ADVERTISEMENT

രാജകുമാരി ∙ പാലക്കാട്ട് ഒറ്റയാനെ മയക്കു വെടിവച്ചു കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടിയതു പോലെ എളുപ്പമാവില്ല ഹൈറേഞ്ചിൽ ആനകൾക്ക് എതിരെയുള്ള നീക്കമെന്നു വിദഗ്ധർ. ജില്ലയിലെ അക്രമകാരികളായ കാട്ടാനകളുടെ ശല്യം നിയന്ത്രിക്കാൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സ്പെഷൽ ടീം ഉടൻ ജില്ലയിലെത്തും. വനംമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികളും പൊതു പ്രവർത്തകരും അക്രമകാരികളായ കാട്ടാനകളെ പിടിച്ചു കൊണ്ടു പോകണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു.

പടയപ്പ, അരിക്കൊമ്പൻ, ചക്ക കൊമ്പൻ എന്നിവയാണു ജില്ലയിലെ കുപ്രസിദ്ധ ഒറ്റയാന്മാർ. ആദ്യ ഘട്ടത്തിൽ അരി കൊമ്പനെ നിരീക്ഷിച്ചു കർമ പദ്ധതി തയാറാക്കുമെന്നാണു വനം വകുപ്പ് അധികൃതർ നൽകുന്ന വിവരം. എന്നാൽ സമതലത്തിൽ ആനയെ കിട്ടിയാൽ മാത്രമേ മയക്കുവെടി വയ്ക്കാൻ കഴിയൂ. കയറ്റിറക്കങ്ങളും ജലാശയങ്ങളും വന മേഖലയുമുള്ള ഹൈറേഞ്ചിന്റെ ഭൂപ്രകൃതി ഇത്തരമൊരു ഉദ്യമത്തിനു വെല്ലുവിളിയുയർത്തും. മയക്കു വെടിയേൽക്കുന്ന ആന വാഹനങ്ങൾക്ക് എത്തി ചേരാൻ കഴിയാത്ത പ്രദേശങ്ങളിലേക്ക് ഓടി പോകുന്നതും ജലാശയങ്ങളിലിറങ്ങുന്നതും അപകടമാണ്.

2018ലെ പാളിപ്പോയ നീക്കം

കഴിഞ്ഞ സർക്കാരിന്റെ കാലത്തു 2018 സെപ്റ്റംബർ 28 ന് വനംമന്ത്രിയായിരുന്ന കെ.രാജുവിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ശാന്തമ്പാറ, ചിന്നക്കനാൽ പ‍ഞ്ചായത്തുകളിലെ ജനവാസമേഖലകളിലിറങ്ങി ഭീതി പരത്തുന്ന അരി കൊമ്പനെ മയക്കുവെടി വച്ചു പിടികൂടി ദേഹത്ത് റേഡിയോ കോളർ ഘടിപ്പിക്കാൻ‍ തീരുമാനിച്ചിരുന്നു.‍ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് അനുസരിച്ച്‍ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 2 തവണ അരി കൊമ്പനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആനയിറങ്കൽ മുത്തമ്മ കോളനിക്കു സമീപം വച്ച് അരിക്കൊമ്പനെ 3 തവണ മയക്കുവെടി വച്ചു തമിഴ്നാട്ടിൽ നിന്നുള്ള കുങ്കിയാനകളായ കലീം, വെങ്കിടേഷ് എന്നിവയുടെ സഹായത്തോടെ വരുതിയിലാക്കാനായിരുന്നു നീക്കം.

എന്നാൽ അരിക്കൊമ്പൻ പൂർണമായും മയക്കത്തിലാകാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു. ഡോ.അരുൺ സക്കറിയയെ കൂടാതെ വനം വകുപ്പ് സീനിയർ വെറ്ററിനറി സർജന്മാരായ ഡോ.ജയകുമാർ, ഡോ.മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ വയനാട്ടിൽ നിന്നുള്ള എലിഫന്റ് സ്ക്വാഡ് അംഗങ്ങളും പെരിയാർ, ദേവികുളം, പീരുമേട് എന്നിവിടങ്ങളിൽ നിന്നുള്ള ദ്രുത പ്രതികരണ സേനാംഗങ്ങളും ഉൾപ്പെടെ നൂറോളം ഉദ്യോഗസ്ഥരുടെ സ്പെഷൽ ടീമാണ് അന്ന് അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമത്തിൽ പങ്കാളികളായത്.

ജില്ലയുടെ ഭൂപ്രകൃതി വെല്ലുവിളി:ഡോ.അരുൺ സക്കറിയ

ഇടുക്കിയുടെ വ്യത്യസ്തമായ ഭൂപ്രകൃതി‍ കാട്ടാനകളെ മയക്കു വെടി വച്ച് തളയ്ക്കുന്നതിൽ‍ വെല്ലുവിളി സൃഷ്ടിക്കുന്നതാണെന്ന് ഡോ.അരുൺ സക്കറിയ. മയക്കു വെടിയേൽക്കുന്ന കാട്ടാന കുന്നിൻ മുകളിലേക്ക് ഓടി പോകാനുള്ള സാധ്യത ഏറെയാണ്. എങ്കിലും പ്രശ്നക്കാരായ ഒറ്റയാൻമാരുടെ ചലനങ്ങൾ നിരീക്ഷിച്ച് തദ്ദേശീയരുടെ സഹകരണത്തോടെ കർമ പദ്ധതി തയാറാക്കണം. അതിന് കൂടുതൽ സമയമെടുത്തേക്കാം. ഔദ്യോഗിക നിർദേശം ലഭിക്കുന്ന മുറയ്ക്ക് ഇടുക്കിയിലെത്തും.– ഡോ. അരുൺ പറഞ്ഞു.

കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം

ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതുമായി  ബന്ധപ്പെട്ട് ശാന്തൻപാറയിൽ ചേർന്ന അവലോകന യോഗത്തിൽ കലക്ടർ ഷീബ  ജോർജ് പ്രസംഗിക്കുന്നു.
ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ശാന്തൻപാറയിൽ ചേർന്ന അവലോകന യോഗത്തിൽ കലക്ടർ ഷീബ ജോർജ് പ്രസംഗിക്കുന്നു.

ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിലെ കാട്ടാന ശല്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ ജില്ലാ കലക്ടർ ഷീബ ജോർജിന്റെ നേതൃത്വത്തിൽ ശാന്തൻപാറയിൽ അവലോകന യോഗം ചേർന്നു. മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ ചേർന്ന യോഗത്തിന്റെ തുടർച്ചയായാണു യോഗം.

എസിഎഫ് സാൻട്രി ടോം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി.ഉഷാകുമാരി, ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്, ജില്ലാ സപ്ലൈ ഓഫിസർ കെ.പി.അനിൽകുമാർ, താലൂക്ക് സപ്ലൈ ഓഫിസർ എ.സി.രവികുമാർ, പഞ്ചായത്തംഗങ്ങളായ എസ്.വനരാജ്, പി.ടി.മുരുകൻ എന്നിവർ പ്രസംഗിച്ചു.

പ്രധാന തീരുമാനങ്ങൾ

∙ ഒരാഴ്ചയ്ക്കിടെ 4 തവണ ഒറ്റയാൻ തകർത്ത പന്നിയാറിലെ റേഷൻ കട താൽക്കാലികമായി പോസ്റ്റ് ഓഫിസ് കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിക്കും.
∙ ഒരു മാസത്തിനകം പന്നിയാറിൽ റേഷൻ ക‍ടയ്ക്കു പുതിയ കെട്ടിടം നിർമിച്ചു നൽകാൻ എച്ച്എംഎൽ കമ്പനി തീരുമാനമെടുക്കണം.
∙ ജനവാസ മേഖലകളിൽ കാട്ടാന ഇറങ്ങുന്നതു തടയാനുള്ള മാർഗങ്ങൾ നടപ്പാക്കാൻ‍ ഇടുക്കി പാക്കേജിൽ നിന്നു 3 കോടി രൂപ അനുവദിക്കും. ഇതിനുള്ള പദ്ധതി വനം വകുപ്പും പഞ്ചായത്തും ചേർന്നു തയാറാക്കും.
∙ ചിന്നക്കനാൽ മേഖലയിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന നടപടികൾ ഉൗർജിതമാക്കും.

യൂത്ത് കോൺഗ്രസ് നിരാഹാര സമരം തുടങ്ങി

കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ  പ്രസിഡന്റ് കെ.എസ്.അരുൺ പൂപ്പാറയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര  സമരത്തിന്റെ രണ്ടാം ദിനത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ  പ്രസംഗിക്കുന്നു.
കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.അരുൺ പൂപ്പാറയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ രണ്ടാം ദിനത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ പ്രസംഗിക്കുന്നു.

കാട്ടാന ശല്യം നിയന്ത്രിക്കുന്നതിൽ സർക്കാരും വനം വകുപ്പും പൂർണമായി പരാജയപ്പെട്ടെന്നും പ്രശ്നത്തിൽ ശാശ്വത പരിഹാരം ഉടൻ വേണമെന്നും ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.അരുൺ പൂപ്പാറയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മനുഷ്യ ജീവനേക്കാൾ വന്യ മൃഗങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന ഇടതു സർക്കാർ നയത്തിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണു യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. 

ഡിസിസി പ്രസിഡന്റ് സി.പി.മാത്യു സമരം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാർ, സേനാപതി വേണു, ആർ.ബാലൻപിള്ള, എം.പി.ജോസ്, ജി.മുരളീധരൻ, സി.എസ്.യശോധരൻ, ബെന്നി തുണ്ടത്തിൽ, എസ്.വനരാജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com