മൂന്നാർ ∙ ഒൻപതു കിലോഗ്രാം തിമിംഗല ദഹനശിഷ്ടം വിൽക്കാൻ ശ്രമിക്കുന്നതിനിടെ ബാങ്ക് താൽക്കാലിക ജീവനക്കാരനടക്കം രണ്ടുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബാങ്കിലെ കലക്‌ഷൻ ഏജന്റ് സെവൻമല എസ്റ്റേറ്റിൽ ആറുമുറി ലയത്തിൽ കെ.സതീഷ് കുമാർ (42), മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ 26 മുറി ലയത്തിൽ സതീഷ് ഭവനിൽ ഡി.വേൽമുരുകൻ (59) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ മൂന്നാർ സ്വദേശികളായ ഭാഗ്യസ്വാമി, പ്രേം എന്നിവർ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് പഴയ മൂന്നാർ സിഎസ്ഐ പള്ളിക്കു സമീപമാണ് ഇവർ പിടിയിലായത്. പ്രതികൾ തിമിംഗല ദഹനശിഷ്ടം വിൽക്കാൻ ശ്രമിക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് വനം വകുപ്പ് മൂന്നാർ ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ ഇതു വാങ്ങാനെന്ന വ്യാജേന ബന്ധപ്പെട്ടു. വില പറഞ്ഞ് ഉറപ്പിച്ചശേഷം പ്രതികളെ വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
തിമിംഗല ദഹനശിഷ്ടം തമിഴ്നാട്ടിൽ നിന്നു ലഭിച്ചതാണെന്നാണു പ്രതികളുടെ മൊഴി. കോടതി റിമാൻഡ് ചെയ്തു. ഫ്ലയിങ് സ്ക്വാഡ് റേഞ്ചർ കെ.ഇ.സിബി, മൂന്നാർ റേഞ്ചർ അരുൺ മഹാരാജ്, ഡപ്യൂട്ടി റേഞ്ചർ പി.അനിൽകുമാർ, എസ്എഫ്ഒമാരായ കെ.ബാബുരാജ്, ബി.ശിവപ്രസാദ്, ബിഎഫ്ഒ ബിജോ തോമസ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.