തൊടുപുഴ ∙ താങ്ങുവില പ്രഖ്യാപനങ്ങളോ ശ്രദ്ധേയ പുതിയ പദ്ധതികളോ ഇടുക്കിക്കു സമ്മാനിക്കാതെ സംസ്ഥാന ബജറ്റ്. നിരന്തരമായി പാക്കേജ് പ്രഖ്യാപനങ്ങളുടെ ഒടുവിലെ കണ്ണിയായി 75 കോടി രൂപയുടെ പുതിയ പാക്കേജ് ഇടുക്കിക്കായി വീണ്ടും പ്രഖ്യാപിച്ചു. വന്യമൃഗ ശല്യം കുറയ്ക്കുന്നതിനായി തുക വകയിരുത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ പ്രഖ്യാപിച്ച തുക പോലും ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കാത്തതിനാൽ വനമേഖലയോടു ചേർന്നു ജീവിക്കുന്നവർക്കും ആശ്വാസം പകരാൻ ബജറ്റ് പ്രഖ്യാപനങ്ങൾക്കു സാധിക്കുന്നില്ല.
വിനോദ സഞ്ചാര മേഖലയിലും ഇടുക്കിക്ക് അമിതാഹ്ലാദത്തിനു വകയില്ല. മൂന്നാർ കേന്ദ്രീകരിച്ചു ടൂറിസം ഇടനാഴി രൂപീകരിക്കുമെന്നതാണ് ആകെയുള്ള ശ്രദ്ധേയമായ പ്രഖ്യാപനം. എന്നാൽ ഇത് നേരത്തെ തന്നെ പ്രഖ്യാപിച്ച പദ്ധതിയാണ്. ജല വൈദ്യുത പദ്ധതികളുടെ പൂർത്തീകരണത്തിനും മതിയായ തുക ബജറ്റിലില്ല. നികുതിയേൽപ്പിക്കുന്ന അധിക ഭാരത്തിനൊപ്പം ഇടുക്കിക്ക് പ്രത്യേക പദ്ധതികൾ ഒന്നുമില്ലാതെയാണു ഈ ബജറ്റും കടന്നുപോകുന്നത്.

മെഡിക്കൽ കോളജിന് പ്രഖ്യാപനങ്ങളേറെ
ഇടുക്കി മെഡിക്കൽ കോളജിൽ നിർമിക്കാൻ പദ്ധതിയിട്ട ‘ആശ്വാസ് വാടക വീട്’ പദ്ധതി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകും. മെഡിക്കൽ കോളജിനോടു ചേർന്നു കുറഞ്ഞ ചെലവിൽ വാടകയ്ക്കു താമസ സൗകര്യം ലഭ്യമാക്കുകയാണ് ഉദ്ദേശിക്കുന്നത്. ഭവന നിർമാണ ബോർഡാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി മെഡിക്കൽ കോളജിനോടു ചേർന്ന് ഒരു ഏക്കർ സ്ഥലം ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം കിട്ടിയാൽ തുടർപ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കും.
നഴ്സിങ് കോളജ്
2014നു ശേഷം പ്രവർത്തനം ആരംഭിച്ച മെഡിക്കൽ കോളജുകൾക്ക് അനുബന്ധമായി നഴ്സിങ് കോളജുകൾ സ്ഥാപിക്കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാന ബജറ്റിലും ഇടുക്കി, വയനാട് മെഡിക്കൽ കോളജുകൾക്കു നഴ്സിങ് കോളജ് പ്രഖ്യാപനം വന്നു. സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾക്ക് അനുബന്ധമായും നഴ്സിങ് കോളജുകൾ സ്ഥാപിക്കുമെന്നാണു പ്രഖ്യാപനം. ആദ്യ ഘട്ടത്തിൽ 25 ആശുപത്രികളിലാണു പദ്ധതി. ഇതിനായി 20 കോടി വകയിരുത്തിയിട്ടുണ്ട്.
തുടർച്ചയ്ക്ക് ഒപ്പം നിന്ന്...

സ്പൈസസ് പാർക്കിന് 4 കോടി
തുടങ്ങനാട് സ്പൈസസ് പാർക്കിന് 4 കോടി രൂപ ബജറ്റിൽ അനുവദിച്ചു. പാർക്കിന്റെ ഒന്നാംഘട്ടനിർമാണം അന്തിമ ഘട്ടത്തിലാണ്. മാർച്ചിൽ ഒന്നാം ഘട്ടം പൂർത്തീകരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. റോഡ്, വെള്ളം, വൈദ്യുതി, ചുറ്റുമതിൽ, സുരക്ഷാവേലി, ഓഫിസ് കെട്ടിടം എന്നിവയുടെ നിർമാണമാണു നടന്നുവരുന്നത്.
പ്രാരംഭ നടപടികൾ പൂർത്തീകരിക്കുന്നതിനു 14 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. റോഡിന്റെ കോൺക്രീറ്റിങ്ങാണു നടക്കാനുള്ളത്. ഓഫിസ് കെട്ടിട നിർമാണം അവസാന ഘട്ടത്തിലാണ്. ചുറ്റുവേലികളും നിർമിച്ചു. ട്രാൻസ്ഫോമറും വൈദ്യുത ലൈനുകളുമാണ് ഇനി സ്ഥാപിക്കാനുള്ളത്.
പട്ടിശേരി അണക്കെട്ടിന് 14 കോടി
മറയൂരിൽ 2014 തുടങ്ങിയ പട്ടിശേരി അണക്കെട്ടിന്റെ നിർമാണം പൂർത്തീകരിക്കാൻ 14 കോടി രൂപ അനുവദിച്ചു. 2022 മാർച്ചിൽ നിർമാണ പൂർത്തീകരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും തുക അപര്യാപ്തമാണെന്നു ചൂണ്ടിക്കാണിച്ചു കരാറുകാരൻ പണി നിർത്തിവച്ചു.
തുടർന്നാണ് 14 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്. നിലവിൽ 60% നിർമാണം പൂർത്തിയായി. 2023 മാർച്ചോടെ പൂർത്തീകരിക്കാനുള്ള ശ്രമമാണു നടത്തുന്നത്. 140 മീറ്റർ നീളവും 33 മീറ്റർ ഉയരത്തിലുമാണ് അണക്കെട്ട്. സംഭരിക്കുന്ന വെള്ളം കീഴാന്തൂർ, കാരയൂർ മാശിവയൽ മേഖലയിലെ കാർഷികാവശ്യത്തിനു നൽകും.
പ്രഖ്യാപനങ്ങളല്ലാതെ ജനത്തിന് എന്തുകിട്ടും? കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്...

എയർസ്ട്രിപ് പഠനം തുടരുന്നു?
തുടർച്ചയായ നാലാം വർഷമാണ് ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ എയർ സ്ട്രിപ് പദ്ധതി ബജറ്റിൽ ഇടം പിടിക്കുന്നത്. മൂന്നു ജില്ലകൾക്കും കൂടി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 4.51 കോടി ഇത്തവണയും വകയിരുത്തി. സംസ്ഥാനത്തുടനീളം എയർ സ്ട്രിപ് സ്ഥാപിക്കാനായി പ്രത്യേക കമ്പനി രൂപീകരിക്കാൻ 20 കോടി രൂപയും ബജറ്റിലുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും സാധ്യതാ പഠനത്തിനായി തുക വിലയിരുത്തിയിട്ടുണ്ടെങ്കിലും പദ്ധതിയെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങളൊന്നും ലഭ്യമല്ല.
വന്യമൃഗ ശല്യം: തുക വകയിരുത്തിയാൽ മാറുമോ ?
കഴിഞ്ഞ ബജറ്റിലും വന്യമൃഗശല്യം തടയാനും വന്യമൃഗ ശല്യത്തിന് ഇരകളാകുന്നവർക്കു നഷ്ടപരിഹാരം നൽകാനും 25 കോടി രൂപ വകയിരുത്തിയത് ഏറെ പ്രതീക്ഷയോടെയാണു ഇടുക്കിക്കാർ കണ്ടത്. വന്യജീവി ആക്രമണങ്ങൾക്കൊപ്പം വ്യാപകമായി കൃഷിയും നശിപ്പിക്കപ്പെട്ട വർഷമായിരുന്നു കടന്നുപോയത്.ഇത്തവണ വന്യജീവി സംഘർഷ മേഖലകളിലെ പ്രവർത്തനങ്ങൾക്കായി 50.85 കോടിയും നഷ്ടപരിഹാരത്തുകയ്ക്കും താൽക്കാലിക ആർആർടികൾ ശക്തിപ്പെടുത്താനുമായി 30.85 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
വിനോദസഞ്ചാര മേഖലയ്ക്ക് ഒട്ടേറെ പ്രഖ്യാപനങ്ങൾ
മൂന്നാറിനെ പ്രത്യേക ടൂറിസം ഇടനാഴിയാക്കി മാറ്റാനുള്ള പദ്ധതിയാണു പ്രധാന പ്രഖ്യാപനം. ഹിൽ ഹൈവേ ഇടനാഴിയായി പ്രഖ്യാപിച്ച് അടിസ്ഥാന സൗകര്യം വർധിപ്പിക്കാനാണു പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ മറ്റ് 8 കേന്ദ്രങ്ങൾക്കുൾപ്പെടെ 50 കോടിയാണു അനുവദിച്ചത്.സംസ്ഥാനത്തെ വിനോദ സഞ്ചാര വികസനത്തിനായി 362.15 കോടി രൂപയാണു ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇക്കോ ടൂറിസത്തിനായി സംസ്ഥാനത്താകെ 7 കോടിയും വകയിരുത്തിയിട്ടുണ്ട്. ടൂറിസം മേഖലയിൽ വൈദ്യുതി സബ്ഡിഡിയായി 10 കോടിയും കാരവൻ ടൂറിസത്തിനു സബ്സിഡിയായി 3.70 കോടിയും വകയിരുത്തി.
2 പുതിയ പ്രതീക്ഷകൾ, ഏറെക്കാലത്തെ രണ്ട് ആവശ്യങ്ങൾ ഇത്തവണ ബജറ്റിൽ

കുളമാവ് വടക്കേപ്പുഴ ചെക്ഡാമിൽ കയാക്കിങ്
കുളമാവ് വടക്കേപ്പുഴ ചെക്ഡാമിൽ കയാക്കിങ് തുടങ്ങാനുള്ള തീരുമാനം ടൂറിസം മേഖലയിൽ ഗുണം ലഭിക്കും. കുളമാവ് പൊലീസ് സ്റ്റേഷനു സമീപമാണ് വടക്കേപ്പുഴ ചെക്ഡാം. വടക്കേപ്പുഴയാറിനു കുറുകെ തടയണ കെട്ടി വെള്ളം കുളമാവ് ഡാമിലേക്കു പമ്പ് ചെയ്ത് എത്തിക്കുന്നതാണു പദ്ധതി. ഇതിനായി 20 ഏക്കർ സ്ഥലത്താണു വെള്ളം സംഭരിച്ചിരിക്കുന്നത്. എല്ലാ കാലത്തും ജലസമൃദ്ധമാണ് വടക്കേപ്പുഴ ചെക്ഡാം.

ജില്ലാ ആസ്ഥാനത്ത് കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ
ചെറുതോണിയിൽ നിർമാണം പുരോഗമിക്കുന്ന ബസ് ടെർമിനലിനോട് അനുബന്ധിച്ച് തന്നെയാകും കെഎസ്ആർടിസി സബ് ഡിപ്പോയും ഫ്യൂവൽ സ്റ്റേഷനും വരുന്നത്. ബസ് ടെർമിനലിനും പൊലീസ് സ്റ്റേഷനും മധ്യേയുള്ള സ്ഥലമാണ് ഫ്യൂവൽ സ്റ്റേഷനും ഗാരിജിനുമായി കണ്ടു വച്ചിരിക്കുന്നത്. ഇവിടെ 2 ഏക്കർ സ്ഥലം കെഎസ്ആർടിസി ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിൽ നിന്നു നിരാക്ഷേപ പത്രം ലഭിച്ചാലുടൻ സ്ഥലം വിട്ടു കിട്ടുമെന്ന് അറിയുന്നു. ഇതോടെ നിർമാണം ആരംഭിക്കാനാകും.

ബജറ്റ് എന്ന ഈച്ചക്കോപ്പി
കഴിഞ്ഞ വർഷം - ഈ വർഷം
∙ ഇടുക്കി പാക്കേജ് – 75 കോടി - 75 കോടി
∙ തോട്ടം തൊഴിലാളികള്‍ക്കു പാർപ്പിടം – 10 കോടി - 10 കോടി
∙ എയർ സ്ട്രിപ്പുകളുടെ പഠനം – 4.51 കോടി - 4.51 കോടി
∙ വന്യമൃഗാക്രമണം തടയാൻ – 25 കോടി - 50.85 കോടി
∙ ഡാമുകളുടെ അറ്റകുറ്റപ്പണി – 15 കോടി - 58 കോടി