കട്ടപ്പന ∙ വാഹന പരിശോധനയ്ക്കായി ബൈക്കിനു കൈ കാണിച്ച എസ്‌ഐയെ ‘പട’മാക്കി ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആയി യുവ ചിത്രകാരൻ. ഉപ്പുതറ അമ്പലപ്പാറ വേലംകുഴിയിൽ മധു മോഹൻ (23) ആണു കാഞ്ഞാർ എസ്‌ഐ ജിബിൻ തോമസിന്റെ ചിത്രം വരയ്ക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാം റീൽസിൽ പോസ്റ്റ് ചെയ്ത് കയ്യടി നേടിയത്. ഞായറാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്ത റീൽസ് മൂന്നു ദിവസം കൊണ്ട് 6 ലക്ഷത്തിലധികം ആളുകൾ കണ്ടു.
ഡാൻസറും ചിത്രകാരനുമായ മധു വിവാഹ വേദികളിൽ വധൂവരൻമാരുടെ ചിത്രം തത്സമയം വരയ്ക്കുകയും നൃത്തം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ശനിയാഴ്ച പെരുമ്പാവൂരിലെ വിവാഹ ചടങ്ങിൽ പരിപാടി അവതരിപ്പിച്ചശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെ കാഞ്ഞാറിൽ വച്ചാണ് എസ്ഐ വാഹന പരിശോധനയ്ക്കായി ബൈക്കിനു കൈ കാണിച്ചത്.
കലാകാരൻ ആണെന്ന് അറിഞ്ഞപ്പോൾ തന്റെ ചിത്രം വരയ്ക്കാമോയെന്ന എസ്ഐയുടെ ചോദ്യത്തിനു മിനിറ്റുകൾക്കുള്ളിൽ പടം വരച്ചു നൽകി മധു മോഹൻ ഉത്തരം നൽകി. ഇതിന്റെ വിഡിയോ മധുവിന്റെ സുഹൃത്ത് പകർത്തിയിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഞായറാഴ്ച വൈകിട്ടാണ് വിഡിയോ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ‍് ചെയ്തത്.