അടിമാലി ∙ അടിമാലി താലൂക്ക് ആശുപത്രിയിൽ ഓർത്തോ ഡോക്ടർ നിർദേശിച്ച രോഗിക്കു പകരം സിവിൽ സർജന്റെ ചികിത്സയിലിരുന്ന രോഗിയെ ഡിസ്ചാർജ് ചെയ്ത് അധികൃതർ. കഴിഞ്ഞ ജനുവരി 30 ആയിരുന്നു സംഭവം. ആശുപത്രി വാർഡിൽ ഓർത്തോ ഡോക്ടർ അഡ്മിറ്റ് ചെയ്തു ശസ്ത്രക്രിയ നടത്തിയ ഇടമലക്കുടി സ്വദേശി മഹേശ്വരനും (53) സർജൻ അഡ്മിറ്റ് ചെയ്ത വേലിയാംപാറ കുടിയിലെ രാജു നാഗനും (40) ചികിത്സയിലുണ്ടായിരുന്നു. ഓർത്തോ സർജൻ തന്റെ രോഗിക്കു കഴിഞ്ഞ 30 നു ഡിസ്ചാർജ് സമ്മറി എഴുതി വാർഡിലെ നേഴ്സുമാരെ ഏൽപിച്ചു.
എന്നാൽ നേഴ്സുമാർ സർജൻ അഡ്മിറ്റ് ചെയ്ത രാജു നാഗനെ ഡിസ്ചാർജ് ചെയ്യുകയും, ഓർത്തോ ഡോക്ടർ കുറിച്ച മരുന്നുകൾ എല്ലാം രാജു നാഗനു നൽകി വീട്ടിലേക്ക് അയ്ക്കുകയും ചെയ്തു. ജനുവരി 31 നു സർജൻ വാർഡ് പരിശോധനയ്ക്ക് എത്തിയപ്പോൾ തന്റെ രോഗിയായ രാജു നാഗനെ കണ്ടില്ല. തിരക്കിയപ്പോഴാണ് ഡിസ്ചാർജ് ചെയ്ത രോഗി മാറി പോയ വിവരം ഡോക്ടർ അറിഞ്ഞത്.
സൂപ്രണ്ടിനെ വിവരം അറിയിച്ചതിനെ തുടർന്നു പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനിടെ ആശുപത്രിയിൽ നിന്ന് ഒരു വിഭാഗം ജീവനക്കാർ രാജു നാഗന്റെ വീട്ടിൽ എത്തി മാറി പോയ മരുന്ന് തിരികെ വാങ്ങി ശരിക്കുള്ള മരുന്ന് നൽകി തലയൂരിയെങ്കിലും സംഭവം സംബന്ധിച്ചു ജില്ല മെഡിക്കൽ ഓഫിസർ വിശദീകരണം തേടി. മഹേശ്വരനെ പിന്നീട് ഡിസ്ചാർജ് ചെയ്തു.