ADVERTISEMENT

തൊടുപുഴ ∙ സ്വകാര്യ ബസിൽ ബഹളം ഉണ്ടാക്കിയതിനു പിടികൂടിയ യുവാവ് പൊലീസ് സ്‌റ്റേഷനിൽ അതിക്രമം നടത്തി സബ് ഇൻസ്‌പെക്ടർക്കും പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. സ്റ്റേഷനിലെ സിസിടിവി ക്യാമറയും പൊലീസ് വാഹനത്തിന്റെ ഗ്ലാസും യുവാവ് തകർത്തു. എരുമേലി സ്വദേശി അപ്പച്ചായി എന്നു വിളിക്കുന്ന ഷാജി തോമസിന്റെ (47) പേരിൽ കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം.

തൊടുപുഴ - പാലാ റോഡിൽ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണു യുവാവ്. ഇതേ ബസിനു തൊട്ടുമുന്നിൽ സർവീസ് നടത്തുന്ന മറ്റൊരു ബസിൽ യുവാവ് തൊടുപുഴയിൽ നിന്നു കയറി. കണ്ടക്ടർ ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഇതേത്തുടർന്നു വാക്കുതർക്കവും ഉന്തും തള്ളുമായി. ഇതോടെ ബസ് ജീവനക്കാർ കരിങ്കുന്നം പൊലീസ് സ്‌റ്റേഷനിൽ വിവരം പറഞ്ഞു. കരിങ്കുന്നം ടൗണിലെത്തിയപ്പോൾ പൊലീസുകാരെത്തി യുവാവിനെ പിടിച്ചുകൊണ്ടു പോയി. എന്നാൽ സ്റ്റേഷനുള്ളിലേക്കു കയറിയതോടെ യുവാവ്  അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സ്‌റ്റേഷനു മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ സൈഡ് ഗ്ലാസ് യുവാവ് ഇളക്കി താഴെയിട്ടു. തുടർന്ന് സിസിടിവി ക്യാമറ തകർത്തു. യുവാവിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ എസ്ഐ ബൈജു പി.ബാബുവിന്റെ കൈക്ക് പരുക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥൻ അനീഷ് ആന്റണിയുടെ പുറത്ത് യുവാവു കടിച്ചു പരുക്കേൽപിച്ചു. മറ്റു പൊലീസുകാർ എത്തിയാണ് യുവാവിനെ കീഴടക്കിയത്. സെല്ലിലടയ്ക്കാൻ ശ്രമിച്ചെങ്കിലും യുവാവ് തല ഗ്രില്ലിലും ഭിത്തിയിലും ഇടിച്ച് സ്വയം പരുക്കേൽപിക്കാൻ ശ്രമിച്ചതായും പൊലീസുകാർ പറഞ്ഞു.

യുവാവ് മദ്യപിച്ചതായി വൈദ്യ പരിശോധനയിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ മജിസ്‌ട്രേട്ടിനെ ആക്രമിക്കാൻ ശ്രമിച്ചത് ഉൾപ്പെടെ ചിറ്റാർ സ്‌റ്റേഷനിൽ നേരത്തെ എട്ടും തലയോലപ്പറമ്പ് സ്‌റ്റേഷനിൽ ഒരു കേസും ഇയാളുടെ പേരിലുണ്ട്. സ്റ്റേഷനിൽ അതിക്രമം കാട്ടിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com