ADVERTISEMENT

ചിന്നക്കനാൽ ∙ എഴുപതു പിന്നിട്ട പളനിയും ഭാര്യ പാർവതിയും ഇടുക്കി ചിന്നക്കനാൽ എൺപതേക്കറിലെ സ്വന്തം വീടിനുള്ളിൽ കിടന്നുറങ്ങിയിട്ടു മൂന്നു വർഷമായി. രാത്രി ഏതു നിമിഷവും വന്നു വീടു തകർക്കാൻ സാധ്യതയുള്ള കാട്ടാനകളെ പേടിച്ച് ടെറസിൽ കുടിൽ കെട്ടിയാണു താമസം. പ്രദേശത്ത് വേറെയും കുടുംബങ്ങൾ ഇങ്ങനെയുണ്ട്. ചിലർ ഭൂമി ഉപേക്ഷിച്ചുപോയി. കാട്ടാനകൾ പുരപ്പുറത്തെ പ്ലാസ്റ്റിക് കുടിൽ വലിച്ചു താഴെയിടാൻ ശ്രമിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

ഇടുക്കിയിൽ അരിക്കൊമ്പൻ തകർത്ത മണി ചെട്ടിയാരുടെ വീട്.
ഇടുക്കിയിൽ അരിക്കൊമ്പൻ തകർത്ത മണി ചെട്ടിയാരുടെ വീട്

മാതാപിതാക്കൾ കുട്ടികളെയുമെടുത്ത് പുറത്തേക്കോടി

ചിന്നക്കനാൽ ബിഎൽ റാമിൽ ഒറ്റയാൻ അരിക്കൊമ്പൻ കഴിഞ്ഞ ദിവസം 2 വീടുകളാണ് തകർത്തത്. രാത്രി ഒന്നരയ്ക്കാണ് മണി ചെട്ടിയാർ, മുരുകൻ എന്നിവരുടെ വീടുകളുടെ നേർക്കായിരുന്നു ആക്രമണം. ഇരുവീടുകളിലും താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശികളായ അതിഥിത്തൊഴിലാളികൾ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മണി ചെട്ടിയാരുടെ വീട്ടിൽ 2 കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്.

അരിക്കൊമ്പൻ വീടിന്റെ ഭിത്തി തള്ളിയിട്ടതോടെ പിൻവാതിലിലൂടെ മാതാപിതാക്കൾ കുട്ടികളെയുമെടുത്ത് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. മുരുകന്റെ വീട്ടിൽ 3 കുട്ടികളുൾപ്പെടെ 7 അംഗ കുടുംബമാണ് താമസിച്ചിരുന്നത്. ഒറ്റയാൻ ഇൗ വീടിന്റെ ഒരു ഭിത്തിയും തകർത്തു. വീടിനകത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ ബിഎൽ റാമിൽ 4 വീടുകളാണ് അരിക്കൊമ്പൻ തകർത്തത്.

എഴുന്നേറ്റ് ലൈറ്റ് തെളിച്ചപ്പോൾ കുടിലിന് നേരെ ഒറ്റയാൻ

ഒറ്റയാൻ തകർത്ത യശോധരന്റെ കുടിൽ.
ഒറ്റയാൻ തകർത്ത യശോധരന്റെ കുടിൽ

ചിന്നക്കനാൽ 301 കോളനിയിലും മുൻപ് അരിക്കൊമ്പന്റെ ആക്രമണമുണ്ടായിരുന്നു. പുലർച്ചെ 4നു 301 കോളനി അങ്കണവാടിക്ക് സമീപം ഒറ്റയ്ക്കു താമസിക്കുന്ന യശോധരന്റെ കുടിലിനു നേരെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. ശബ്ദം കേട്ട് യശോധരൻ എഴുന്നേറ്റ് ലൈറ്റ് തെളിച്ചപ്പോൾ ഒറ്റയാൻ കുടിലിന് നേരെ പാഞ്ഞു വന്നു. ഓടി രക്ഷപ്പെട്ട യശോധരൻ സമീപത്തെ അങ്കണവാടി കെട്ടിടത്തിൽ കയറിയതിനാൽ രക്ഷപ്പെട്ടു. യശോധരന്റെ ചെറിയ കുടിൽ ഒറ്റയാൻ പൂർണമായും തകർത്തു. കാട്ടാനയെ ഭയന്നു 301 കോളനിയിൽ സർക്കാർ കുടിയിരുത്തിയ ആദിവാസി കുടുംബങ്ങൾ കോൺക്രീറ്റ് വീടുകൾക്ക് മുകളിൽ കുടിൽ കെട്ടിയാണ് രാത്രി കഴിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com