ഉപ്പുതറ∙ ഓട്ടോറിക്ഷയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 28 ലീറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. ഒൻപതേക്കർ നടുപ്പറമ്പിൽ രഖിൽ രവിയാണ്(24) അറസ്റ്റിലായത്. ബവ്‌റിജസ് കോർപറേഷന്റെ വിദേശ മദ്യ ചില്ലറ വിൽപന കേന്ദ്രത്തിൽ നിന്ന് അനധികൃത വിൽപനയ്ക്കായി മദ്യം കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
ഓട്ടോറിക്ഷയിൽ മദ്യവുമായി എത്തിയ ഇയാൾ പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോകുകയും പിന്തുടർന്നു പിടികൂടുകയുമായിരുന്നു. അര ലീറ്ററിന്റെ 56 കുപ്പികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. എസ്എച്ച്ഒ ഇ.ബാബു, എസ്‌ഐ സജി അലക്‌സ്, എഎസ്‌ഐമാരായ ജാഫർ സാദിഖ്, ഷാജി മുല്ലമല, എസ് സിപിഒ വി.ആർ.ജയൻ, സിനിൽ, തോമസ്, സിപിഒമാരായ നിഷാദ്, ഷമീർ, അൽജിൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.