ADVERTISEMENT

പരിമിതികൾക്കു നടുവിൽ വീർപ്പുമുട്ടുന്നതും അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിനിൽക്കുന്നതുമായ ലൈബ്രറികൾ ഏറെ. ഇടുക്കിയിലെ ചില പ്രാദേശിക ലൈബ്രറികളുടെ ഇപ്പോഴത്തെ അവസ്ഥ...

അറിവിന്റെയും അക്ഷരത്തിന്റെയും വഴിയിൽ നാടിനെ കൈപിടിച്ചു നടത്തിയ ലൈബ്രറികൾ പലതും ഓർമയുടെ താളുകളിൽ ഒതുങ്ങി. സമൂഹത്തിന്റെ ഹൃദയതാളമായി മാറേണ്ട, പബ്ലിക് ലൈബ്രറികൾക്ക് കാലാനുസൃതമായ മാറ്റവും വികസനവും എന്തേ ഉണ്ടാകുന്നില്ല? വായനയുടെ ലോകം നമുക്കായി തുറക്കുന്നതോടൊപ്പം നല്ല സൗഹൃദങ്ങൾക്കും കൂട്ടായ്മകൾക്കും വേദിയൊരുക്കുക കൂടി ചെയ്യുന്ന ലൈബ്രറികളെ നമുക്ക് തിരികെ കൊണ്ടുവന്നേ തീരൂ.... 

 മാങ്കുളം പബ്ലിക് ലൈബ്രറി

∙  പതിറ്റാണ്ടുകൾക്കു മുൻപു മാങ്കുളത്തു പ്രവർത്തനം ആരംഭിച്ച പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനം നിലച്ചിട്ട് 2 വർഷം. 1999 ൽ മാങ്കുളം മൂന്നാർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന കാലഘട്ടത്തിലാണു ടൗണിൽ പബ്ലിക് ലൈബ്രറി ആരംഭിച്ചത്. കാൽ നൂറ്റാണ്ടു കാലം ലൈബ്രറിയുടെ പ്രവർത്തനം നല്ല നിലയിൽ മുന്നോട്ടു പോയി. നാലായിരത്തോളം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്.

Also read: പൈലറ്റാകാനുള്ള മോഹം രാഹുലിനെ അറിയിച്ച വേദിക വിമാനത്തിൽ പറന്നു; പറക്കലിന്റെ മായാജാലത്തെപ്പറ്റി ചോദിച്ചറിഞ്ഞു!

പ്രവർത്തനം നിലച്ച കട്ടപ്പന പാറക്കടവ് സന്തോഷ് പബ്ലിക് ലൈബ്രറി.
പ്രവർത്തനം നിലച്ച കട്ടപ്പന പാറക്കടവ് സന്തോഷ് പബ്ലിക് ലൈബ്രറി.

ഇതോടൊപ്പം ടെലിവിഷൻ കാണുന്നതിനും പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും വായിക്കുന്നതിനും ആശയങ്ങൾ പങ്കുവച്ച് അറിവു നേടുന്നതിനുമുള്ള സൗകര്യവും ഒരുക്കിയതോടെ ഒട്ടേറെ പേർക്കു ലൈബ്രറിയുടെ പ്രയോജനം ലഭിച്ചിരുന്നു. എന്നാൽ 2 വർഷമായി ലൈബ്രറി അടഞ്ഞുകിടക്കുകയാണ്. 

 കട്ടപ്പന പാറക്കടവ് പബ്ലിക് ലൈബ്രറി

∙ മികച്ച രീതിയിൽ പ്രവർത്തിച്ച ശേഷം ജീർണാവസ്ഥയിലേക്കു നീങ്ങിയ കട്ടപ്പന പാറക്കടവ് പബ്ലിക് ലൈബ്രറി പുനരുജ്ജീവിപ്പിക്കാൻ നടപടിയില്ല. 1970ൽ ആരംഭിച്ച ലൈബ്രറിയുടെ കെട്ടിടം നിലവിൽ ഉപയോഗരഹിത മായിരിക്കുകയാണ്. സ്വന്തമായുള്ള സ്ഥലത്ത് ഓടു മേഞ്ഞു നിർമിച്ചിട്ടുള്ള കെട്ടിടം കാടുകയറി മൂടി നാശത്തിന്റെ വക്കിലാണ്. പാലക്കുഴയിൽ എൻ.വേലായുധൻ സംഭാവന നൽകിയ സ്ഥലത്താണു കെട്ടിടം നിർമിച്ച് ലൈബ്രറി ആരംഭിച്ചത്.

സജീവമായി പ്രവർത്തിച്ചിരുന്ന കാലത്ത് ലൈബ്രറി കൗൺസിലിന്റെ ഗ്രാന്റ് ഉൾപ്പെടെ ലഭിച്ചിരുന്നെങ്കിലും കാലക്രമേണ നാശത്തിന്റെ വക്കിലേക്ക് പോയി. ആറായിരത്തിലേറെ പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിലും അവ എടുത്തുകൊണ്ടുപോയവർ തിരികെ ഏൽപിക്കാതെ വന്നത് അടക്കമുള്ള പ്രശ്നങ്ങളാണ് ഈ ലൈബ്രറിയുടെ നിലനിൽപിനു ഭീഷണിയായത്. ഇപ്പോൾ ഒരു പുസ്തകം പോലും ഇവിടെ അവശേഷിക്കുന്നില്ല.

അമരാവതി ജയകേരള ലൈബ്രറിക്കായി പണി ആരംഭിച്ച കെട്ടിടം കാടുകയറിയ നിലയിൽ.
അമരാവതി ജയകേരള ലൈബ്രറിക്കായി പണി ആരംഭിച്ച കെട്ടിടം കാടുകയറിയ നിലയിൽ.

ഏതാനും ഫർണിച്ചർ ഉണ്ടെങ്കിലും അതും സംരക്ഷിക്കാൻ നടപടിയില്ല. 2 പതിറ്റാണ്ടോളമായി കാര്യമായ പ്രവർത്തനങ്ങൾ ഇല്ലാതെ മുന്നോട്ടുപോയിരുന്ന ഇവിടെ വൈകുന്നേരങ്ങളിൽ ചിലർ ഒത്തുകൂടിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തോടെ അതും ഇല്ലാതായി. ലൈബ്രറി പുനരുജ്ജീവിപ്പിക്കാനായി എംഎൽഎ ഫണ്ടും നഗരസഭാ ഫണ്ടുമെല്ലാം വകയിരുത്തി കെട്ടിടം നിർമിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല.

അമരാവതി ജയകേരള ലൈബ്രറി

∙ കുമളി പഞ്ചായത്തിലെ ആദ്യ എ ഗ്രേഡ് ലൈബ്രറിയായ ജയകേരള ലൈബ്രറി ഇന്ന് ഓർമ മാത്രമാണ്. ലൈബ്രറിക്കു പുതിയ കെട്ടിടം പണിയുന്നതിനിടെ സമീപവാസിയുമായി സ്ഥലത്തിന്റെ അതിർത്തി സംബന്ധിച്ച് ഉടലെടുത്ത തർക്കമാണ് ഒരു നാടിന്റെ അക്ഷരവെളിച്ചം ഇല്ലാതാക്കിയത്. 1972ൽ അമരാവതിയിൽ പ്രവർത്തനം ആരംഭിച്ച ഈ ലൈബ്രറിയിൽ ഏഴായിരത്തിലധികം പുസ്തകങ്ങൾ ഉണ്ടായിരുന്നു.

ഇവയിൽ ഒന്നു പോലുമില്ലാതെ എല്ലാം നശിച്ചു. ഒന്നര പതിറ്റാണ്ടു മുൻപാണു ലൈബ്രറിക്കു ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിടം പണിയാൻ പണം അനുവദിച്ചത്. നിലവിലുള്ള സ്ഥലത്ത് കെട്ടിടം പണിയുന്നതിനായി ലൈബ്രറിയിലെ പുസ്തകങ്ങളും, കംപ്യൂട്ടർ ഉൾപ്പെടെയുള്ള സാധനങ്ങളും സമീപത്തുള്ള ഒരു കെട്ടിടത്തിലേക്ക് മാറ്റി.

വർഷങ്ങളായി അടഞ്ഞുകിടക്കുന്ന തെക്കുംഭാഗം ജവാഹർ റീഡിങ് ക്ലബ്.
വർഷങ്ങളായി അടഞ്ഞുകിടക്കുന്ന തെക്കുംഭാഗം ജവാഹർ റീഡിങ് ക്ലബ്.

കെട്ടിടം പണിക്കിടെ വിവാദം ഉണ്ടായതോടെ എല്ലാവരും ലൈബ്രറിയെ കയ്യൊഴിഞ്ഞു. സമീപത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾ ഉൾപ്പെടെ എല്ലാം നശിച്ചു. പാതിവഴിയിൽ നിർമാണം നിലച്ച കെട്ടിടത്തിന്റെ ‘അസ്ഥികൂടം’ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. 

തെക്കുംഭാഗം ജവാഹർ റീഡിങ് ക്ലബ്

∙ തൊടുപുഴ തെക്കുംഭാഗത്ത് അര നൂറ്റാണ്ടോളം പഴക്കമുള്ള ജവാഹർ റീഡിങ് ക്ലബ് അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. കല്ലാനിക്കൽ പള്ളി സൗജന്യമായി നൽകിയ സ്ഥലത്ത് ഇടവെട്ടി പഞ്ചായത്ത് ലൈബ്രറിക്ക് കെട്ടിടം പണിതു നൽകിയതാണ്. ഒരു മുറി പിഎച്ച് സബ് സെന്ററും ഒന്ന് ലൈബ്രറിയുമായാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ഏതാനും വർഷം മാത്രമാണ് ലൈബ്രറി ശരിയായി പ്രവർത്തിച്ചത്.

ചെറുതോണിയിലെ സ്വാതന്ത്ര്യ സുവർണജൂബിലി സ്മാരക ലൈബ്രറി.
ചെറുതോണിയിലെ സ്വാതന്ത്ര്യ സുവർണജൂബിലി സ്മാരക ലൈബ്രറി.

നൂറിലേറെ അംഗങ്ങളും ആയിരത്തിലേറെ പുസ്തകങ്ങളും ഉണ്ടായിരുന്ന ലൈബ്രറി ഒരു കാലത്ത് തെക്കുംഭാഗത്തിന്റെ വൈജ്ഞാനിക കേന്ദ്രമായിരുന്നു. റീഡിങ് റൂമും ലൈബ്രേറിയനും ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന ലൈബ്രറി ഇപ്പോൾ ഒരു പതിറ്റാണ്ടായി അടഞ്ഞുകിടക്കു കയാണ്. പുസ്തകങ്ങൾ മുഴുവൻ ചിതൽ കയറിയും മറ്റും നശിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതു തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി വേണമെന്നാണ് ആവശ്യം. 

ചെറുതോണി സ്വാതന്ത്ര്യ സുവർണ ജൂബിലി സ്മാരക ലൈബ്രറി

∙ ചെറുതോണി അടിമാലി ജംക്‌ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന സ്വാതന്ത്ര്യ സുവർണ ജൂബിലി സ്മാരക ലൈബ്രറി പരിമിതികൾക്കു നടുവിൽ വീർപ്പുമുട്ടുകയാണ്. എല്ലാ തിങ്കളാഴ്ചയും ഇവിടെ ഈ ഇടുങ്ങിയ ലൈബ്രറിയിലാണു ഹോമിയോ മെഡിക്കൽ സെന്റർ പ്രവർത്തിക്കുന്നത്. ഇതിനുപുറമെ മാസത്തിൽ ആദ്യത്തെ ചൊവ്വാഴ്ചയും ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം ഉണ്ട്.

ഡിസ്പൻസറിയുടെ ഉപകരണങ്ങളും ഇവിടെ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതു വായനശാലയുടെ സുഗമമായ നടത്തിപ്പിന് തടസ്സമാകുന്നുണ്ട്. സ്ഥല പരിമിതി മൂലം ഇവിടെ എത്തുന്ന വായനക്കാർക്ക് പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിനും, വായിക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ട്. എന്നാൽ ദിവസവും 5.30 മുതൽ രാത്രി 8 വരെ ലൈബ്രറിയും വായന മുറിയും സജീവമാണ്.

ജില്ലാ ആസ്ഥാനത്ത് കൂടുതൽ സൗകര്യമുള്ള മന്ദിരം നിർമിച്ച് ലൈബ്രറി അവിടേക്ക് മാറ്റുകയാണെങ്കിൽ വായനക്കാർക്ക് അതൊരു അനുഗ്രഹമാകും. വികസന പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്തിന്റെ കൈവശം ധാരാളം സ്ഥലം ഉള്ളപ്പോൾ നിഷ്പ്രയാസം ഇതു യാഥാർഥ്യമാക്കണമെന്നാണു പുസ്തകപ്രേമികൾ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com