മൂന്നാർ∙ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ആഡംബര മുറികളെക്കാൾ പ്രിയം വട്ടവട മേഖലയിലെ മൺവീടുകളോട്. പഞ്ചായത്തിലെ വട്ടവട, കോവിലൂർ, കൊട്ടാക്കമ്പൂർ എന്നിവടങ്ങളിലാണു പഴയ കാലത്തെ ഗൃഹാതുരത്വം വിളിച്ചോതുന്ന വിധത്തിലുള്ള മൺ വീടുകൾ ഉള്ളത്.
മണ്ണ്, കാട്ടുകമ്പുകൾ, കാട്ടുകല്ലുകൾ എന്നിവയും ചാണകവും ചകിരി തൊണ്ടു കത്തിച്ച കരിയുമുപയോഗിച്ചാണു നിർമാണം. കോൺക്രീറ്റ് നിർമിതികളെ അപേക്ഷിച്ചു ചെലവു വളരെ കുറവാണ്. ദിവസ വാടകയും കുറവാണ്.
നിർമാണം ഇങ്ങനെ
കാട്ടുകല്ലുകൾ കൊണ്ടു തറകെട്ടിയ ശേഷം മണ്ണിട്ട് അടിച്ചുറപ്പിക്കും. തുടർന്ന് ബലമുള്ള കാട്ടുകമ്പുകൾ ഉപയോഗിച്ചു തൂണുകൾ സ്ഥാപിക്കും. ഇതിൽ നിന്നു ഭിത്തികൾക്കു സമാനമായി കാട്ടുകമ്പുകൾ പാകും. കാട്ടുകമ്പുകൾക്കിടയിൽ കാട്ടുകല്ലും കുഴമണ്ണും ചേർത്തു പുളിപ്പിച്ച മിശ്രിതം ഇടും. ഇതിനു ശേഷം പുളിപ്പിച്ചു വച്ചിരിക്കുന്ന മണ്ണ് ഇതിനു മുകളിൽ സിമന്റ് തേക്കുന്ന രീതിയിൽ പൂശും.
കാട്ടുകമ്പുകൾ കൊണ്ടു മേൽക്കൂര ഉണ്ടാക്കി തകരഷീറ്റുകൾ മേയും. ചാണകവും ചകിരി തൊണ്ട് കത്തിച്ച കരിയും ഉപയോഗിച്ചാണു തറ മെഴുകുന്നത്. സമീപത്തുള്ള ശുചിമുറി മാത്രമാണു ടൈലും സിമന്റും ഉപയോഗിച്ചു നിർമിച്ചിരിക്കുന്നത്. എല്ലാ കാലാവസ്ഥയിലും മുറികൾക്കുള്ളിൽ തണുപ്പു ലഭിക്കും. 1500 മുതൽ 2000 രൂപ മാത്രമാണു മൺവീടു കളുടെ ദിവസ വാടക. ഭക്ഷണത്തിനു വേറെ തുക നൽകണം.