മഞ്ഞനിക്കര തീർഥയാത്രയ്ക്ക് നാടെങ്ങും ഉജ്വല വരവേൽപ്

Mail This Article
തൊടുപുഴ ∙ മഞ്ഞനിക്കരയിൽ കബറടക്കിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 91–ാമത് ഓർമ പെരുന്നാളിനോടനുബന്ധിച്ചുള്ള തൊടുപുഴ മേഖല മഞ്ഞനിക്കര തീർഥയാത്രയുടെ രണ്ടാം ദിവസത്തെ പ്രയാണം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നാരംഭിച്ചു.
തൊടുപുഴ സെന്റ് മേരീസ് യാക്കോബായ പള്ളി ഇടവക വികാരി ഫാ. ചെറിയാൻ പാലക്കാട്ടുമാലിൽ, തീർഥയാത്രയുടെ പ്രസിഡന്റ് ഫാ. ജോബിൻസ് ബേബി ഇലഞ്ഞിമറ്റത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ധൂപപ്രാർഥന നടത്തി. തുടർന്ന് മേഖലയിലെ വിവിധ പള്ളികളിൽ നിന്നെത്തിയ തീർഥാടകരുടെ നേതൃത്വത്തിൽ യാത്ര പ്രയാണം ആരംഭിച്ച് ചുങ്കം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എത്തിയപ്പോൾ ഇടവക വികാരി ഫാ. തോമസ് മാളിയേക്കലിന്റെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.
ധൂപ പ്രാർഥനയ്ക്കും ലഘുഭക്ഷണത്തിനു ശേഷം അവിടെ നിന്നു യാത്ര തുടർന്നു. പെരിയാമ്പ്ര യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള ബസേലിയോസ് പൗലോസ് സെക്കന്റ് സെന്ററിൽ തീർഥയാത്ര എത്തിയപ്പോൾ ഇടവക വികാരി ഫാ. എം.ടി. കുര്യാച്ചൻ കോർ എപ്പിസ്കോപ്പയുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് വഴിത്തലയിലും യാത്രയ്ക്ക് പൗരസ്വീകരണം ലഭിച്ചു.
മാറിക സെന്റ് തോമസ് ചാപ്പലിൽ ഇടവക വികാരി ഫാ. പ്രിൻസ് മരുതനാട്ടിന്റെ നേതൃത്വത്തിൽ ധൂപ പ്രാർഥന നടത്തി. തുടർന്ന് മാറിക സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ എത്തി ധൂപ പ്രാർഥനയ്ക്കും ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ തീർഥയാത്ര എത്തി. അവിടെ നിന്നു കൂത്താട്ടുകുളം മേഖലയുമായി ചേർന്ന് തീർഥയാത്ര ചോരക്കുഴി, നീലിമംഗലം, കോട്ടയം, ചിങ്ങവനം, തിരുവല്ല, ആറന്മുള, ഓമല്ലൂർ വഴി മഞ്ഞനിക്കരയിലേക്കു പ്രയാണം ആരംഭിച്ചു. ട്രസ്റ്റിമാരായ കെ.വി. ജോയി, എ.എം രാജൻ, എം.സി. ഷിബു, തീർഥയാത്രയുടെ കൺവീനർ സാജൻ നെടിയശാല എന്നിവർ നേതൃത്വം നൽകി.