മൂന്നാർ ∙ കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽപെട്ട മൂന്നാർ - ബോഡിമെട്ട് റോഡിന്റെ (ഗ്യാപ് റോഡ്) വീതികൂട്ടൽ പണികൾ അവസാന ഘട്ടത്തിലെത്തി. ദേവികുളത്തെ ചില ഭാഗങ്ങളിലെ ടാറിങ്ങും ദിശാഫലകങ്ങൾ സ്ഥാപിക്കലും സീബ്രാലൈൻ വരയ്ക്കലുമാണ് ഇപ്പോൾ നടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഈ പണികൾ പൂർത്തീകരിക്കും.
കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ സൗകര്യാർഥം ഒരു മാസത്തിനുള്ളിൽ റോഡിന്റെ ഉദ്ഘാടനം നടത്താനാണ് ദേശീയപാതാ അധികൃതരുടെ തീരുമാനം. 2017 സെപ്റ്റംബർ 18നാണ് ദേശീയപാതയിൽപെട്ട മൂന്നാർ - ബോഡിമെട്ട് റോഡിന്റെ വീതികൂട്ടൽ പണികൾ ആരംഭിച്ചത്. 41.84 കിലോമീറ്റർ ദൂരത്തിലെ പണികൾക്കായി 381.76 കോടി രൂപയാണ് അനുവദിച്ചത്.
2019 ഓഗസ്റ്റിൽ നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. എന്നാൽ മഴക്കാലത്ത് തുടർച്ചയായി ദേവികുളം ഗ്യാപ് റോഡിലുണ്ടായ മലയിടിച്ചിലിനെ തുടർന്ന് അഞ്ചര വർഷത്തോളം പണികൾ നീണ്ടുപോയി. കൂടാതെ റോഡ് കടന്നു പോകുന്ന വനമേഖലയിലെ മൂന്നര കിലോമീറ്റർ ദൂരത്തെ ഭൂമി വിട്ടുകിട്ടുന്നതിനുള്ള കാലതാമസവും പണികൾ പൂർത്തീകരിക്കുന്നതിന് തടസ്സമായി.
വർഷങ്ങളായുള്ള തർക്കങ്ങൾ പരിഹരിച്ചാണ് രാജ്യാന്തര നിലവാരത്തിലുള്ള റോഡ് നിർമാണം പൂർത്തിയായത്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻവർത്ത് ഇൻഫ്രാസ്ട്രക്ചേഴ്സ് ആണ് കരാർ എടുത്തിരുന്നത്. റോഡിന്റെ നിർമാണം പൂർത്തിയായതോടെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ യാത്ര ചെയ്യാനും പ്രകൃതിഭംഗി ആസ്വദിക്കാനും നിരവധി സഞ്ചാരികളാണ് ഇതുവഴി ദിവസവുമെത്തുന്നത്.