയിരുന്നു. ഇവയുടെ നീക്കം നിരീക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും അറിയിക്കാനാണു ശക്തിവേൽ സ്ഥലത്തു ചെന്നത്. കനത്ത മൂടൽ മഞ്ഞിൽ ആനക്കൂട്ടം തൊട്ടുമുന്നിലെത്തിയതു ശക്തിവേലിനു കാണാൻ കഴിഞ്ഞില്ലെന്നാണു സൂചന. ഫോൺ വിളിച്ചിട്ട് ശക്തിവേൽ എടുക്കാതെ വന്നതോടെ തിരച്ചിലിനിറങ്ങിയ നാട്ടുകാരാണു മൃതദേഹം കണ്ടെത്തിയത്. ആനകളുടെ ചവിട്ടേറ്റ് ദേഹമാസകലം മുറിവേറ്റ നിലയിലാണ്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ.

പൊലീസ് എത്തുംമുൻപ് വനം വകുപ്പ് ഉദ്യോഗസ്ഥർ‍ ശക്തിവേലിന്റെ മൃതദേഹം ആശുപത്രിയിലേക്കു കൊണ്ടുപോയതിൽ നാട്ടുകാർ പ്രതിഷേധിച്ചു. കാട്ടാനശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എംഎൽഎമാരായ എം.എം.മണി, എ.രാജ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങൾ കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു. ശക്തിവേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപയ്ക്ക് അർഹതയുണ്ടെന്നും ഇതിൽ 5 ലക്ഷം രൂപ ഇന്നു നൽകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.ശാന്തിയാണു ശക്തിവേലിന്റെ ഭാര്യ. മക്കൾ: രാധിക, വനിത, പ്രിയ. മരുമക്കൾ: കുമാർ, രാജ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com