ADVERTISEMENT

നെടുങ്കണ്ടം∙ മദ്യലഹരിയിൽ 50 രൂപയ്ക്കു വേണ്ടി മോഷ്ടാവ് മോഷണ പദ്ധതി തുറന്നുപറഞ്ഞു. നാലംഗ സംഘത്തിന്റെ മാസ്റ്റർ പ്ലാൻ ഇതോടെ പൊളിഞ്ഞു. നെടുങ്കണ്ടം 17-ാം വാർഡിലെ ജലനിധിയുടെ ശുദ്ധജല ടാങ്കിൽ ഘടിപ്പിച്ചിരിക്കുന്ന 2 ലക്ഷം രൂപയുടെ മോട്ടറും ലക്ഷക്കണക്കിന് രൂപയുടെ പൈപ്പും മോഷ്ടിക്കാനായിരുന്നു പദ്ധതി. സംഭവം പുറത്തായതോടെ പ്രദേശത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമിച്ച തടയണയിലെ മോട്ടർ മോഷണശ്രമത്തിലും തുമ്പുണ്ടായി. ഒന്നരക്കോടി രൂപ മുടക്കി ജലനിധി പ്രദേശത്തെ 180 കുടുംബങ്ങൾക്കായി സ്ഥാപിച്ച ലക്ഷങ്ങൾ വിലവരുന്ന മോട്ടർ മോഷ്ടിക്കാൻ കഴിഞ്ഞ ദിവസം മുതൽ ശ്രമം നടന്നിരുന്നു.

Also read: ആനവണ്ടിക്കും ആനപ്പക; പെൺകുട്ടികളുടെ പരാതിയിൽ ജീവനക്കാർക്കെതിരെ കേസ്

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം വാർഡ് മെംബർ ഷിബു ചെരികുന്നേലിനെ അറിയിച്ചു. മെംബർ നെടുങ്കണ്ടം ടൗണിൽ നിൽക്കുന്നതിനിടെ മോഷണ സംഘത്തിലെ ഒരാൾ വാർഡ് മെംബറുടെ അടുക്കൽച്ചെന്ന് 50 രൂപ ആവശ്യപ്പെട്ടു. 50 രൂപ മെംബർ പോക്കറ്റിലിട്ട് നൽകിയതോടെ, മദ്യലഹരിയിലായിരുന്ന യുവാവ് മോട്ടർ മോഷ്ടിക്കാൻ പദ്ധതിയിട്ടതും മദ്യപിച്ചതിനാൽ മോഷ്ടിക്കാൻ പറ്റിയില്ലെന്നും ഉടനെ മോട്ടർ മോഷ്ടിക്കുമെന്നും വാർഡ് മെംബറോട് പറഞ്ഞു.

വാർഡ് മെംബറും നാട്ടുകാരും ടാങ്ക് പരിശോധിച്ചപ്പോൾ കോൺക്രീറ്റ് ആവരണം തകർത്ത നിലയിലും പൈപ്പുകൾ അഴിച്ച നിലയിലും കണ്ടെത്തി. കൂറ്റൻ മോട്ടറിന്റെ നട്ടുകൾ ഊരിമാറ്റിയിരുന്നു. ഏതാനും ദിവസങ്ങൾ കൊണ്ടാണ് മോട്ടർ നട്ടുകൾ അഴിച്ചുമാറ്റിയത്. സമീപത്തെ മോട്ടർപ്പുര തകർക്കാനും ശ്രമം നടന്നു. ഇതോടെ ജലനിധി കമ്മിറ്റി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെ, പ്രദേശവാസി വരകുകാലായിൽ കരുണാകരൻ മോട്ടർ നഷ്ടപ്പെട്ടതായി ഒരാഴ്ച മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു.

കാപ്പിക്കുരു, കുരുമുളക്, ചെമ്പ് പാത്രം എന്നിവ പ്രദേശത്ത് നിന്നു കാണാതാകുന്നതായി പരാതിയുണ്ട്. മേഖലയിൽ നിന്നു ബിഎസ്എൻഎൽ ടെലിഫോൺ പോസ്റ്റുകൾ കടത്തിയെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. മോട്ടർ നന്നാക്കി ജലവിതരണം പുനഃസ്ഥാപിക്കണ മെങ്കിൽ 20,000 രൂപ ജലവിതരണ കമ്മിറ്റി ചെലവഴിക്കേണ്ടി വരും. മോഷണശ്രമം അറിയിച്ച യുവാവിനൊപ്പം മറ്റുള്ളവരെയും പിടികൂടണമെന്നും പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തുമെന്നും വാർഡ് മെംബർ ഷിബു ചെരികുന്നേൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com