തൊടുപുഴ ∙ സംസ്ഥാനത്ത് 2018 മുതൽ ഇതുവരെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത് 105 പേർ. ഇടുക്കി ഉൾപ്പെടുന്ന ഹൈറേഞ്ച് സർക്കിളിൽ 17 പേരുടെ ജീവനാണ് ഇക്കാലയളവിൽ കാട്ടാനക്കലിയിൽ നഷ്ടമായത്. വന്യജീവിയാക്രമണത്തിൽ ജീവൻ നഷ്ടമാകുന്നവരുടെ കുടുംബത്തിന് ആദ്യം 5 ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരം ലഭിച്ചിരുന്നത്. പിന്നീട് 10 ലക്ഷമായി ഉയർത്തി. കഴിഞ്ഞദിവസം കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
പക്ഷേ, നാട്ടിലിറങ്ങുന്ന വന്യജീവികൾ കാരണം മനുഷ്യജീവൻ നഷ്ടപ്പെടുമ്പോൾ ഇതൊന്നും പര്യാപ്തമല്ലെന്നാണു കർഷക സംഘടനകൾ പറയുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ 5 കോടിയോളം രൂപയുടെ കൃഷിനാശമാണ് കാട്ടാനയുൾ പ്പെടെയുള്ള വന്യജീവികൾ ഉണ്ടാക്കിയതെന്നാണ് ഔദ്യോഗിക കണക്ക്. പക്ഷേ, ഇതിന്റെ മൂന്നിരട്ടി നാശനഷ്ടം കൃഷിമേഖലയിൽ ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. കൃഷിവകുപ്പ് വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നൽകുന്നതിനെക്കാൾ കുറവാണ് വന്യജീവികൾ സൃഷ്ടിക്കുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം.
അതു കൊണ്ട് തന്നെ കൃഷിനാശമുണ്ടാകുമ്പോൾ അക്ഷയ വഴി നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ പോലും കർഷകർ തയാറാകുന്നില്ല എന്നതാണ് യാഥാർഥ്യം. വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു ഹെക്ടർ ഏലം കൃഷി നശിച്ചാൽ നഷ്ടപരിഹാരമായി നൽകുന്നത് 60,000 രൂപയാണ്. എന്നാൽ വന്യജീവികൾ ഒരു ഹെക്ടർ ഏലം കൃഷി നശിപ്പിച്ചാൽ വനം വകുപ്പ് നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാരം 2,700 രൂപയാണ്.

ഫെൻസിങ് സ്ഥാപിച്ചു തുടങ്ങി
പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട, ഗവ.എൽപി സ്കൂൾ, ക്വാർട്ടേഴ്സ് എന്നിവ ഉൾപ്പെടുന്ന ഒരു കിലോമീറ്റർ ചുറ്റളവിൽ ഫെൻസിങ് സ്ഥാപിക്കുന്ന ജോലികൾ വനം വകുപ്പ് തുടങ്ങി. 2 ദിവസത്തിനുള്ളിൽ ഫെൻസിങ് സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ 4 തവണയാണ് പന്നിയാറിലെ റേഷൻകടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടുകളും കടകളും തകർത്ത് അരി തിന്നുന്ന അരിക്കൊമ്പനാണ് റേഷൻ കടയും തകർത്തതെന്ന് ഉടമ പി.എൽ.ആന്റണി പറഞ്ഞു. ഒരു വർഷത്തിനിടെ 11 തവണയാണ് ഇൗ റേഷൻകട അരിക്കൊമ്പൻ തകർത്തത്.
കഴിഞ്ഞ ദിവസം റേഷൻ കട കാട്ടാന തകർത്തതിനെ തുടർന്ന് എസ്റ്റേറ്റ് ലയത്തിൽ കമ്പനി അനുവദിച്ച മുറിയിലേക്ക് റേഷൻ സാധനങ്ങൾ മാറ്റിയിരുന്നു. അതിന് ശേഷവും ഭാഗികമായി തകർന്ന റേഷൻ കടയുടെ നേരെ കാട്ടാനയുടെ ആക്രമണമുണ്ടായി.
കാട്ടിലേക്ക് മടങ്ങാതെ കാട്ടാനക്കൂട്ടം
രാജകുമാരി ∙ കഴിഞ്ഞ ബുധനാഴ്ച രാവിലെ പന്നിയാർ എസ്റ്റേറ്റിന് സമീപം വനം വകുപ്പ് വാച്ചർ ശക്തിവേലിനെ ആക്രമിച്ച് കൊലപ്പെടുത്തിയ 9 അംഗ പിടിയാനക്കൂട്ടം കാടു കയറാത്തതിൽ ആശങ്ക. ശനിയാഴ്ച നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ബിഎൽ റാമിലെ ഏലത്തോട്ടത്തിൽ നിന്ന് തുരത്തിയ കാട്ടാനക്കൂട്ടം തിഡീറിലേക്ക് പോയ ശേഷം ഇന്നലെ പുലർച്ചെയോടെ വീണ്ടും ബിഎൽ റാമിന് സമീപമെത്തി.
ചിന്നക്കനാൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.ജി.സന്തോഷിന്റെ നേതൃത്വത്തിൽ ചിന്നക്കനാൽ, ദേവികുളം സെക്‌ഷനുകളിൽ നിന്നുള്ള ഇരുപതംഗ ദ്രുതപ്രതികരണ സേന കാട്ടാനക്കൂട്ടത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇന്ന് കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമെന്നാണ് വിവരം. ഒരാഴ്ച മുൻപാണ് കാട്ടാനക്കൂട്ടം മതികെട്ടാൻചോലയിൽ നിന്നു തോണ്ടിമല വഴി ബിഎൽ റാമിലെ ഏലത്തോട്ടത്തിൽ എത്തിയത്. കൂടെ കുട്ടിയാനകളും ഉള്ളതിനാൽ ഇവ അക്രമകാരികളായെന്നാണ് നാട്ടുകാർ പറയുന്നത്.
ശനിയാഴ്ച പുലർച്ചെ 1ന് ബിഎൽ റാമിൽ വീട് ആക്രമിച്ച അരിക്കൊമ്പൻ ആനയിറങ്കൽ വന മേഖലയിലേക്ക് പോയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബിഎൽ റാം സ്വദേശി ശിവകുമാറിന്റെ വീടിന് നേരെയാണ് അരിക്കൊമ്പന്റെ ആക്രമണമുണ്ടായത്. ശിവകുമാറിന്റെ ഭാര്യ രാജേശ്വരിയും 5 വയസ്സുള്ള മകൾ കോകിലയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.