ADVERTISEMENT

നെല്ലാപ്പാറ ∙ ടാർ വീപ്പയുടെ ‘സംരക്ഷണ’ത്തിൽ നിന്ന് നെല്ലാപ്പാറ വളവിനു മോചനമാകുന്നു. വാഹനങ്ങൾ ഇടിച്ചു ബാരിക്കേഡ് തകർന്ന് അപകടാവസ്ഥയിൽ വർഷങ്ങളായി തുടർന്നിരുന്ന ഭാഗത്ത് സംരക്ഷണവേലി പുനഃസ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. ഇറക്കമിറങ്ങി കൊടും വളവ് തിരിഞ്ഞു വരുന്ന ഭാഗം കാലങ്ങളായി കൊക്കയിലേക്കു തുറന്നു കിടക്കുകയായിരുന്നു. ഈ ഭാഗത്ത് നാലഞ്ചു വീപ്പകൾ നിരത്തി ‘സുരക്ഷ’ ഒരുക്കിയിരിക്കുകയായിരുന്നു ഇതുവരെ. ഇവിടത്തെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് മനോരമ മുൻപ് വാർത്ത നൽകിയിരുന്നു.

മൂവാറ്റുപുഴ – പുനലൂർ സംസ്ഥാനപാതയുടെ ഭാഗമായി കെഎസ്ടിപി ആധുനിക നിലവാരത്തിൽ റോഡ് നിർമാണം പൂർത്തിയാക്കിയതോടെ ഇവിടെ അപകടങ്ങളുടെ എണ്ണവും വർധിച്ചിരുന്നു. 4 വർഷം മുൻപ് ഈ വളവിൽ നിന്ന് കെഎസ്ആർടിസി ബസ് ബാരിക്കേഡ് തകർത്ത് താഴ്ചയിലേക്കു മറിഞ്ഞെങ്കിലും മരത്തിൽ തങ്ങി നിന്ന് വലിയ ദുരന്തം ഒഴിവായിരുന്നു. പിന്നീടും അപകടങ്ങൾ ഇവിടെ ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Also read: റോഡിലെ ഓയിലിൽ തെന്നി ഇരുചക്ര വാഹനക്കാർക്ക് പരുക്ക്

ബാരിക്കേഡ് പുനഃസ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്ന ആവശ്യം പലതവണ ഉയർന്നെങ്കിലും ഉടൻ നന്നാക്കുമെന്ന പല്ലവി ആവർത്തിച്ച് താൽക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തി പിൻവാങ്ങുകയാണ് അധികൃതർ ചെയ്തിരുന്നത്. സ്ഥലപരിചയമില്ലാത്തവർ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ബാരിക്കേഡ് പുനഃസ്ഥാപിക്കുന്നതോടെ അപകടാവസ്ഥയ്ക്കു കുറവു വരുമെങ്കിലും പൂർണമായും ഇല്ലാതാകുന്നില്ലെന്നും അവർ പറയുന്നു.

ദുരന്തങ്ങളുടെ ചരിത്രം ഏറെ പറയാനുള്ള നെല്ലാപ്പാറ വളവിലെ അപകടാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടികൾ കണ്ടെത്താൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എങ്കിലും 50 അടിയിലേറെ താഴ്ചയിലേക്കു വർഷങ്ങളായി തുറന്നു കിടന്ന ഭാഗം സുരക്ഷിതമാകുന്നതിന്റെ ആശ്വാസത്തിലാണ് ഒട്ടേറെ അപകടത്തിന് സാക്ഷിയാകേണ്ടി വന്നിട്ടുള്ള നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com