ചൂണ്ടൽ സ്വദേശി പി.എൽ.ആന്റണിയുടെ പന്നിയാറിലെ റേഷൻ കട കാട്ടാന തകർത്തത് ഒന്നും രണ്ടും തവണയല്ല, 9 തവണയാണ്. റേഷൻ കട തകർത്ത് അരി ഭക്ഷിക്കുന്നതാണു കാട്ടാനയുടെ സ്ഥിരം പരിപാടി. അങ്ങനെ ആന്റണിയുടെ കട പൊളിച്ച് സ്ഥിരം അരി തിന്നുന്ന കൊമ്പനെ നാട്ടുകാർ അരിക്കൊമ്പൻ എന്നു പേരിട്ടു. ഇതേ അരിക്കൊമ്പനാണു പന്നിയാറിനു സമീപം തേയിലത്തോട്ടത്തിൽ ഫോറസ്റ്റ് വാച്ചർ ശക്തിവേലിനെ കൊന്നത്. 2019നു ശേഷമാണു കാട്ടാന ആക്രമണം ഈ പ്രദേശത്തു രൂക്ഷമായത്. ജനുവരിയിൽ തുടർച്ചയായി 5 തവണയാണു കാട്ടാന ഈ റേഷൻകട തകർത്തത്.
സാധാരണ കടയുടെ മേൽക്കൂര തകർത്ത് അരി തിന്നിട്ടു പോകുകയാണു പതിവ്. എന്നാൽ അവസാനം വന്നപ്പോൾ കട മുഴുവനായും തകർത്തിട്ടാണ് ആന പോയത്. അടുത്തയിടെയാണ് അവിടെ ഒരു ഇലക്ട്രിക് വേലി വയ്ക്കാൻ പോലും അധികൃതർ തയാറായത്. വേലി സ്ഥാപിച്ചപ്പോഴേക്കും കട മുഴുവൻ ആന ഇടിച്ചു നിരപ്പാക്കിക്കഴിഞ്ഞിരുന്നു. കട തകർന്നാലും ആന്റണി ഒരു ദിവസം പോലും റേഷൻ മുടക്കിയിട്ടില്ല. കാട്ടാന പതിവായി വരുന്നതിനാൽ കടയുടെ പിന്നിലുള്ള ഒരു മുറിയിലാണ് ആന്റണിയുടെ താമസം.
Also read: പ്രണയദിനത്തിൽ കെഎസ്ആർടിസിയുടെ നൂറാം വിനോദയാത്ര

ഒരു ദിവസം റേഷൻ കടയുടെ സമീപത്തെ വീട്ടിലുള്ളവർ അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ തീൻമേശയിൽ വച്ചിരുന്ന തണ്ണിമത്തൻ ജനാലയിലൂടെ ആന തുമ്പിക്കൈ കൊണ്ട് എടുത്ത കഥ ഭീതിയോടെയാണ് ആന്റണി വിവരിച്ചത്. കടയ്ക്കുള്ളിൽ പേടിച്ചാണ് ഓരോ നിമിഷവും ആന്റണി ഇരിക്കുന്നത്. കട പൂർണമായി തകർന്നതോടെ സമീപത്തെ ലയത്തിലേക്കു റേഷൻകട താൽക്കാലികമായി മാറ്റി. ഇനി കാട്ടാന മണം പിടിച്ച് അരി തിന്നാനായി ലയത്തിലേക്ക് എത്തുമോ എന്നാണ് ആന്റണിയുടെ ആശങ്ക.
കൊഴിപ്പനക്കുടിയിലെ കുട്ടികളുടെ പഠനം മുടക്കി കാട്ടാനകൾ
ഇവിടെയുള്ള വിദ്യാർഥികളുടെ പഠനം മുടങ്ങിയത് വനം വാച്ചർ ശക്തിവേൽ കഴിഞ്ഞ 25ന് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ. ശക്തിവേൽ ഇല്ലാതായതോടെ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾക്ക് പേടി.
ഭീതി പരത്തുന്ന കാട്ടാനകൾ കാരണം പന്നിയാർ കൊഴിപ്പനക്കുടിയിലെ വിദ്യാർഥികളുടെ പഠനം മുടങ്ങിയിട്ടു രണ്ടാഴ്ചയോളമായി. ആദിവാസിഗ്രാമമായ കൊഴിപ്പനക്കുടിയിൽ പതിനഞ്ചോളം കുടുംബങ്ങളാണു താമസിക്കുന്നത്. കാട്ടാനശല്യവും ശുദ്ധജലം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ദൗർലഭ്യവും മൂലം സമാനതകളില്ലാത്ത ദുരിതമാണ് ഇൗ ഗ്രാമത്തിലുള്ളവർ അനുഭവിക്കുന്നത്. ഇൗ ഗ്രാമത്തിൽ തന്നെയുള്ള വനം വകുപ്പ് വാച്ചർ ശക്തിവേൽ കഴിഞ്ഞ 25നു പന്നിയാർ എസ്റ്റേറ്റിനു സമീപം കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് ഇവിടെയുള്ള വിദ്യാർഥികളുടെ പഠനം മുടങ്ങിയത്.
എട്ടാം ക്ലാസിൽ പഠിക്കുന്ന പവിത്ര, പത്താം ക്ലാസ് വിദ്യാർഥിയായ മുരളി, ആറാം ക്ലാസിൽ പഠിക്കുന്ന ഇൗശ്വരൻ, അഞ്ചാം ക്ലാസ് വിദ്യാർഥിയായ രഞ്ജിത്ത് എന്നിവരാണ് കൊഴിപ്പനക്കുടിയിൽ നിന്നു 18 കിലോമീറ്ററോളം അകലെയുള്ള എൻആർ സിറ്റിയിലെ എയ്ഡഡ് സ്കൂളിൽ പഠിക്കുന്നത്. കൊഴിപ്പനക്കുടിയിൽ നിന്നു 2 കിലോമീറ്ററോളം അകലെ പന്നിയാറിൽ നിന്നാണ് കുട്ടികൾ വാഹനത്തിൽ കയറി സ്കൂളിലേക്ക് പോകുന്നത്. ദിവസവും രാവിലെ ശക്തിവേൽ പന്നിയാർ വരെ പോയി വഴിയിൽ കാട്ടാനകളില്ലെന്ന് ഉറപ്പിച്ച ശേഷം കുടിയിലുള്ളവരെ ഫോൺ വിളിച്ചു പറയുമ്പോൾ മാത്രമാണു കുട്ടികൾ പന്നിയാറിലേക്കു പോകുന്നത്.
കാട്ടാനകളുണ്ടെങ്കിൽ അവയെ തുരത്തിയ ശേഷം മാത്രമേ കുട്ടികളെ പറഞ്ഞുവിടാൻ ശക്തിവേൽ അനുവദിക്കൂ. വൈകുന്നേരം കുട്ടികൾ സ്കൂൾ വിട്ട് പന്നിയാറിലെത്തുമ്പോൾ 6 മണിയെങ്കിലുമാവും. ഇൗ സമയവും അവർക്ക് സംരക്ഷണമൊരുക്കാൻ ശക്തിവേൽ വഴിയിലുണ്ടാകും. 2014ൽ ശക്തിവേൽ വനം വകുപ്പിൽ വാച്ചറായി ചേർന്നതു മുതൽ അങ്ങനെയാണു പതിവ്. കുടിയിൽ നിന്നും സ്കൂളിൽ പോയി പഠിച്ചവരെല്ലാം ആ കരുതലിന്റെ ആഴം അറിഞ്ഞവരാണ്.
ശക്തിവേൽ ഇല്ലാതായതോടെ കുട്ടികളെ സ്കൂളിലയക്കാൻ രക്ഷിതാക്കൾക്കും ഭയമാണ്. വഴിയിൽ കാട്ടാനയുണ്ടോ എന്ന് അന്വേഷിച്ച് കുട്ടികളുടെ മുൻപേ പോകാൻ മറ്റാർക്കും ധൈര്യമില്ലെന്നും പ്രശ്നക്കാരായ കാട്ടാനകളെ മയക്കുവെടി വച്ച് ഇവിടെ നിന്നു കൊണ്ടു പോകാതെ ഇനി സ്കൂളിലേക്കു മക്കളെ വിടില്ലെന്നുമാണു രക്ഷിതാക്കൾ പറയുന്നത്. പഠിച്ചു വലിയ നിലയിലെത്തണമെന്ന കുടിയിലെ കുട്ടികളുടെ ആഗ്രഹങ്ങളും ഇതോടെ അടഞ്ഞ അധ്യായമായി.