തുടർച്ചയായ രണ്ടാം ദിനവും ‘പടയപ്പ’യുടെ ആക്രമണം; റേഷൻ കടയും ഷെഡും തകർത്തു

HIGHLIGHTS
  • തുടർച്ചയായ രണ്ടാം ദിനവും ‘പടയപ്പ’യുടെ ആക്രമണം റേഷൻ കടയും ഷെഡും തകർത്തു
  • കഴിഞ്ഞ ദിവസം തകർത്ത അതേ റേഷൻ കടയ്ക്കു നേരെ വീണ്ടും ആക്രമണം
elephant-problem
1) കടലാർ ഫാക്ടറി ഡിവിഷനിൽ ചൊവ്വാ രാത്രിയിലിറങ്ങിയ പടയപ്പ 2)കാട്ടാന തകർത്ത വീടിന്റെ ഒരു ഭാഗം തകരഷീറ്റും മരക്കഷണങ്ങളും കൊണ്ട് അടച്ചു വയ്ക്കുന്ന പൂമ്പര.
SHARE

മൂന്നാർ ∙ തുടർച്ചയായ രണ്ടാം ദിനവും കാട്ടാന പടയപ്പ റേഷൻ കട ആക്രമിച്ച് അരിയും ഗോതമ്പും തിന്നു. സമീപത്തെ ഷെഡും തകർത്തു. കടലാർ വെസ്റ്റ് ഡിവിഷനിൽ ആർ. മഹാലക്ഷ്മിയുടെ റേഷൻ കടയിൽ നിന്നാണു ബുധൻ പുലർച്ചെ രണ്ടിനു പടയപ്പ രണ്ട് ചാക്ക് അരിയും ഒരു ചാക്ക് ഗോതമ്പും വലിച്ചു പുറത്തിട്ട് തിന്നത്. 

ചൊവ്വ പുലർച്ചെയും പടയപ്പ റേഷൻ കടയുടെ ജനാല തകർത്തു മൂന്ന് ചാക്ക് ഗോതമ്പും അരിയും തിന്നിരുന്നു. തകർത്ത ജനാല ശരിയാക്കി അടച്ചത് വീണ്ടും തകർത്താണ് അരിയും ഗോതമ്പും തിന്നത്.ഇതിനു ശേഷമാണ് സമീപത്തുള്ള ഫാക്ടറി ഡിവിഷനിൽ മോഹൻരാജിന്റെ പലചരക്ക് കടയോടു ചേർന്നുള്ള ഷെഡ് തകർത്തത്.  4 മാസം മുൻപ് 2 തവണ മോഹൻ രാജിന്റെ പലചരക്കു കട തകർത്തു പടയപ്പ പലചരക്ക് സാധനങ്ങൾ തിന്നിരുന്നു.

ഒന്നുറങ്ങണമെങ്കിൽ ആന കനിയണം

കാട്ടാനകളുടെ വിഹാര കേന്ദ്രമായ 80 ഏക്കർ പ്രിയദർശിനി കോളനിയിൽ കഴിഞ്ഞ 23 വർഷമായി പൂമ്പര ഒറ്റയ്ക്കാണു താമസം. സ്വന്തമായി വീടുണ്ടെങ്കിലും കാട്ടാന ആക്രമണം പേടിച്ചു വീടിന്റെ ടെറസിൽ കുടിൽ കെട്ടിയാണു കിടക്കുന്നത്.മനഃസമാധാനമായി പൂമ്പര ഉറങ്ങിയിട്ടു മാസങ്ങളായി. എല്ലാ ദിവസം രാത്രി പേടിച്ചു വിറച്ചാണ് പൂമ്പര കുടിലിനുള്ളിൽ ഇരിക്കുന്നത്. ആന വരുമ്പോൾ സമീപത്തുള്ള വീടുകളിൽ നിന്നു രാത്രി ആരെങ്കിലും ഉച്ചത്തിൽ വിളിച്ച് പറയും. പിന്നെ ഉറങ്ങാതെ നേരം പുലരും വരെ ജീവനും കയ്യിൽ പിടിച്ചിരുപ്പാണ്. 

രാത്രി ആയതിനാൽ ആന കാടിന്റെ ഏതു ഭാഗത്ത് നിന്നാണ് കയറി വരുന്നതെന്നു പോലും അറിയാൻ സാധിക്കില്ല.ആന വന്നു കൃഷി സ്ഥിരമായി നശിപ്പിച്ചിരുന്നെങ്കിലും വീടിനും പൂമ്പരക്കും അപകടം സംഭവിച്ചിരുന്നില്ല.പക്ഷേ അടുത്തിടെ ബന്ധുക്കളെ കാണാൻ പൂമ്പര മറയൂരിലേക്കു പോയ രാത്രി ഒറ്റയാനിറങ്ങി വീടിന്റെ ഒരു ഭാഗം ഇടിച്ചു പൊളിച്ചു. മറയൂരിൽ നിന്നു തിരികെ എത്തിയ പൂമ്പര കണ്ടതു മുറിയുടെ ഒരു വശം മുഴുവൻ പൊളിഞ്ഞു കിടക്കുന്നതാണ്. വീടു പണിതു ശരിയാക്കണമെങ്കിൽ പണച്ചെലവ് ഏറെയാണ്.

ഭർത്താവും മകനും മരിച്ച ശേഷം ഒറ്റയ്ക്കു താമസിക്കുന്ന പൂമ്പരക്കു സഹായത്തിനാരുമില്ല. ഒടുവിൽ കുറേ മരച്ചില്ലകൾ വെട്ടി, കൈയിലുണ്ടായിരുന്ന കാശിനു 4 തകര ഷീറ്റും വാങ്ങി പൂമ്പര തന്നെ പൊളിഞ്ഞ ഭാഗം താൽക്കാലികമായി അടച്ചു. ഇടയ്ക്ക് എപ്പോഴെങ്കിലും ശക്തമായ കാറ്റടിച്ചാൽ അതു വീണ്ടും ഇളകി വീഴും. കാട്ടാനകൾ നിറഞ്ഞ പ്രദേശത്തു ഭയന്നു വിറച്ച് എത്ര നാളിങ്ങനെ ജീവിക്കും എന്നാണു പൂമ്പരയുടെ ആശങ്ക.

വേനൽ അടുത്തു; കാട്ടാനകൾ നാട്ടിലേക്ക് 

മറയൂർ ∙ വേനൽ കടുത്തതോടെ വനത്തിനുള്ളിൽ വരൾച്ച രൂക്ഷമാകുന്നതിനു മുൻപേ കാട്ടാനകൾ നാട്ടിലെ കൃഷിയിടങ്ങളിലേക്ക് എത്തുന്നു. കഴിഞ്ഞദിവസം കുണ്ടക്കാട് വാണാ അതിർത്തിയിൽ ഒറ്റയാൻ തമ്പടിച്ചു. തുടർന്ന് ഈ പ്രദേശത്ത് മറ്റു കാട്ടാനക്കൂട്ടങ്ങളും എത്തിയിരുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിലെ ആനക്കൂട്ടമാണ് വനമേഖലയും ചന്ദന റിസർവ്വും കടന്നു കൃഷി മേഖലയിലേക്ക് ഇറങ്ങുന്നത്.

ഏറ്റവും കൂടുതലായി മറയൂർ ഭാഗത്തു കരിമുട്ടി, ബാബുനഗർ, ഇന്ദിരാ നഗർ, ഉൾപ്പെടെയുള്ള ആദിവാസി മേഖലയിലും കാന്തല്ലൂർ ഭാഗത്തു കാരയൂർ, വെട്ടുകാട്, ശിവൻപന്തി, കീഴാന്തൂർ, മാശി പ്രദേശത്തെ കൃഷിയിടത്തിലും ജനവാസ മേഖലയിലുമാണു കാട്ടാന ഇറങ്ങുന്നത്.കഴിഞ്ഞ 4 മാസത്തോളമായി ഇവിടങ്ങളിൽ കാട്ടാന കൂട്ടങ്ങൾ എത്താത്തതു കർഷകർക്ക് ആശ്വാസമായിരുന്നു. എന്നാൽ വേനൽ കടുത്ത സാഹചര്യത്തിൽ കാട്ടാനകളും അതിർത്തി കടന്നെത്തുന്ന ആശങ്ക കൂട്ടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS